അന്ന് തകർന്ന വഞ്ചിയിൽ കിടന്ന് ചിന്തിച്ച യാത്ര; സമുദ്രസാഹസികതയുടെ ‘അഭിലാഷ് മോഡൽ’
Mail This Article
10 മീറ്ററിൽ താഴെ മാത്രം നീളമുള്ള വഞ്ചി. കടൽത്തിരയ്ക്കൊപ്പം നിരന്തരം ഒഴുകുന്ന വഞ്ചിയിൽ ഒരു നിമിഷാർധം പോലും, കരയിൽനിൽക്കും പോലെ ഉറപ്പിച്ചു കാലുകുത്താനാവില്ല. ഇളകിമറിയുന്ന കടലും അതിൽ ഇളകിയാടുന്ന വഞ്ചിയും. കഴിഞ്ഞ 228 ദിവസങ്ങളായി കമാൻഡർ അഭിലാഷ് ടോമി എന്ന മലയാളി നാവികൻ കാലു കുത്തിനിൽക്കുന്നത് ഇവിടെയാണ്. പകലും രാത്രിയും അഭിലാഷിന്റെ ബോധമണ്ഡലങ്ങളിലൂടെ, കരകാണാക്കടലിൽ ഉദിച്ചും അസ്തമിച്ചും കടന്നു പോകാൻ തുടങ്ങിയിട്ടും ഇത്രയും ദിവസങ്ങളായി. ചുറ്റിനും കടൽനീലയല്ലാതെ ഒരു കര കണ്ടത് ഇതിനിടെ രണ്ടോ മൂന്നോ തവണ. മനുഷ്യരെ കുറച്ചകലെയെങ്കിലും കണ്ടതും അത്ര തന്നെ! ലോകത്തിലെ ഏറ്റവും സാഹസികത നിറഞ്ഞ കായികവിനോദങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടു കഴിഞ്ഞ ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുക്കുന്ന മുൻ ഇന്ത്യൻ നാവികസേനാ കമാൻഡർ അഭിലാഷ് ടോമിയുടെ അവസ്ഥയാണിത്. ഏകാന്തതയുടെ പാരമ്യത്തിൽ, ഒരാളുടെയും സഹായമില്ലാതെ ഒരിക്കൽപ്പോലും വഞ്ചി കരയ്ക്കടുപ്പിക്കാതെ അഭിലാഷും അദ്ദേഹത്തിന്റെ വഞ്ചിയായ ബയാനതും മത്സരം തുടങ്ങിയ ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോനിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.