ആസ്റ്റർ ഇന്ത്യയിൽ 1000 കോടി രൂപ മുതൽ മുടക്കും
Mail This Article
ദുബായ്∙ ഗൾഫ്, ഇന്ത്യ ബിസിനസ് വിഭജനം പൂർത്തിയായതിനു പിന്നാലെ ഇന്ത്യയിലെ ആരോഗ്യമേഖലയിൽ 1000 കോടി രൂപയുടെ മുതൽമുടക്കിന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ തയാറെടുക്കുന്നു. 3 വർഷത്തിനകം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രികളിൽ പുതിയതായി 1700 കിടക്കകൾ കൂടി ഏർപ്പെടുത്തും. രാജ്യത്തെ ആരോഗ്യ സേവന ദാതാക്കളിൽ ആദ്യ മൂന്നിൽ എത്തുക എന്നതാണ് ലക്ഷ്യം. ആസ്റ്റർ ഗ്രൂപ്പിന്റെ ഓഹരി ഉടമകളുടെ നിക്ഷേപം ഇന്ത്യൻ കമ്പനിയിലായിരിക്കും. കമ്പനി വിഭജന നടപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ തന്നെ ഓഹരി കരുത്ത് നേടിയിരുന്നു.
ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങളോടെയാണ് ജിസിസി, ഇന്ത്യ ബിസിനസുകൾ വിഭജിച്ചതെന്ന് ഡോ. ആസാദ് മൂപ്പൻ ‘മനോരമ’യോടു പറഞ്ഞു. 2027 ആകുമ്പോഴേക്കും ആസ്റ്ററിന്റെ ഇന്ത്യയിലെ ആശുപത്രികളിൽ 6600 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ലഭ്യമാകും. ലാബുകളുടെയും ഫാർമസികളുടെയും എണ്ണവും വർധിപ്പിക്കും. തിരുവനന്തപുരത്ത് ആസ്റ്റർ ക്യാപ്പിറ്റലും കാസർകോട്ട് ആസ്റ്റർ മിംസും ആണ് ഉടൻ പൂർത്തിയാകുന്ന പദ്ധതികൾ. മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും പുതിയ ആശുപത്രികൾ തുടങ്ങാനും പദ്ധതിയുണ്ട്.
ഇന്ത്യ വിഭാഗത്തിന്റെ നിയന്ത്രണം ഡോ. ആസാദ് മൂപ്പനും കുടുംബത്തിനും തന്നെയാണ്. 41.88% ഓഹരികൾ ഡോ. മൂപ്പൻ കുടുംബം കൈവശം വയ്ക്കും. ഡോ. ആസാദ് മൂപ്പൻ സ്ഥാപക ചെയർമാൻ സ്ഥാനവും മകൾ അലീഷ മൂപ്പൻ മാനേജിങ് ഡയറക്ടർ സ്ഥാനവും വഹിക്കും. ഡോ. നിതീഷ് ഷെട്ടി ആയിരിക്കും ഇന്ത്യൻ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ. ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കും ഓഹരി നിക്ഷേപകർക്ക് കൂടുതൽ ലാഭം ഉറപ്പാക്കുന്ന നടപടികൾക്കും അദ്ദേഹം നേതൃത്വം നൽകും.