ഇനി പ്രതീക്ഷ വയ്ക്കണോ ബ്ലാസ്റ്റേഴ്സ്? വയ്ക്കാം, ബ്ലാസ്റ്റേഴ്സ് ഇനിയുള്ള എല്ലാ കളികളും ജയിക്കണം; മറ്റു ടീമുകൾ ജയിക്കരുത്!

Mail This Article
ശനിയാഴ്ച ഗോവയിൽ നടന്ന ഐഎസ്എൽ ഫുട്ബോൾ മത്സരത്തിൽ, എഫ്സി ഗോവയോടു കൂടി തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറക്കുറെ അവസാനിച്ചു. എങ്കിലും കണക്കിന്റെ കളികളും മറ്റു ടീമുകളുടെ പ്രകടനവും അനുകൂലമായാൽ മാത്രം ബ്ലാസ്റ്റേഴ്സിന് നേരിയ പ്രതീക്ഷയുണ്ട്. പക്ഷേ ബ്ലാസ്റ്റേഴ്സ് ഇനിയുള്ള മൂന്നു കളികളും ജയിക്കണം. ഇപ്പോഴത്തെ ഫോം പരിഗണിക്കുമ്പോൾ അതു സാധിക്കുമോയെന്ന ചോദ്യം ബാക്കി.
കൊൽക്കത്ത മോഹൻ ബഗാൻ, എഫ്സി ഗോവ, ജംഷഡ്പുർ എഫ്സി, ബെംഗളൂരു എഫ്സി എന്നീ ടീമുകൾ പ്ലേ ഓഫ് ഉറപ്പാക്കിക്കഴിഞ്ഞു. ഇനി 2 ടീമുകൾക്കു കൂടിയാണു പ്ലേ ഓഫിന് അർഹത. നോർത്ത് ഇൗസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റിയും (32 പോയിന്റ് വീതം) അഞ്ചും ആറും സ്ഥാനങ്ങളിലുണ്ട്. ഒഡീഷ എഫ്സി (29) ഏഴാം സ്ഥാനത്ത്. ഇതിനും പിന്നിലാണ്, 21 കളികളിൽ 24 പോയിന്റുമായി ചെന്നൈയിൻ, ഈസ്റ്റ് ബംഗാൾ, ബ്ലാസ്റ്റേഴ്സ്, പഞ്ചാബ് എഫ്സി എന്നീ ടീമുകളുള്ളത്.
മറ്റു ടീമുകൾ ജയിക്കാതിരിക്കുകയും ബ്ലാസ്റ്റേഴ്സ് എല്ലാ കളികളും ജയിക്കുകയുമെന്ന വിദൂരസാധ്യത ശുഭപ്രതീക്ഷയുടേതല്ല. മാർച്ച് ഒന്നിനു കൊച്ചിയിൽ ജംഷഡ്പുർ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. മാർച്ച് 7ന് കൊച്ചിയിൽ മുംബൈ സിറ്റി എഫ്സിയെയും സീസണിലെ അവസാന മത്സരത്തിൽ മാർച്ച് 12ന് എവേ മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെയും ബ്ലാസ്റ്റേഴ്സ് നേരിടണം.