ദിവസവും ചോറ് കഴിച്ചു മടുത്തോ? ഈ വെറൈറ്റി പരീക്ഷിക്കാം!

Mail This Article
ദിവസവും ചോറ് കഴിച്ചു മടുത്തോ? എന്നാൽ അങ്ങനെയുള്ളവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് റൈസ് ഓംലെറ്റ്. പോഷകങ്ങൾ കൊണ്ട് സമ്പുഷ്ടമാണെന്നത് മാത്രമല്ല, രുചികരവുമാണ് മുട്ട കൊണ്ട് തയാറാക്കുന്ന ഈ വിഭവം. പ്രോട്ടീൻ നിറഞ്ഞിരിക്കുന്നുവെന്നു മാത്രമല്ല, ഗ്ളൂട്ടൻ ഫ്രീയുമാണ്. സ്വാദേറിയതു കൊണ്ടുതന്നെ മുട്ട കഴിക്കുന്നവർക്കു ഇതേറെ ഇഷ്ടപ്പെടും. എങ്ങനെയാണ് റൈസ് ഓംലെറ്റ് തയാറാക്കുന്നതെന്നു നോക്കാം.
വേവിച്ച അരി ഒരു കപ്പ്, രണ്ടു മുട്ട എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. കൂടെ ഒരു ടേബിൾ സ്പൂൺ മല്ലിയില അരിഞ്ഞത്, രണ്ടു ടേബിൾ സ്പൂൺ സ്പ്രിങ് ഒനിയൻ, അര ടീസ്പൂൺ ഉണക്ക മുളക് ചതച്ചത്, ഉപ്പ് ആവശ്യത്തിന്, ഒരു ടേബിൾ സ്പൂൺ കറുത്ത എള്ള്. ഒരു വലിയ ബൗളിലേക്കു മുട്ടയും ചോറും എള്ള് ഒഴിച്ചുള്ള മറ്റു ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു നോൺസ്റ്റിക് പാൻ വെച്ച്, ചൂടായി വരുമ്പോൾ മുട്ടയുടെ മിശ്രിതം പാനിലേക്കു ഒഴിക്കാം. മുകളിൽ എള്ള് വിതറി കൊടുക്കാൻ മറക്കരുത്. ഒരു ഭാഗം ഗോൾഡൻ നിറമാകുമ്പോൾ മറിച്ചിട്ടു കൊടുക്കാവുന്നതാണ്. രണ്ടുഭാഗവും പാകമായി കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റാം. ചൂടോടെ കഴിക്കാവുന്നതാണ്.
അമേരിക്കൻ ജേർണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ നടത്തിയ ഒരു പഠന പ്രകാരം ദഹനത്തിന് സഹായിക്കുന്ന നാരുകൾ അരി പോലുള്ള ധാന്യകങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനു ഗുണകരമാണ്. മുട്ടയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. മനുഷ്യശരീരത്തിന് അവശ്യം വേണ്ട അമിനോ ആസിഡുകൾ, പ്രോട്ടീൻ എന്നിവയെല്ലാം മുട്ടയിലുണ്ട്. കറുത്ത എള്ളിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ്, കോപ്പർ, മാംഗനീസ് എന്നിവ മെറ്റബോളിസം ക്രമീകരിക്കാൻ സഹായിക്കുന്നു. കൂടാതെ കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിനും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ഇതേറെ ഗുണകരമാണ്.