പീലാത്തോസ് കൈകഴുകി, ഇനി ജനം കൈ കഴുകണം

Mail This Article
ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം കോവിഡിനെ പേടിച്ച് ജനം വീണ്ടും വീടിനുള്ളിൽ അടച്ചിരിക്കാൻ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്തൊരു വിധിവൈപരീത്യം. ഇന്നേക്ക് കൃത്യം ഒരു വർഷം മുമ്പ്, അതായത് 2020 ഏപ്രിൽ 20 ന് പത്രത്തിന്റെ പ്രധാന തലക്കെട്ട് ഇതായിരുന്നു. ‘പുതിയ പ്രഭാതം’ ലോക്ഡൗണിൽനിന്ന് ജനത്തിന് താൽക്കാലിക മോചനം. അന്നത്തെ പത്രത്തിൽ കോവിഡുമായി ബന്ധപ്പെട്ട മറ്റൊരു തലക്കെട്ട് കൂടി ഉണ്ടായിരുന്നു. ‘സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി കോവിഡ്’. ആ സ്ഥാനത്ത് ഇന്നത്തെ തലക്കെട്ട് ‘കേരളത്തിൽ 13,644 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.’ മൊത്തം കോവിഡ് രോഗികൾ 1,03,004. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17%. അന്ന് പ്രതിദിനം ഒരു കോടിയിൽ ഒരാൾക്കു മാത്രം രോഗം:
കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ച് ജീവിച്ച ജനത്തിന് ഇതു തന്നെ കിട്ടണം.. സർക്കാർ പറഞ്ഞതെല്ലാം ജനം അക്ഷരംപ്രതി അനുസരിച്ചു. വീട്ടിൽ ഇരിക്കാൻ പറഞ്ഞു, വീട്ടിലിരുന്നു. മാസ്ക് ധരിക്കാൻ പറഞ്ഞു, മാസ്ക് ധരിച്ചു. സോപ്പിട്ട് കൈ കഴുകാൻ പറഞ്ഞു, കൈ കഴുകി. കഴുകിക്കഴുകി കൈപ്പത്തിയിലെ തൊലി പോയതു മിച്ചം, ആരാണു കുറ്റക്കാർ ?
പ്രോട്ടോകോൾ കൃത്യമായി പാലിച്ചു രോഗത്തെ ഓടിച്ചതിന് സംസ്ഥാനസർക്കാരിന് രാജ്യാന്തര ബഹുമതികൾ ലഭിച്ചപ്പോൾ പ്രജകൾ ആനന്ദനൃത്തമാടി. വേലയും കൂലിയും ഇല്ലാതിരുന്നിട്ടും ആരും ആരെയും പഴിച്ചില്ല. ആരും പുറത്തിറങ്ങിയില്ല. സർക്കാർ കൊടുത്ത റേഷനരിയും കിറ്റും കൊണ്ട് അർധ പട്ടിണിയും മുക്കാൽ ആനന്ദവുമായി സാധാരണക്കാരൻ കഴിഞ്ഞുകൂടി. ഒടുവിൽ കൊറോണ കൈപ്പിടിയിൽ ആയി എന്ന് സർക്കാർ പറഞ്ഞപ്പോൾ ആശ്വാസ നിശ്വാസം ഉതിർത്ത് ജീവിതമാർഗം തേടി ജനം പുറത്തിറങ്ങി.

വാക്സീൻ കൂടി വന്നതോടെ മുതിർന്ന പൗരന്മാരും ഇറങ്ങി. അങ്ങനെ ജനം കോവിഡിനെ മെരുക്കി സാധാരണ ജീവിതം തുടങ്ങിയപ്പോൾ അതാ വരുന്നു തിരഞ്ഞെടുപ്പുകൾ ഒന്നിനുപിറകെ ഒന്നായി. കോവിഡ് പ്രോട്ടോക്കോളിനെക്കുറിച്ച് നൂറുവട്ടം ആണയിട്ട സർക്കാരും നേതാക്കളും പ്രോട്ടോക്കോൾ മറന്നു തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ചാടിയിറങ്ങി. ഒരുമാസം പ്രചാരണം കൊടുമ്പിരികൊണ്ടു. ആയിരം കോടി പൊടിച്ചുള്ള മാമാങ്കത്തിൽ എല്ലാവരും അഭിരമിച്ചു.
വീട്ടിലിരുന്നു പാത്രം കൂട്ടി മുട്ടിച്ചു കൊറോണയെ ഓടിക്കാൻ പറഞ്ഞ പ്രധാനമന്ത്രി അകലം പാലിക്കാതെ തടിച്ചു കൂടിയ പതിനായിരങ്ങളെ അഭിസംബോധന ചെയ്തു. കോവിഡ് പ്രോട്ടോക്കോളിനെക്കുറിച്ച് മാത്രം ഒരക്ഷരം മിണ്ടിയില്ല. പ്രോട്ടോക്കോളിനെക്കുറിച്ച് പ്രതിദിനം ആളോഹരി ഒരു മണിക്കൂർ വീതം ഉദ്ബോധിപ്പിച്ച മുഖ്യമന്ത്രി ജനമധ്യത്തിൽ റോഡ് ഷോ നടത്തി. മന്ത്രിമാരും തങ്ങളെക്കൊണ്ട് ആകും പോലെ തോരണം കണക്കെ പ്രോട്ടോക്കോൾ കാറ്റിൽ പറത്തി വോട്ടു പിടിച്ചു. പ്രോട്ടോക്കോൾ നോക്കിയിരുന്നാൽ വോട്ടർമാർ അവരുടെ പാട്ടിനു പോകുമെന്നു തിരിച്ചറിഞ്ഞ പ്രതിപക്ഷവും അരയും തലയും മുറുക്കി ഇറങ്ങി.
എല്ലാം കഴിഞ്ഞ് വോട്ടൊക്കെ വോട്ടിങ് യന്ത്രത്തിൽ കയറിക്കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് കോവിഡ്, പ്രതിപക്ഷ നേതാക്കൾക്ക് കോവിഡ്, നാടാകെ കോവിഡ്.

അധികാര കേന്ദ്രങ്ങൾ ഉണർന്നു. പ്രോട്ടോക്കോൾ സടകുടഞ്ഞെഴുന്നേറ്റു. പൊലീസ് ജനത്തെ വീടിനുള്ളിലേക്ക് വീണ്ടും ആട്ടിപ്പായിച്ചു. തിയറ്ററും ഷോപ്പിങ് മാളും സ്കൂളും കോളജുമെല്ലാം താഴിട്ടു പൂട്ടി. കർഫ്യൂ, കണ്ടെയ്ൻമെന്റ് സോൺ അങ്ങനെ പഴയ വിരട്ടൊക്കെ പുറത്തെടുത്തു. ജനത്തെ ലാത്തിവീശി വഴി നീളെ ഓടിക്കുന്നു, വീണ്ടുവിചാരം ഉണ്ടായതുപോലെ കൈകഴുകലിന്റെയും അകലം പാലിക്കലിന്റെയും ആവശ്യകതയെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നു..
എല്ലാ പാപത്തിൽനിന്നും പീലാത്തോസിനെപ്പോലെ അധികാരികൾ കൈ കഴുകി. പാവം ജനം വീണ്ടും വീട്ടിലിരുന്നു കഴുതയെപ്പോലെ കൈകഴുകാൻ തുടങ്ങി.
English Summary : Thalakuri Column - COVID-19 - Kerala witnessing severe, intense second wave