പന്ത് കാണുന്നില്ലെന്ന് താരങ്ങൾക്ക് പരാതി; ബാറ്റ്സ്മാൻമാരുടെ ‘പിടികിട്ടാപ്പുള്ളി’!

Mail This Article
കൊളംബോ ∙ ബാറ്റ്സ്മാൻമാർക്ക് ആശ്വസിക്കാം; അവരുടെ കാൽപാദം ലക്ഷ്യമാക്കിയെത്തുന്ന ലസിത് മലിംഗയുടെ യോർക്കറുകൾ ഇനിയില്ല! ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കുകയാണെന്നു ശ്രീലങ്കൻ പേസ് ബോളർ ലസിത് മലിംഗ പ്രഖ്യാപിച്ചു. 17 വർഷത്തെ കളിക്കാലത്തിനാണ് മുപ്പത്തിയെട്ടുകാരനായ മലിംഗ വിരാമമിടുന്നത്. 2011ൽ ടെസ്റ്റ് ക്രിക്കറ്റിൽനിന്നും 2015ൽ ഏകദിന ക്രിക്കറ്റിൽനിന്നും വിരമിച്ച മലിംഗ ട്വന്റി20 ക്രിക്കറ്റിൽ തുടർന്നു കളിച്ചിരുന്നു. ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെ ബോളിങ് ഉപദേശകരിലൊരാളായി മലിംഗ തുടരും.
2004ൽ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റിൽ അരങ്ങേറിയ മലിംഗ രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് (107) നേടിയ ബോളറാണ്. 2014ൽ ശ്രീലങ്ക ട്വന്റി20 ലോകകപ്പ് നേടിയപ്പോൾ ക്യാപ്റ്റനുമായിരുന്നു. ടെസ്റ്റ്, ഏകദിന മത്സരങ്ങൾകൂടി കണക്കിലെടുത്താൽ വിക്കറ്റ് നേട്ടം 546 (ടെസ്റ്റ്–101, ഏകദിനം–338). രാജ്യാന്തര മത്സരത്തിൽ തുടർച്ചയായി 4 പന്തുകളിലും വിക്കറ്റ് എന്ന നേട്ടം മലിംഗ രണ്ടുവട്ടം കൈവരിച്ചിട്ടുണ്ട്. 122 മത്സരങ്ങളിൽ 170 വിക്കറ്റ് വീഴ്ത്തിയ മലിംഗ ഐപിഎലിലെ വിക്കറ്റ് നേട്ടത്തിലും ഒന്നാമനാണ്.
∙ ബാറ്റ്സ്മാൻമാരുടെ ‘പിടികിട്ടാപ്പുള്ളി’
ക്രിക്കറ്റിന്റെ പരമ്പരാഗത ‘ലൈനും ലെങ്തും’ തെറ്റിച്ചതാണ് മലിംഗയുടെ കരിയർ. ശരീരം വട്ടം ചുറ്റി വരുന്ന ആക്‌ഷൻ മലിംഗയെ ബാറ്റ്സ്മാൻമാരുടെ ‘പിടികിട്ടാപ്പുള്ളി’യാക്കി. വിചിത്രമായ ഈ ആക്‌ഷൻ കാരണം, ദാക്കത്ത (അരിവാൾ) എന്നായിരുന്നു കുട്ടിക്കാലത്തു തന്നെ മലിംഗ അറിയപ്പെട്ടിരുന്നത്. മലിംഗ പന്തെറിയുന്നതു കാണാൻ പറ്റുന്നില്ല എന്നു പറഞ്ഞ് ഒരിക്കൽ ന്യൂസീലൻഡ് ബാറ്റ്സ്മാൻമാർ അംപയറോട് പാന്റസിന്റെ നിറം വരെ മാറ്റാൻ പറഞ്ഞു!
ലങ്കയിലെ രത്ഗാമ ബീച്ചിൽ പകൽ ടെന്നിസ് ബോൾ ക്രിക്കറ്റും വൈകുന്നേരം കടലിൽ കുളിയുമായി നടന്ന മലിംഗയെ കണ്ടെത്തിയത് മുൻ ശ്രീലങ്കൻ പേസ് ബോളർ ചമ്പക രാമനായകെയാണ്.
English Summary: Lasith Malinga announced his retirement