ഓഹരി വിപണിയ്ക്ക് ഇന്നും ക്ഷീണം, ആശങ്കകൾ പിന്നെയും പിടി മുറുക്കുന്നു
Mail This Article
നേരിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വിൽപ്പന സമ്മർദ്ദത്തിൽ വീണ് വീണ്ടും ഒരു ശതമാനത്തിലേറെ നഷ്ടം കുറിച്ചു. ഇന്ന് 24225 പോയിന്റ് വരെ മാത്രം മുന്നേറിയ നിഫ്റ്റി ഒരുവേള 23839 പോയിന്റിലേയ്ക്ക് വീണിരുന്നു. സെൻസെക്സ് 820 പോയിന്റുകൾ നഷ്ടമാക്കി 78675 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
ബാങ്കിങ് സെക്ടറിലെ വീഴ്‌ച്ചക്കൊപ്പം യൂറോപ്യൻ വിപണികളുടെ നഷ്ടത്തുടക്കവും, മഹാരഷ്ട്ര തിരഞ്ഞെടുപ്പ് ആശങ്കകളും ഇന്ത്യൻ വിപണിക്ക് ക്ഷീണമായി. ബാങ്കിങ്, ഫൈനാൻഷ്യസൽ സെക്ടറുകൾക്കൊപ്പം ഓട്ടോ, മെറ്റൽ, എനർജി, എഫ്എംസിജി അടക്കമുള്ള സെക്ടറുകൾ ഇന്ന് ഒരു ശതമാനത്തിൽ കൂടുതൽ നഷ്ടം കുറിച്ചു.
മുംബൈയിലുള്ള എച്ച്ഡിഎഫ്സി ഹൗസും, എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ ഓഫിസർമാർ മുൻപ് ഉപയോഗിച്ചിരുന്നതും അടക്കമുള്ള ആസ്തികൾ വിറ്റ് 3000 കോടി രൂപ സമാഹരിക്കുന്നു എന്ന വാർത്ത എച്ച്ഡിഎഫ്സി ബാങ്കിന് തിരുത്തൽ നൽകി. എച്ച്ഡിഎഫ്സി ബാങ്കിനൊപ്പം, റിസൾട്ട് പിന്തുണയിൽ മുന്നേറിയ എസ്ബിഐയും വീണത് ബാങ്കിങ് സൂചകൾക്കൊപ്പം പ്രധാന സൂചികകളുടെ വീഴ്ചക്കും വഴി വെച്ചു.
മൂന്ന് ശതമാനം വരെ വീണ എച്ച്ഡിഎഫ്സി ബാങ്ക് 1718 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രണ്ടര ശതമാനം നഷ്ടം കുറിച്ച എസ്ബിഐ 826 രൂപയിലേക്കും വീണു.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്
നവംബർ 20ന് നടക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം നവംബർ 23ന് ശനിയാഴ്ച വരാനിരിക്കുന്നത് ഇന്ത്യൻ വിപണിക്കും നിർണായകമാണ്. തിരഞ്ഞെടുപ്പ് ഫലം ഭരണകക്ഷിക്ക് അനുകൂലമായേക്കില്ല എന്ന ഭയവും അടുത്ത ആഴ്ചയിൽ ഇന്ത്യൻ വിപണിയെ ഗ്രസിച്ചേക്കാം.
പണപ്പെരുപ്പം ഇന്ന്
ഇന്ന് വിപണി അവസാനിച്ച ശേഷം വരാനിരിക്കുന്ന ഒക്ടോബറിലെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും, വ്യവസായികോല്പാദനകണക്കുകളും ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. ഇന്ത്യൻ സിപിഐ ഒക്ടോബറിൽ 5.80% വാർഷിക വളർച്ച കുറിച്ചിട്ടുണ്ടാകാമെന്നാണ് വിപണിയുടെ നിഗമനം.
ഇന്ത്യയുടെ വ്യവസായികോല്പാദന വളർച്ചയെ സൂചിപ്പിക്കുന്ന ഐഐപി ഡേറ്റ ഇന്ന് വരുന്നു. ഇന്ത്യയുടെ വ്യവസായികോല്പാദനം സെപ്റ്റംബറിൽ 2.5% വളർച്ചയും കുറിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം.
അമേരിക്കൻ പണപ്പെരുപ്പം ഇന്ന്
ഒക്ടോബറിൽ ജർമനിയുടെ റീറ്റെയ്ൽ പണപ്പെരുപ്പം വിപണി അനുമാനിച്ചത് പോലെ 2% മാത്രം വാർഷിക വളർച്ച കുറിച്ചു. ജർമനി അടക്കമുള്ള യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
നാളെ അമേരിക്കയുടെ സിപിഐ ഡേറ്റ പുറത്ത് വരാനിരിക്കെ അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്നലെ അമേരിക്കൻ വിപണി വീണ്ടും പുതിയ റെക്കോർഡ് നിരക്കുകൾ കുറിച്ചിരുന്നു.
ക്രൂഡ് ഓയിൽ
ബ്രെന്റ് ക്രൂഡ് ഓയിൽ വീഴ്ചക്ക് ശേഷം 72 ഡോളറിലേക്ക് തിരിച്ചു കയറി. ഒപെക് റിപ്പോർട്ടിനൊപ്പം അമേരിക്കയുടെ ക്രൂഡ് ഓയിൽ ശേഖരത്തിലെ കണക്കുകളും ക്രൂഡ് ഓയിലിന് പ്രധാനമാണ്.
സ്വർണം
രാജ്യാന്തര വിപണിയിൽ സ്വർണ അവധി ആഴ്ചകൾക്ക് ശേഷം വീണ്ടും 2600 ഡോളറിൽ താഴെയെത്തി. അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ ഡോളറിനെയും ബോണ്ട് യീൽഡിനെയും സഹായിച്ചേക്കാവുന്നതും സ്വർണത്തിന് ക്ഷീണമാണ്.
ക്രിപ്റ്റോ
ട്രംപിന്റെ വരവോടെ ക്രിപ്റ്റോ കറന്സികളിലേക്കു പണമൊഴുകുന്നതും ഓഹരിക്ക് വിപണിക്ക് ക്ഷീണമാണ്. ബിറ്റ് കോയിൻ 90000 ഡോളറിനടുത്താണ് വ്യാപാരം തുടരുന്നത്.
നാളത്തെ റിസൾട്ടുകൾ
ആർസിഎഫ്, എൻബിസിസി, ജിഎൻഎഫ്സി, ഐഎഫ്സിഐ, ഗാർഡൻ റീച് ഷിപ്ബിൽഡേഴ്‌സ്, ഐഷർ മോട്ടോഴ്‌സ്, ദീപക് നൈട്രേറ്റ്, കല്യാൺ ജ്വല്ലറി, സ്കൈ ഗോൾഡ്, വോഡഫോൺ ഐഡിയ, ഹാപ്പിയെസ്റ്റ് മൈൻഡ്‌സ്, അപ്പോളോ ടയർ, ബോറോസിൽ ലിമിറ്റഡ്, പട്ടേൽ എൻജിനിയറിങ് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ബ്ലാക്ക്ബക്ക് ഐപിഓ നാളെ മുതൽ
ട്രക്ക് ഓപ്പറേറ്റേഴ്സിനായി 2015ൽ സ്ഥാപിച്ച സിങ്ക ലോജിസ്റ്റിക്സ് സൊല്യൂഷന്റെ ഐപിഓ നാളെ ആരംഭിക്കുന്നു. ബ്ലാക്ക്ബക്ക് ആപ്പിന്റെ ഐപിഓ വില 269-273 രൂപ നിരക്കിലാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക