ആദ്യപാദ വിജയങ്ങൾ കരുത്തായി; 3–1ന് തോറ്റിട്ടും ബാർസയും 3–2ന് തോറ്റ പിഎസ്ജിയും ചാംപ്യൻസ് ലീഗ് സെമിയിൽ- വിഡിയോ

Mail This Article
ലണ്ടൻ∙ ഫുട്ബോൾ ചരിത്രത്തിലെ വൻ തിരിച്ചുവരവുകളുടെ കൂട്ടത്തിലേക്ക് ചേർക്കപ്പെടേണ്ടിയിരുന്ന രണ്ടു മത്സരങ്ങൾ... ആദ്യപാദത്തിലെ തോൽവിക്കു അൽപം ‘കനം കൂടിപ്പോയതു’കൊണ്ടു മാത്രം അതു സംഭവിക്കാതെ പോയതോടെ, രണ്ടാം പാദത്തിലെ തോൽവിയുടെ നിരാശയ്‌ക്കിടയിലും സ്പാനിഷ് വമ്പൻമാരായ ബാർസിലോനയ്ക്കും ഇംഗ്ലിഷ് ക്ലബ് ആസ്റ്റൺ വില്ലയ്ക്കും യുവേഫ ചാംപ്യൻസ് ലീഗിൽ സെമി പ്രവേശനത്തിന്റെ ആഹ്ലാദം.
ജർമനിയിൽ ബൊറൂസിയ ഡോർട്മുണ്ടിനെതിരെ 3–1ന് തോൽവി വഴങ്ങിയ ബാർസ ഇരുപാദങ്ങളിലുമായി 5–3നും ആസ്റ്റൺ വില്ലയ്ക്കെതിരെ 3–2ന് തോറ്റ പിഎസ്ജി ഇരുപാദങ്ങളിലുമായി 5–4നും ലീഡു നേടിയാണ് സെമിയിലേക്ക് മാർച്ച് ചെയ്തത്.
2019നു ശേഷം ഇതാദ്യമായാണ് ബാർസിലോന ചാംപ്യൻസ് ലീഗ് സെമിയിൽ കടക്കുന്നത്. അതിന് അവരെ സഹായിച്ചത് സ്വന്തം തട്ടകമായ നൂകാംപിൽ ആദ്യ പാദത്തിൽ നേടിയ 4–0ന്റെ തകർപ്പൻ വിജയവും. ആദ്യപാദത്തിൽ ആസ്റ്റൺ വില്ലയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ നേടിയ 3–1ന്റെ വിജയമാണ് പിഎസ്ജിക്ക് തുണയായത്.
സ്വന്തം തട്ടകമായ സിഗ്‌നൽ ഇഡൂന പാർക്കിൽ ഗിനിയൻ താരം സെർഹു ഗ്വിറാസിയുടെ ഹാട്രിക് മികവിലാണ് ബൊറൂസിയ ഡോർട്മുണ്ട് ബാർസിലോനയെ 3–1ന് തകർത്തത്. 11 (പെനൽറ്റി), 49, 76 മിനിറ്റുകളിലായിരുന്നു ഗ്വിറാസിയുടെ ഗോളുകൾ. ബാർസ താരങ്ങൾക്ക് ഗോളടിക്കാനാകാതെ പോയ മത്സരത്തിൽ ബൊറൂസിയ താരം ബെൻസെബയ്നി 54–ാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളാണ് ബാർസയുടെ അക്കൗണ്ടിലുള്ളത്.
ആസ്റ്റൺ വില്ലയുടെ തട്ടകമായ വില്ല പാർക്കിൽ നടന്ന രണ്ടാം പാദ സെമിയിൽ 3–2നാണ് പിഎസ്ജി തോറ്റത്. യൂറി ടിയൽമാൻസ് (34–ാം മിനിറ്റ്), ജോൺ മക്ഗിൻ (55), എസ്രി കോൻസ (57) എന്നിവരാണ് ആസ്റ്റൺ വില്ലയ്ക്കായി ഗോൾ നേടിയത്. പിഎസ്ജിയുടെ നിർണായക ഗോളുകൾ അച്റഫ് ഹക്കിമി (11–ാം മിനിറ്റ്), നൂനോ മെൻഡസ് (27) എന്നിവർ നേടി.