ADVERTISEMENT

കൊല്ലം∙ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഗവ. പ്ലീഡർ പി.ജി.മനു (54) കൊല്ലത്തെത്തിയത്  ഡോ. വന്ദന ദാസ് കൊലക്കേസിൽ പ്രതിഭാഗത്തിനായി ഹാജരാകുന്നതിന്. ഞായറാഴ്ച ഉച്ചയോടെയാണ് മനുവിനെ ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12നു വാടക വീട്ടിലെത്തിയ ജൂനിയർ അഭിഭാഷകനാണു മൃതദേഹം കണ്ടത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം ഇന്നു മൂവാറ്റുപുഴയ്ക്കു സമീപം മാമലശേരിയിലെ വസതിയിൽ എത്തിക്കും.

ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിഭാഗം അഭിഭാഷകൻ ബി.എ.ആളൂരിന് ഒപ്പമാണു മനു പ്രവർത്തിച്ചിരുന്നത്. കൊല്ലം ജില്ലാ കോടതിക്കു സമീപം ആനന്ദവല്ലീശ്വരത്തു കേസിന്റെ ആവശ്യങ്ങൾക്കായാണ് വീടു വാടകയ്‌ക്കെടുത്തത്. കഴിഞ്ഞ ദിവസം രാത്രി എറണാകുളത്തെ വീട്ടിൽ പോയി വസ്ത്രങ്ങളും മറ്റും കൊണ്ടുവരാനായി ജൂനിയർ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ 8നു വിളിച്ചു പുറപ്പെട്ടോ എന്നു തിരക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12ന് കൊല്ലത്തെത്തിയ ജൂനിയർ അഭിഭാഷകൻ സുഹൃത്തിനൊപ്പം വീട്ടിലെത്തിയപ്പോഴാണു മനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു.

നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു മനു. മറ്റൊരു യുവതിയെ മനു പീഡിപ്പിച്ചുവെന്നു കഴിഞ്ഞ ദിവസം ആരോപണം ഉയർന്നതിനു പിന്നാലെ കുടുംബത്തോടൊപ്പം ഈ യുവതിയുടെ വീട്ടിലെത്തി മാപ്പു പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതിന്റെ മാനസിക സംഘർഷമാണോ ആത്മഹത്യയ്ക്കു പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

2018ലെ പീഡന കേസിന്റെ നിയമവശം ചർച്ച ചെയ്യാനായി സമീപിച്ച അതിജീവിതയെ 2024 ഒക്ടോബർ 9നു പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പി.ജി.മനു ജാമ്യത്തിലായിരുന്നു. ഹൈക്കോടതിയിൽ ഗവ. പ്ലീഡറായിരുന്ന കാലത്തു മനുവിന്റെ കടവന്ത്രയിലെ ഓഫിസിൽ അച്ഛനും അമ്മയ്ക്കുമൊപ്പം എത്തിയ തന്നെ മാതാപിതാക്കളോടു പുറത്തുപോകാൻ പറഞ്ഞ ശേഷം പീഡിപ്പിച്ചുവെന്നും തുടർന്നും കേസുമായി ബന്ധപ്പെട്ടു വിളിച്ചുവരുത്തി പീഡനശ്രമം തുടർന്നെന്നും വീട്ടിലെത്തി പീഡിപ്പിച്ചെന്നും അതിജീവിതയുടെ പരാതിയിലുണ്ടായിരുന്നു.

സംഭവത്തിൽ സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയതോടെ സീനിയർ ഗവ. പ്ലീഡർ ജോലി രാജിവച്ചു മനു പൊലീസിൽ കീഴടങ്ങി. കഴിഞ്ഞ മാർച്ചിലാണു മനുവിനു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തുടർന്നു വീണ്ടും അഭിഭാഷക ജോലിയിൽ സജീവമാകുന്നതിനിടെയാണു മറ്റൊരു പീഡന ആരോപണവും മാപ്പു പറയുന്ന വിഡിയോയും പ്രചരിച്ചത്.

ജില്ലാ ഗവ. പ്ലീഡർ, എൻഐഎ സ്പെഷൽ പ്രോസിക്യൂട്ടർ, ഹൈക്കോടതി ഗവ. പ്ലീഡർ എന്നീ നിലകളിലും മനു പ്രവർത്തിച്ചിട്ടുണ്ട്. കൈവെട്ട് കേസ്, വാഗമൺ സിമി ആയുധ പരിശീലന കേസ് എന്നിവയുടെ സ്പെഷൽ പ്രോസിക്യൂട്ടറും സന്തോഷ് മാധവൻ കേസ്, ശബരിമല തന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത കേസ്, വെള്ളമുണ്ട നക്സൽ കേസ് തുടങ്ങിയവയുടെ പ്രോസിക്യൂട്ടറും ആയിരുന്നു മനു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

Suicide: Government pleader P.G. Manu committed suicide. He reached Kollam for representing the accused in the Vandana Das murder case. His death follows recent assault allegations and a viral apology video.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com