പകരം തീരുവയിൽ നിന്നും രക്ഷപ്പെട്ട് കാനഡയും മെക്സിക്കോയും; വിശദീകരണവുമായി വൈറ്റ് ഹൗസ്

Mail This Article
വാഷിങ്ടൻ∙ വിവിധ രാജ്യങ്ങൾക്കു പ്രഖ്യാപിച്ച പകരം തീരുവയിൽ നിന്നും കാനഡയെയും മെക്സിക്കോയെയും ഒഴിവാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പുതിയ തീരുമാന പ്രകാരം, കാനഡയിൽനിന്നും മെക്സിക്കോയിൽ നിന്നുമുള്ള യുഎസ്എംസിഎ ( യുണൈറ്റഡ് സ്റ്റേറ്റസ്–മെക്സിക്കോ–കാനഡ എഗ്രിമെന്റ് ) അനുസരിച്ചുള്ള ഇറക്കുമതി, തീരുവ രഹിതമായി തുടരും. എന്നാൽ യുഎസ്എംസിഎയിൽപെടാത്ത ഇറക്കുമതികൾക്ക് 25 ശതമാനം നികുതി നേരിടേണ്ടിവരും.
ഊർജ, പൊട്ടാഷ് ഇറക്കുമതികൾക്കു 10 ശതമാനം നികുതി ചുമത്തുമെന്നും ഐഇഇപിഎ (ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട്) ഓർഡറുകൾ പിൻവലിച്ചാൽ, കരാറിന് പുറത്തുള്ള ഇറക്കുമതിക്ക് 12 ശതമാനം തീരുവ മാത്രമേ ബാധകമാകൂവെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ പറയുന്നു. ഇരുരാജ്യങ്ങളുമായി വ്യാപാര വിഷയത്തിൽ കടുത്ത അതൃപ്തി നിലനിൽക്കെയാണ് പകരം തീരുവയിൽ നിന്നും കാനഡയെയും മെക്സിക്കോയെയും ട്രംപ് ഒഴിവാക്കിയത്.
ഐഇഇപിഎ പ്രകാരം നിലവിലുള്ള കരാറുകൾ കാരണമാണു കാനഡയെയും മെക്സിക്കോയെയും പകരം തീരുവയിൽനിന്ന് ഒഴിവാക്കിയതെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. യുഎസ് കാനഡയ്ക്ക് പ്രതിവർഷം 200 ബില്യൺ ഡോളർ സബ്‌സിഡി നൽകുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.