ആ സിനിമ എനിക്ക് ചെയ്യാൻ വയ്യെന്ന് പറഞ്ഞതാണ്: ഓഡിഷനു പോലും എന്നെ വിളിക്കാത്തത് എന്താണെന്ന് തോന്നിയിട്ടുണ്ട്: കനി
Mail This Article
വാർപ്പുമാതൃകകൾക്ക് പുറത്തുള്ള അഭിനേത്രിയാണ് കനി കുസൃതി. പുരസ്കാരനേട്ടങ്ങളേക്കാൾ കനിയെ വാർത്താതാരമാക്കിയത് നിലപാടുകളും തുറന്നു പറച്ചിലുകളുമാണ്. ചെറുപ്പം മുതൽ സാധാരണ കുട്ടിയാകാൻ മാത്രം ആഗ്രഹിച്ച കനി കുസൃതി വളർന്നപ്പോൾ അതേ സാധാരണത്വം, തൊഴിലായി തിരഞ്ഞെടുത്ത അഭിനയത്തിലും തുടർന്നു. മലയാളികൾ കണ്ടു പരിചയിച്ച ചലച്ചിത്രതാരങ്ങളുടെ വർത്തമാനങ്ങളും തിരഞ്ഞെടുപ്പുകളുമായിരുന്നില്ല കനിയുടേത്. അഭിനേത്രി എന്ന നിലയിൽ ലഭിച്ച പരിമിതമായ അവസരങ്ങളിൽനിന്ന് സംസ്ഥാന പുരസ്കാരം മുതൽ ചലച്ചിത്രപ്രവർത്തകരുടെ സ്വപ്നവേദിയായ കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റ് വരെ എത്തി നിൽക്കുകയാണ് കനി. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ കാൻ ചലച്ചിത്രമേളയിലെ ഗ്രാൻ പ്രി പുരസ്കാരം നേടിയപ്പോൾ, ആ അഭിമാനനേട്ടത്തിന്റെ മലയാളി മുഖങ്ങളിലൊന്നായി കനി കുസൃതിയും സുഹൃത്തും സഹപ്രവർത്തകയുമായ ദിവ്യപ്രഭയും. ‘ബിരിയാണി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ച കനി ആ പുരസ്കാരം സമർപ്പിച്ചത് മലയാളത്തിന്റെ ആദ്യ നായിക പി.കെ. റോസിക്കായിരുന്നു. കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപ്പറ്റ് എന്ന അഭിമാനവേദിയിലും സ്റ്റൈലായി നിലപാടു പ്രഖ്യാപിച്ച് കനി കയ്യടി നേടി. പുരസ്കാരനേട്ടത്തിന്റെ സന്തോഷവും കാൻ ചലച്ചിത്രമേളയിലെ അനുഭവങ്ങളും പങ്കുവച്ച് കനി കുസൃതി മനോരമ ഓൺലൈൻ പ്രീമിയത്തിൽ.