ഹൈബ്രിഡ് കഞ്ചാവുമായി 43കാരിയും 26കാരനും റിസോർട്ടിൽനിന്നു പിടിയിൽ; സിനിമാ മേഖലയിലുള്ളവർക്കു വിൽക്കാനെന്നു മൊഴി

Mail This Article
ആലപ്പുഴ ∙ മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും സഹായിയും അറസ്റ്റിൽ. വിപണിയിൽ മൂന്നു കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണു പിടികൂടിയത്. എക്സൈസ് സംഘം ചൊവ്വാഴ്ച രാത്രി പത്തരയോടെ ഓമനപ്പുഴയിൽ ഒരു റിസോർട്ടിൽനിന്നാണു പ്രതികളെ കഞ്ചാവുമായി പിടികൂടിയത്. സിനിമയ്ക്കു തിരക്കഥ എഴുതുന്നവരാണെന്നു പരിചയപ്പെടുത്തിയ തസ്‌ലിമ സുൽത്താന (43), ഡ്രൈവറും സഹായിയും മണ്ണഞ്ചേരി സ്വദേശിയുമായ കെ.ഫിറോസ് (26) എന്നിവരാണ് അറസ്റ്റിലായത്. സിനിമാ, ടൂറിസം മേഖലയിലുള്ളവർക്കു വിൽക്കാൻ കൊണ്ടുവന്നതാണ് കഞ്ചാവാണെന്നാണു പ്രതികളുടെ മൊഴി.
തസ്‌ലിമ സുൽത്താന കണ്ണൂർ സ്വദേശിയാണെന്നും ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണു താമസമെന്നും ചോദ്യംചെയ്യലിൽ പറഞ്ഞു. ക്രിസ്റ്റീന എന്നും ഇവർക്കു പേരുണ്ട്. ലഹരി റാക്കറ്റുമായി ബന്ധമുള്ള തസ്‍ലിമ സുൽത്താനയുടെ പേരിൽ എറണാകുളം പൊലീസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ എംഡിഎംഎ ഉപയോഗിപ്പിച്ചതിനു പോക്സോ കേസെടുത്തിട്ടുണ്ട്. ഇംഗ്ലിഷ്, മലയാളം, തമിഴ് ഉൾപ്പെടെ എട്ടോളം ഭാഷ സംസാരിക്കുന്ന തസ്‌ലിമ ഭർത്താവും രണ്ടു മക്കളും ഒന്നിച്ച് ഇന്നലെ രാത്രി ഓമനപ്പുഴയിലെ റിസോർട്ടിൽ നേരത്തെ ബുക്ക് ചെയ്ത മുറിയിലേക്ക് എത്തിയപ്പോൾ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. മഹഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു .
ചോദ്യം ചെയ്യലിൽ ഇവർ സിനിമാ മേഖലയിൽ പ്രധാനപ്പെട്ട ചിലരുമായി ലഹരിവിൽപന ഉള്ളതായി പറഞ്ഞിട്ടുണ്ട്. ഓൺലൈൻ വഴിയാണ് ഇടപാട്. ആലപ്പുഴയിൽ ടൂറിസം രംഗത്തെ ചിലർക്കു കൈമാറാനും ഉദ്ദേശിച്ചിരുന്നു. ഓൺലൈൻ വഴി ഇടപാടും പണം കൈമാറ്റവും നടത്തിയശേഷം പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കുന്നതാണു രീതി. നേരത്തേ, പറഞ്ഞുറപ്പിക്കുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കാൻ സഹായിക്കുന്ന ചുമതലയാണ് ഫിറോസിന്റേത്. ഫിറോസ് ഇതിനു മുൻപും ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നു ചോദ്യംചെയ്യലിൽ പറഞ്ഞു. വൻ ഇടപാടുകളേ ഏൽക്കുകയുള്ളൂ. ഇയാൾക്കെതിരെ നിലവിൽ മറ്റ് കേസുകളില്ല
ഹൈബ്രിഡ് കഞ്ചാവിന്റെ നാലു പൊതികളായിരുന്നു ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. മെഡിക്കൽ ആവശ്യത്തിനായി തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലാണ് ഇതു നിർമിക്കുന്നത്. ബെംഗളൂരു വഴിയാണ് ഇവർ ഇതുകൊണ്ടുവന്നത്. സാധാരണ കഞ്ചാവ് ഒരു ഗ്രാമിന് 500-1000 രൂപയാണെങ്കിൽ ഇത് ഒരു ഗ്രാമിന്റെ വില 10,000 രൂപ വരും. പിടിച്ച തോതനുസരിച്ച് 10 വർഷം വരെ ശിക്ഷ കിട്ടുന്നതാണെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ എസ്.വിനോദ് കുമാർ പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ അശോക് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. മധു, പ്രിവന്റീവ് ഓഫിസർമാരായ സി.പി.സാബു, എം.റെനി, ബി.അഭിലാഷ്, അരുൺ അശോക്, സനൽ സിബി രാജ്, അസിസ്റ്റന്റ് ഇൻസ്പെക്സടർ കെ.ആർ.രാജീവ്, ജീന വില്യം എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.