ഇതു ഷൂട്ടിങ് റേഞ്ചുകളുടെ നാട്; ഒളിംപിക്സ് സ്വപ്നങ്ങളുടെയും

Mail This Article
ഉത്തരാഖണ്ഡിൽ ഇടയ്ക്കിടെ മുഴങ്ങുന്ന വെടിയൊച്ചകൾ സ്വപ്നങ്ങളിലേക്കുള്ള യാത്രയുടെ തുടക്കമാണ്. വർഷങ്ങൾക്കു മുൻപു അഭിനവ് ബിന്ദ്ര ബെയ്ജിങ് ഒളിംപിക്സിലെ സ്വർണമെഡൽ നേട്ടത്തിലേക്കുള്ള സ്വപ്നയാത്ര തുടങ്ങിയതു ഡെറാഡൂണിൽ നിന്നായിരുന്നു. ഇപ്പോഴും അഭിനവിനെക്കുറിച്ചു പറയുമ്പോൾ ഉത്തരാഖണ്ഡുകാർക്ക് ആവേശമേറും.
അഭിനവിനും മുൻപ് അവർ നെഞ്ചേറ്റിയ മറ്റൊരു ഷൂട്ടറുണ്ട്– ജസ്പാൽ റാണ. ഉത്തര കാശിക്കാരനാണ്. 2006ലെ ഏഷ്യൻ ഗെയിംസിൽ ജസ്പാൽ നേടിയത് 3 സ്വർണം. ഇപ്പോൾ ഡെറാഡൂണിനു സമീപമുള്ള ദൗലാസ് ഗ്രാമത്തിൽ ജസ്പാലിനു സ്വന്തം ഷൂട്ടിങ് പരിശീലന കേന്ദ്രമുണ്ട്– ജസ്പാൽ റാണ ഷൂട്ടിങ് റേഞ്ച്. മകൾ ദേവാംശി റാണയും ഷൂട്ടറാണ്.
ജസ്പാലിന്റെയും അഭിനവിന്റെയും പേരു കൊണ്ടാകണം ഡെറാഡൂണിൽ മുക്കിനു മുക്കിനു ഷൂട്ടിങ് അക്കാദമികളാണ്. മറ്റൊരു നഗരമായ ഹൽദ്വാനിയിലുമുണ്ട് ഷൂട്ടിങ് റേഞ്ചുകൾ. മാർച്ചിൽ പരീക്ഷകൾ കഴിഞ്ഞാലാണു ഷൂട്ടിങ് അക്കാദമികളിൽ തിരക്കു കൂടുക. സ്കൂളുകളോടു ചേർന്നും അക്കാദമികളുണ്ട്.
ഹൽദ്വാനിയിലെ ‘അസ്ത്രവിദ ഷൂട്ടിങ് അക്കാദമി’ നടത്തുന്നതു സൈന്യത്തിൽ നിന്നു വിരമിച്ച, പങ്കജ് സിങ് കാലക്കൊട്ടിയാണ്. പങ്കജിന്റെ വീടിനു മുകൾ നിലയിലാണ് 18നു ലൈനുകളുള്ള ഷൂട്ടിങ് റേഞ്ച്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇവിടെ പരിശീലനം നടത്തുന്നു.
‘ഇന്ത്യയിൽ ഷൂട്ടിങ്ങിനു പേരുണ്ടാക്കിയതു ജസ്പാൽ റാണയാണ്. പുതിയ തലമുറ ഷൂട്ടർമാരുടെ റോൾ മോഡലാണ് അദ്ദേഹം’– പങ്കജ് സിങ് പറഞ്ഞു. സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത പിസ്റ്റളുകളാണു ഷൂട്ടിങ് റേഞ്ചുകളിൽ ഉപയോഗിക്കുന്നത്.
ഉപകരണങ്ങൾക്കും മറ്റും വില കൂടുതലായതിനാൽ ഷൂട്ടിങ് പരിശീലനം അൽപം ചെലവേറിയതാണ്. ഒരു എയർ പിസ്റ്റളിന് 2 ലക്ഷം രൂപയിലേറെയാണു വില. എന്നാലും ഉത്തരാഖണ്ഡുകാർ ലക്ഷ്യത്തിലേക്ക് ഉന്നം വയ്ക്കുന്നതു മുടക്കുന്നില്ല. ഒളിംപിക്സിൽ ഇനിയും ഉത്തരാഖണ്ഡുകാരുടെ മെഡൽനേട്ടങ്ങൾ പ്രതീക്ഷിക്കാം.