245 റൺസടിച്ചിട്ടും ഹൈദരാബാദിനോട് തോറ്റു, 111 റൺസിൽ ഒതുങ്ങിയിട്ടും കൊൽക്കത്തയെ വീഴ്ത്തി; ആർക്കറിയാം, പഞ്ചാബിന്റെ വഴികൾ– വിഡിയോ

Mail This Article
മുല്ലൻപുർ ∙ കഴിഞ്ഞ മത്സരത്തിൽ 245 റൺസ് നേടിയിട്ടും ഹൈദരാബാദിനോട് തോറ്റു; ഇത്തവണ 111 റൺസ് മാത്രം നേടിയിട്ടും കൊൽക്കത്തയ്ക്കെതിരെ വിജയിച്ചു! ഐപിഎലിൽ തങ്ങളുടെ വഴികൾ പ്രവചനാതീതമാണെന്ന് പഞ്ചാബ് കിങ്സ് വീണ്ടും തെളിയിച്ചു. ഇരു ടീമുകളിലെയും ബോളർമാർ കരുത്തുകാട്ടിയ ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് 16 റൺസിന്റെ നാടകീയ ജയം. ആദ്യം ബാറ്റു ചെയ്ത് 111 റൺസിൽ ഒതുങ്ങിയിട്ടും പതറാതെ തിരിച്ചടിച്ച പഞ്ചാബ് കൊൽക്കത്തയെ 95 റൺസിന് ഓൾഔട്ടാക്കി.
ഐപിഎലിൽ ഏറ്റവും ചെറിയ ടോട്ടൽ പ്രതിരോധിച്ചു നേടിയ വിജയമെന്ന റെക്കോർഡും ഇതോടെ പഞ്ചാബിന് സ്വന്തമായി. 2009ൽ 116 റൺസ് പ്രതിരോധിച്ച് ജയിച്ച ചെന്നൈയുടെ റെക്കോർഡാണ് മറികടന്നത്. സ്കോർ: പഞ്ചാബ്– 15.3 ഓവറിൽ 111; കൊൽക്കത്ത 15.1 ഓവറിൽ 95. 4 വിക്കറ്റു വീഴ്ത്തിയ സ്പിന്നർ യുസ്‍വേന്ദ്ര ചെഹലും 3 വിക്കറ്റെടുത്ത മാർക്കോ യാൻസനും പഞ്ചാബ് ബോളിങ്ങിൽ തിളങ്ങി. ചെഹലാണ് പ്ലെയർ ഓഫ് ദ് മാച്ച്.
∙ ആവേശപ്പോര് !
ഒരു ടെസ്റ്റ് മത്സരത്തിന്റെ അവസാന സെഷൻ പോലെ ആവേശകരമായ മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് ബോളർമാരുടെ കണിശതയും കൊൽക്കത്ത ബാറ്റർമാരുടെ ക്ഷമയുമാണ് പരസ്പരം ഏറ്റുമുട്ടിയത്. 2 വിക്കറ്റ് നഷ്ടത്തിൽ 62 എന്ന നിലയിൽ അനായാസ ജയത്തിലേക്കു മുന്നേറിയ കൊൽക്കത്തയാണ് അടുത്ത 33 റൺസിനിടെ 8 വിക്കറ്റുകൾ നഷ്ടമാക്കി അപ്രതീക്ഷിത തോൽവി നേരിട്ടത്. മൂന്നാം വിക്കറ്റിൽ 55 റൺസ് കൂട്ടുകെട്ടുമായി മുന്നേറിയ ആംഗ്‌ക്രിഷ് രഘുവംശിയെയും (28 പന്തിൽ 37) അജിൻക്യ രഹാനെയെയും (17 പന്തിൽ 17) ചെഹൽ പുറത്താക്കിയത് ടേണിങ് പോയിന്റായി.
വെങ്കിടേഷ് അയ്യർ (7), റിങ്കു സിങ് (2), രമൺദീപ് സിങ് (0), ഹർഷിത് റാണ (3) എന്നിങ്ങനെ പവർ ഹിറ്റർമാർ പവലിയനിലേക്ക് ഘോഷയാത്ര നടത്തിയപ്പോൾ കൊൽക്കത്ത 8ന് 79 എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാൽ 14–ാം ഓവറിൽ ചെഹലിനെതിരെ 2 സിക്സും ഒരു ഫോറും നേടി ആന്ദ്രേ റസ്സൽ (11 പന്തിൽ 17) ക്രീസിൽ നിലയുറപ്പിച്ചതോടെ അവർക്കു പ്രതീക്ഷയായി. 15–ാം ഓവറിൽ അർഷ്‌ദീപ് സിങ് വൈഭവ് അറോറയെ (0) പുറത്താക്കിയതോടെ ഒൻപതാം വിക്കറ്റും നഷ്ടം. മാർക്കോ യാൻസൻ എറിഞ്ഞ 16–ാം ഓവറിലെ ആദ്യ പന്ത്, ആന്ദ്രേ റസ്സലിന്റെ ബാറ്റിൽ തട്ടി സ്റ്റംപ് തെറിപ്പിച്ചതോടെ ചരിത്ര വിജയം പഞ്ചാബിന് സ്വന്തമായി.
∙ തുടക്കം തകർത്തു, പിന്നെ തകർന്നു
നേരത്തേ വിക്കറ്റ് നഷ്ടമില്ലാതെ 39 റൺസുമായി മികച്ച തുടക്കം നേടിയശേഷമായിരുന്നു പഞ്ചാബ് തകർന്നത്. അടുത്ത 15 റൺസിനിടെ 4 ടോപ് ഓർഡർ ബാറ്റർമാരെ നഷ്ടപ്പെട്ടതോടെ 4ന് 54 എന്ന നിലയിൽ പവർപ്ലേ അവസാനിപ്പിക്കേണ്ടിവന്നു. പേസർ ഹർഷിത് റാണയാണ് ഇതിൽ 3 വിക്കറ്റും നേടിയത്. കൊൽക്കത്ത സ്പിന്നർമാരായ വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും (2 വിക്കറ്റ് വീതം) പന്തെടുത്തതോടെ മധ്യ ഓവറുകളിലും പഞ്ചാബിന് പിടിച്ചുനിൽക്കാനായില്ല.