കംബോഡിയയ്ക്ക് ‘കൈനിറയെ’, പിന്നാലെ ചൈനയും വിയറ്റ്നാമും പാക്കിസ്ഥാനും; പകരം തീരുവ നയം വ്യക്തമാക്കി ട്രംപ്

Mail This Article
വാഷിങ്ടൻ ∙ വിവിധ ലോകരാജ്യങ്ങൾക്കുള്ള പകരം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 50 ശതമാനം മുതൽ 10 ശതമാനം വരെ പകരം തീരുവയാണു 185 ലോകരാജ്യങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ചത്. പകരം തീരുവ പ്രഖ്യാപിച്ചതിലൂടെ യുഎസ് വീണ്ടും ലോകത്തിലെ മികച്ച സാമ്പത്തിക ശക്തിയായി ഉയരുമെന്ന് ട്രംപ് അറിയിച്ചു. 50 ശതമാനം പകരം തീരുവ ചുമത്തപ്പെട്ട ലെസോതോ, സെന്റ് പിയറേ ആന്റ് മിക്വിലോൺ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മുൻപിൽ. ഏഷ്യൻ രാജ്യമായ കംബോഡിയയ്ക്ക് 49 ശതമാനമാണ് പകരം തീരുവ. ലാവോസ്, മഡഗാസ്കർ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും പകരം തീരുവയിൽ ‘കൈനിറയെ’ കിട്ടിയ രാജ്യങ്ങളാണ്.
ഇന്ത്യയ്ക്ക് 26 ശതമാനം പകരം തീരുവ പ്രഖ്യാപിച്ചപ്പോൾ അയൽരാജ്യങ്ങളായ ചൈനയ്ക്ക് 34 ശതമാനവും പാക്കിസ്ഥാന് 29 ശതമാനവുമാണ് പകരം തീരുവ ട്രംപ് പ്രഖ്യാപിച്ചത്. ഭൂകമ്പത്തിന്റെ കെടുതിയിൽ വലയുന്ന മ്യാൻമാറിന് 44 ശതമാനവും ആഭ്യന്തരയുദ്ധത്തിൽ നിന്ന് കരകയറുന്ന ശ്രീലങ്കയ്ക്ക് 44 ശതമാനവും പകരം തീരുവ ട്രംപ് പ്രഖ്യാപിച്ചു. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയ്ക്ക് 41 ശതമാനവും ഇറാഖിന് 39 ശതമാനവുമാണ് പകരം തീരുവ. സുഹൃത്ത് രാഷ്ട്രമായ ഇസ്രയേലിന് 17 ശതമാനവും ജപ്പാന് 24 ശതമാനവും യുകെയ്ക്ക് 10 ശതമാനവും ആണ് പകരം തീരുവ.