ADVERTISEMENT

യുഎസിലേക്കുള്ള അനധികൃത കുടിയേറ്റക്കാരെ മാറ്റിപ്പാർപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു ഗ്വാണ്ടനാമോ ബേ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ലോകത്തെ ഏറ്റവും കുപ്രസിദ്ധരായ ചില ഭീകരരെ പാർപ്പിച്ചിട്ടുള്ള ജയിലും ഗ്വാണ്ടനാമോയിലുണ്ട്. ഇതിലെ അന്തേവാസികളിലൊരാളാണ് അൽ ഖായിദ ഭീകരൻ അൽ നഷീരി. ഒരു യുഎസ് യുദ്ധക്കപ്പലുമായി ബന്ധപ്പെട്ടാണ് അൽ നഷീരി അറസ്റ്റിലായത്. അമേരിക്കയെ ലക്ഷ്യമിട്ട് അൽ ഖായിദ നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും അറിയപ്പെടുന്നത് വേൾഡ് ട്രേഡ് സെന്‌റർ ആക്രമണം തന്നെയാണ്. 

ആ ആക്രമണത്തിലൂടെ അൽ ഖായിദ ലോകത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധമായ ഭീകരസംഘടനയായി മാറി. ഉസാമ ബിൻ ലാദൻ യുഎസ് കണ്ട ഏറ്റവും വലിയ വില്ലനും. മാധ്യമങ്ങളിൽ നിരവധി ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ ഇടം പിടിച്ചു. ഇതിൽ ഏറ്റവും കുപ്രസിദ്ധം 2001ലെ  തന്നെ. ലോകരാഷ്ട്രീയത്തിന്‌റെ തന്നെ ക്രമം മാറ്റിയ എന്നാൽ സെപ്റ്റംബർ 11 ആക്രമണം യുഎസിനെതിരായ അൽ ഖായിദയുടെ ആദ്യ ആക്രമണമായിരുന്നില്ല. 

യുഎസ്എസ് കോൾ സംഭവം

1998ൽ തന്നെ ഉസാമ ബിൻലാദൻ ആവിഷ്‌കരിച്ച ഭീകര പദ്ധതി പ്രകാരം കെനിയയിലെയും ടാൻസാനിയയിലെയും യുഎസ് എംബസികൾ അൽ ഖായിദ ആക്രമിച്ചിരുന്നു. ഇതിൽപെട്ട് 12 അമേരിക്കക്കാരുൾപ്പെടെ 224 പേർ മരണമടഞ്ഞു.ഇതിനു ശേഷമാണ് യുഎസ്എസ് കോൾ സംഭവം ഉണ്ടാകുന്നത്. യെമനിൽ വച്ച് യുഎസ്എസ് കോൾ എന്ന യുഎസ് പടക്കപ്പലിൽ അൽഖായിദ ഭീകരർ ആക്രമണം നടത്തി. 

uss-cole2 - 1
U.S. Department of Defense, Public domain, via Wikimedia Commons

17 യുഎസ് നാവികരുടെ മരണത്തിനും 38 പേർക്കു ഗുരുതര പരുക്കിനും സംഭവം ഇടയാക്കി. ഈ വർഷം ഈ സംഭവത്തിന്റെ 25ാം വാർഷികം കൂടിയാണ് എത്തുന്നത്. 2000 ഒക്ടോബർ 12.ഗൾഫ് രാജ്യമായ യെമനിലെ ഏദൻ തുറമുഖത്തെത്തിയതായിരുന്നു യുഎസ്എസ് കോൾ. ഇറാഖിനു സമീപമുള്ള സമുദ്രമേഖലയിലേക്കു പോകാൻ യാത്ര തിരിച്ച കോളിന്‌റെ ഏദനിലെ ഉദ്ദേശം ഇന്ധനം നിറയ്ക്കലായിരുന്നു. ഇതിനായി കുറച്ചുമണിക്കൂറുകൾ തുറമുഖത്തു നിൽക്കാൻ കോളിനു നിർദേശമുണ്ടായിരുന്നു.

ഇന്ധനം നിറയ്ക്കൽ പ്രക്രിയയ്ക്കായി കോളിനു ചുറ്റും ചെറുബോട്ടുകൾ വലയം തീർത്തു നിന്നിരുന്നു. ഇതിലൊരു ബോട്ടിന്റെ വ്യാജേനയാണു ഭീകരരുടെ ബോട്ട് കയറിപ്പറ്റിയത്. ഒരു റബർ ഡിംഗി ബോട്ടായിരുന്നു അത്. രണ്ടു ഭീകരരും കിലോക്കണക്കിന് സ്‌ഫോടകവസ്തുക്കളും അതിനുള്ളിലുണ്ടായിരുന്നു. സുരക്ഷാ വലയങ്ങൾ ഭേദിച്ച് യുഎസ്എസ് കോളിനു സമീപമെത്താൻ ഭീകരബോട്ടിനു സാധിച്ചു. എൻജിൻ റൂമിനു സമീപമെത്തിയ ബോട്ട് താമസിയാതെ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. മേഖലയിൽ ഒരു തീഗോളം ഉയർന്നു.കടുത്ത പുക ആകാശത്തേക്ക് ഉയർന്നു പൊങ്ങി.

17 സൈനികരോടുള്ള ആദരസൂചകമായി 17 നക്ഷത്രങ്ങൾ

സ്‌ഫോടനത്തിന്‌റെ ആഘാതത്തിൽ 40 അടി വിസ്തീർണമുള്ള ഒരു വലിയ ദ്വാരം കോളിൽ രൂപപ്പെട്ടു. 17 നാവികർ തൽക്ഷണം മരിച്ചു. ദ്വാരത്തിലൂടെ കയറിയ വെള്ളം മൂലം കോൾ മുങ്ങിത്തുടങ്ങി. കപ്പലിന്‌റെ എൻജിൻ റൂമിനു സാരമായ കേടുപാടുകൾ പറ്റി.മണിക്കൂറുകൾക്കു ശേഷം അവിടെയെത്തിയ യുഎസ് നാവിക വിദഗ്ധർ ദ്വാരം പരിഹരിച്ച് മുങ്ങിപ്പോകുന്നതിൽ നിന്നു യുഎസ്എസ് കോളിനെ രക്ഷിച്ചു.പിറ്റേദിവസം എഫ്ബിഐ അന്വേഷണത്തിനായിഏദനിലെത്തി.പിന്നീടുള്ള കാലഘട്ടത്തിൽ ആറുപേർ സംഭവത്തിൽ യെമനിൽ പിടിയിലായി.അൽ ബാദവി, അൽ നഷീരി എന്നിവരായിരുന്നു ഇതിൽ പ്രമുഖർ.

ഇരുവർക്കും വധശിക്ഷ വിധിക്കപ്പെട്ടെങ്കിലും അൽ ബാദവി താമസിയാതെ ജയിൽ ചാടി. അൽ നഷീരിയെ ഗ്വാണ്ടനാമോ തടവറയിലേക്കു മാറ്റി. 2019ൽ അൽ ബാദവി , യുഎസ് വ്യോമാക്രമണത്തിൽ യെമനിൽ വച്ചു കൊല്ലപ്പെട്ടു.ആക്രണത്തിനു ശേഷം യുഎസ്എസ് കോളിനെ ഒരു നോർവീജിയൻ കപ്പൽ കെട്ടിവലിച്ചു യുഎസിലെത്തിച്ചിരുന്നു. ഇവിടെവച്ച് കൂടുതൽ അറ്റകുറ്റപ്പണികൾ നടത്തുകയും ഡെക്ക് പുനർനിർമിക്കുകയും ചെയ്തു. 2003 നവംബറിൽ യുഎസ്എസ് കോൾ വീണ്ടും നീറ്റിലിറങ്ങി. ഭീകരാക്രമണത്തിൽ മരിച്ച 17 സൈനികരോടുള്ള ആദരസൂചകമായി 17 നക്ഷത്രങ്ങൾ കപ്പലിന്‌റെ ഹാൾവെയിൽ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.

English Summary:

USS Cole bombing that killed 17 sailors ,one of the darkest days in U.S. Naval history: October 12, 2000.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com