ADVERTISEMENT

ന്യൂഡൽഹി /കൊച്ചി ∙  ഉത്തരാഖണ്ഡിൽ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉൾപ്പെടുത്താൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. കളരിപ്പയറ്റിനെ മത്സരയിനങ്ങളിൽനിന്ന്  ഒഴിവാക്കി പ്രദർശനയിനമാക്കിയ  ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ നടപടി റദ്ദാക്കിയാണ്  കോടതി വിധി. ഹരിയാന ഫരീദാബാദിൽനിന്നുള്ള  മത്സരാർഥി ഹർഷിത യാദവിന്റെ ഹർജയിലാണ് നടപടി.

കളരിപ്പയറ്റിനെ മത്സരയിനമാക്കി ഒരാഴ്ചയ്ക്കുള്ളിൽ പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷനും ഉത്തരാഖണ്ഡ് സർക്കാരിനും ഹൈക്കോടതി നിർദേശം നൽകി.  

 2015ൽ കേരളം ആതിഥ്യം വഹിച്ച 35–ാമത് ദേശീയ ഗെയിംസിലാണ് കളരിപ്പയറ്റ് ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. അന്ന് പ്രദർശനയിനമായിരുന്നു. 2023 ഗോവ ഗെയിംസിൽ മത്സരയിനമായി. എന്നാൽ, ഇക്കുറി  പ്രദർശന ഇനങ്ങളുടെ നിരയിലേക്കു മാറ്റുകയായിരുന്നു. കളരിപ്പയറ്റ് മത്സരങ്ങൾ 28 മുതൽ ഹരിദ്വാറിലാണു നടക്കുക.

∙ കേരളത്തിന് പ്രതീക്ഷ 

കളരിപ്പയറ്റ് മത്സര ഇനമാക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടതോടെ ദേശീയ ഗെയിംസിൽ കേരളത്തിനു സ്വർണ പ്രതീക്ഷകളുമായി ഇനി കളരി അങ്കം .കഴിഞ്ഞ ദേശീയ ഗെയിംസിൽ 19 സ്വർണമടക്കം 22 മെഡലുകളാണു കേരളം കളരിപ്പയറ്റിൽ നിന്നു നേടിയത്.  

കളരിപ്പയറ്റ് മത്സരത്തിനുള്ള എല്ലാ തയാറെടുപ്പുകളും സംസ്ഥാനം നേരത്തേ തന്നെ പൂർത്തിയാക്കിയതായി കേരള കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജി. രാധാകൃഷ്ണൻ പറഞ്ഞു. മത്സരിക്കുന്ന 23 താരങ്ങളുടെ പട്ടിക ദേശീയ ഗെയിംസ് സംഘാടക സമിതിക്കു നേരത്തേ നൽകിയിട്ടുണ്ട്. എല്ലാ ഇനങ്ങളിലും ഉറച്ച സ്വർണ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Kalaripayattu Back in National Games: Delhi High Court rules in favor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com