ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

വാഷിങ്ടൻ ∙ അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ പകരം തീരുവ പ്രഖ്യാപിച്ച് യുഎസ്. വിമോചന ദിനമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് പകരം തീരുവ പ്രഖ്യാപിച്ചത്. വിദേശ നിർമിത ഓട്ടോമൊബൈൽ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം പകരം തീരുവയാണു പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎസ് വ്യവസായിക ശക്തിയുടെ പുനർജന്മമാകും പുതിയ തീരുവ പ്രഖ്യാപനമെന്നും യുഎസ് ഒരിക്കൽ കൂടി സമ്പന്നമാകുമെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘‘വിദേശികൾ നമ്മുടെ സ്വപ്നങ്ങൾ നശിപ്പിച്ചു. ജോലി അവസരങ്ങൾ തട്ടിയെടുത്തു. ഇനി അത് അനുവദിച്ച് കൊടുക്കില്ല. നമ്മളോട് ചെയ്യുന്നത് പോലെ തിരിച്ചുചെയ്യും. തിരിച്ചടിത്തീരുവ ആ രാജ്യങ്ങൾക്ക് മേൽ ചുമത്തും. യുഎസിനെ മഹത്തരമാക്കും. ജോലി അവസരങ്ങൾ തിരിച്ചുവരും. വിദേശ വ്യാപാര പ്രതിബന്ധങ്ങൾ മറികടക്കും. യുഎസിന്റെ സുവർണനാളുകൾ തിരിച്ചുവരും.’’ – ട്രംപ് പ്രഖ്യാപിച്ചു.

‘‘ചൈന 67 ശതമാനമാണ് യുഎസിനെതിരെ ഇറക്കുമതിതീരുവ ചുമത്തുന്നത്. എന്നാൽ 34 ശതമാനം എന്ന കുറഞ്ഞ പകരം തീരുവ മാത്രമാണ് യുഎസ് ചൈനയ്ക്കു മേൽ ചുമത്തുക. യൂറോപ്യൻ യൂണിയനുമായി വളരെ സൗഹൃദമുണ്ട്. അതുകൊണ്ട് തന്നെ 20 ശതമാനം പകരം തീരുവ മാത്രം പ്രഖ്യാപിക്കുന്നു. വിയറ്റ്നാമികളെ എനിക്ക് ഇഷ്ടമാണ്. 46 ശതമാനം പകരം തീരുവയാണു വിയറ്റ്നാമിനെതിരെ പ്രഖ്യാപിക്കുന്നത്. ജപ്പാൻകാരെ ഞാൻ കുറ്റം പറയില്ല. അവർക്കും 24 ശതമാനം പ്രഖ്യാപിക്കുന്നു. ഇന്ത്യ, അവിടത്തെ പ്രധാനമന്ത്രി കുറച്ചു നാളുകൾക്ക് മുൻപാണ് എന്നെ സന്ദർശിച്ചത്. അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാൽ 52 ശതമാനം തീരുവയാണ് യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്നത്. പക്ഷേ അവർക്ക് 26 ശതമാനം എന്ന ഡിസ്കൗണ്ട് തീരുവ പ്രഖ്യാപിക്കുന്നു.’’ – ട്രംപ് പറഞ്ഞു. യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കും കുറഞ്ഞത് 10 ശതമാനം തീരുവയും ഏർപ്പെടുത്തി. പുതിയ തീരുവകൾ ഇന്നലെ മുതൽ പ്രാബല്യത്തിലായി.

യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ദ്രോഹിക്കുകയാണ് എന്നാരോപിച്ചാണ് ട്രംപ് പകരം തീരുവയ്ക്കുള്ള നടപടികൾ തുടങ്ങിയത്. ഏപ്രിൽ രണ്ടിനകം ഇറക്കുമതി തീരുവ പിൻവലിച്ചില്ലെങ്കിൽ പകരം തീരുവ പ്രാബല്യത്തിൽ വരുമെന്നാണ് പറഞ്ഞിരുന്നത്. അമേരിക്കൻ പണം കൊണ്ട് മറ്റു രാജ്യങ്ങൾ സമ്പന്നരായെന്നും പുതിയ നടപടിയിലൂടെ രാജ്യത്ത് കൂടുതൽ വ്യവസായങ്ങൾ വരുമെന്നും ദേശീയ കടവും ടാക്സ് നിരക്കുകളും കുറയ്ക്കാൻ കഴിയുമെന്നും ട്രംപ് പറഞ്ഞു.  

ഇന്ത്യക്ക് വെല്ലുവിളി
ട്രംപിന്റെ പകരം തീരുവ ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പകരം തീരുവ സംബന്ധിച്ച പ്രഖ്യാപനങ്ങൾ നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക കൺട്രോൾ റൂം തുറന്നിരുന്നു. യുഎസ് ശരാശരി 10% നിരക്കിൽ തീരുവ ഏർപ്പെടുത്തിയാൽത്തന്നെ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ 600 കോടി ഡോളറിന്റെ (51,600 കോടി രൂപയോളം) ഇടിവാണുണ്ടാകുക എന്നാണ് കണക്കാക്കിയിരുന്നത്. ശരാശരി തീരുവ 25 ശതമാനത്തിലേക്കുയർത്തിയാൽ കനത്ത ആഘാതം ഉണ്ടാകുമെന്നും കണക്കാക്കിയിരുന്നു. വസ്ത്രങ്ങൾ, ഔഷധങ്ങൾ, ആഭരണങ്ങൾ, വാഹന അനുബന്ധ ഘടകങ്ങൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ തുടങ്ങിയവയുടെ നിർമാതാക്കൾക്കാണ് വലിയ തോതിൽ ആഘാതം അനുഭവപ്പെടുക.അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന തീരുവ ഗണ്യമായി കുറയ്ക്കാൻ കേന്ദ്രസർക്കാർ നടപടികൾ തുടങ്ങിയിട്ടുണ്ട്.

യുഎസിന് അന്യായ തീരുവ ചുമത്തുന്ന ഇന്ത്യ അടക്കം രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. ഇന്ത്യയിൽനിന്നുള്ള അലുമിനിയം, സ്റ്റീൽ, ഓട്ടമൊബീൽ ഇറക്കുമതിക്ക് ഇതിനകം യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്. തിരിച്ചടിത്തീരുവ പ്രാബല്യത്തിലാകുന്നതോടെ യുഎസിൽ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്കു വില കൂടുന്നതു കയറ്റുമതിയെ പ്രതികൂലമായി ബാധിക്കും. സമുദ്രോൽപന്ന–വസ്ത്ര കയറ്റുമതി രംഗങ്ങളിൽ ഇത് എത്രമാത്രം ബാധിക്കുമെന്ന് കേരളവും ആശങ്കയിലാണ്.

English Summary:

Donald Trump Tariff Announcement Live Updates: Trump announces 26% 'discounted' reciprocal tariffs on India

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com