ശരീരഭാരം നിയന്ത്രിക്കേണ്ടത് താരങ്ങളുടേയും പരിശീലകരുടേയും ചുമതല: പ്രതികരിച്ച് പി.ടി. ഉഷ
Mail This Article
പാരിസ്∙ ശരീരഭാരം 100 ഗ്രാം കൂടിയതിന്റെ പേരിൽ പാരിസ് ഒളിംപിക്സ് ഗുസ്തി ഫൈനൽ മത്സരത്തിൽനിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ. ഭാരം നിയന്ത്രിക്കേണ്ടത് താരങ്ങളുടെ ഉത്തരവാദിത്തമാണെന്നു പി.ടി. ഉഷ വ്യക്തമാക്കി. ഇന്ത്യൻ താരങ്ങൾക്കൊപ്പം പാരിസിലേക്കു പോയ മെഡിക്കൽ ടീമിനും മെഡിക്കൽ ഓഫിസർ ദിൻഷോ പർദിവാലയ്ക്കും എതിരായ വിമർശനങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും പി.ടി. ഉഷ അറിയിച്ചു.
50 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിൽ കടന്ന വിനേഷിനെ മത്സരത്തിന്റെ അന്ന് രാവിലെയാണ് അയോഗ്യയാക്കിയത്. ഇതോടെ ഇന്ത്യയ്ക്ക് ഉറപ്പായ ഒരു മെഡൽ നഷ്ടപ്പെട്ടിരുന്നു. ‘‘ഗുസ്തി, വെയ്റ്റ്‍ലിഫ്റ്റിങ്, ബോക്സിങ്, ജൂഡോ പോലുള്ള ഇനങ്ങളിൽ താരങ്ങളുടെ ശരീര ഭാരം നിയന്ത്രിക്കേണ്ടത് ഓരോ അത്‍ലീറ്റുകളുടേയും അവരുടെ പരിശീലകരുടേയും ചുമതലയാണ്. ഐഒഎ നിയമിച്ച ചീഫ് മെഡിക്കൽ ഓഫിസർ ദിൻഷോ പർദിവാലയുടേയും അദ്ദേഹത്തിന്റെ സംഘത്തിന്റേയും ഉത്തരവാദിത്തമല്ല.’’– പി.ടി. ഉഷ പ്രസ്താവനയിൽ അറിയിച്ചു.
‘‘ഐഒഎ മെഡിക്കൽ ടീമിനെതിരെ തിരിയുന്ന ആളുകൾ നിഗമനങ്ങളിലെത്തും മുൻപ് എല്ലാ കാര്യങ്ങളും വിലയിരുത്തണം. പാരിസ് ഒളിംപിക്സിനെത്തിയ താരങ്ങൾക്ക് അവരുടേതായ സപ്പോർട്ട് ടീമുകളും ഉണ്ടായിരുന്നു. കുറേ വർഷങ്ങളായി ഇവർ താരങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നവരാണ്. മത്സരത്തിനിടയിലോ, ശേഷമോ താരങ്ങൾക്കു പരുക്കേറ്റാൽ ചികിത്സിക്കുന്നതിനു വേണ്ടി മാസങ്ങൾക്കു മുൻപു മാത്രമാണ് ഐഒഎ മെഡിക്കൽ ടീമിനു രൂപം നൽകിയത്. സ്വന്തം ന്യൂട്രീഷ്യനിസ്റ്റുമാരും ഫിസിയോമാരും ഇല്ലാത്ത താരങ്ങളെയും ഈ ഡോക്ടർമാർ സഹായിക്കും.’’– പി.ടി. ഉഷ പ്രതികരിച്ചു.