ബ്ലാക്ക്ഹെഡ്സ് മാറ്റി മുഖം സുന്ദരമാക്കാം, പരിഹാരം വീട്ടിൽ തന്നെയുണ്ട് !
Mail This Article
സുന്ദരവും തിളക്കമാർന്നതുമായ ചർമം ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? മുഖത്തിന്റെ കാര്യത്തിലാണെങ്കിൽ ആ ചോദ്യം തന്നെ അപ്രസക്തമാണ്.
മറ്റുള്ളവരുടെ മുൻപിൽ ആത്മവിശ്വാസത്തോടു കൂടി നിൽക്കാൻ ചിലപ്പോൾ മുഖത്തെ ഒരു കറുത്ത പുള്ളിയായിരിക്കാം തടസ്സം. അത്തരം പ്രശ്നങ്ങൾ നേരിടുന്ന നിരവധിപ്പേർ നമുക്കിടയിലുണ്ട്.
തിളക്കമാർന്ന സുന്ദരമായ ചർമം നേടിയെടുക്കാൻ ഏറെ ശ്രദ്ധയും പരിപാലനവും ആവശ്യമാണ്. എണ്ണമയമുള്ള ചർമമാണ് നിങ്ങളുടേതെങ്കിൽ കുറച്ചധികം ശ്രദ്ധിക്കേണ്ടതുണ്ട്. എണ്ണമയമുള്ള ചർമത്തിൽ ബ്ലാക്ക് ഹെഡ്‌സ്, മുഖക്കുരു, വൈറ്റ്ഹെഡ്സ് എന്നീ പ്രശ്നങ്ങൾ കൂടുതലായിരിക്കും.
മുഖത്തെ പൊട്ടിയ കുരുക്കളിൽ അഴുക്കും പൊടിപടലങ്ങളും അടിഞ്ഞു കൂടുന്നതാണു ബ്ലാക്ക്െഹഡ്സ് വരുന്നതിനു കാരണം. മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ഇവ കാണുന്നത്.
ബ്ലാക്ഹെഡ്സ് മാറാൻ എന്തു ചെയ്യും എന്ന ചിന്തിച്ചിട്ടുണ്ടോ? സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങാനും ബ്യൂട്ടി പാർലറുകളിൽ പോകാനുമായിരിക്കും പലരും തീരുമാനിക്കുക. തനിയെ മാറുമെന്ന പ്രതീക്ഷയായിരിക്കും ചിലർക്ക്. എന്നാൽ വീട്ടിലിരുന്ന് ചില നുറുങ്ങു വിദ്യകൾ ഉപയോഗിച്ച് ബ്ലാക്ഹെഡ്സിനെ നേരിടാം.
വീട്ടിലെ ചില അടുക്കള ചേരുവകൾ ഉപയോഗിച്ച് മുഖത്തെ കുരുക്കളും പാടുകൾ നീക്കം ചെയ്യാനും മൃദുവായ ചർമം സ്വന്തമാക്കാനും സാധിക്കും.
ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കാവുന്ന പൊടിക്കൈ ഇതാ.
ആവശ്യമുള്ള വസ്തുക്കള്‍
1 വാഴപ്പഴം (ഉടച്ചത് )
2 സ്പൂൺ ഓട്സ് (പൊടിച്ചത് )
1 സ്പൂൺ തേൻ
തയാറാക്കുന്ന വിധം: ഒരു ബൗളിൽ ഓട്സ് എടുത്തിനുശേഷം തേനും ഉടച്ച പഴവും ചേർത്തു നന്നായി ഇളക്കുക.
ഉപയോഗക്രമം: ഈ മിശ്രിതം താഴെ നിന്ന് മുകളിലേക്ക് എന്ന രീതിയിൽ 5 മുതൽ 7 മിനിറ്റു വരെ മുഖത്ത് സ്ക്രബ് ചെയ്യുക. ഇതിനുശേഷം ചൂടുവെള്ളം ഉപയോഗിച്ചു മുഖം കഴുകുക. ശേഷം അനുയോജ്യമായ ഏതെങ്കിലും മോയിസ്ച്വറൈസർ മുഖത്ത് പുരട്ടുക.
മൃതകോശങ്ങളെ പുറംതള്ളുന്നതിനും മുഖത്തെ അഴുക്കു നീക്കം ചെയ്യുന്നതിനും ഓട്സ് ഉത്തമമാണ്. ഇതു കൂടാതെ ചർമത്തിൽ കൂടുതലുള്ള എണ്ണ വലിച്ചെടുക്കാനും ഓട്സിന് കഴിയും. തേൻ കോശങ്ങളെ ഉത്തേജിപ്പിക്കുകയും ബാക്ടീരിയകളെ നിർജീവമാക്കാൻ സഹായിക്കുകും ചെയ്യുന്നു. വാഴപ്പഴവും ഓട്സും ശരീരത്തിന്റെ പുറംതൊലിയിലെ ഊർജ്ജം ഇരട്ടിയാക്കുന്നു. എണ്ണമയമുള്ളവർക്ക് വാഴപ്പഴം അനുയോജ്യമാണ്.