ഹോമോ നാലെടി മൃതദേഹങ്ങൾ മറവ് ചെയ്തിരുന്നെന്ന് പുതിയ ഗവേഷണം

Mail This Article
ആദിമമനുഷ്യവംശവും പരിണാമവഴിയിൽ ആധുനിക മനുഷ്യരുടെ ബന്ധുക്കളുമായ ഹോമോ നാലെടി തങ്ങളുടെ മൃതദേഹം മറവ് ചെയ്തിരുന്നെന്ന് പുതിയ ഗവേഷണം. നമ്മുടെ തലച്ചോറിന്‌റെ മൂന്നിലൊന്ന് മാത്രം വലുപ്പമുള്ള തലച്ചോർ ഉള്ള മനുഷ്യവംശമാണ് ഹോമോ നാലെടി(Home naledi). ആധുനിക മനുഷ്യരായ ഹോമോ സേപ്പിയൻസും മറ്റൊരു ആദിമ മനുഷ്യവംശമായ നിയാണ്ടർത്താലുകളും മാത്രമാണ് ഇത്തരത്തിൽ മൃതദേഹം മറവുചെയ്തിട്ടുള്ളതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരുന്നത്.
ഹോമോ നാലെടി മൃതദേഹം മറവുചെയ്തിരുന്നെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ആ വാദത്തിനു തെളിവ് ലഭിച്ചത്.
2013ലാണ് ദക്ഷിണാഫ്രിക്കയിലെ റൈസിങ് സ്റ്റാർ ഗുഹയിൽ നിന്ന് ആദ്യമായി ഹോമോ നാലെടി നരവംശത്തിൽ പെട്ടവരുടെ ശേഷിപ്പ് കണ്ടെത്തിയത്. പിന്നീട് 25ഓളം ശേഷിപ്പുകൾ കണ്ടെത്തിയിരുന്നു.
മനുഷ്യരാശിയുടെ കളിത്തൊട്ടിൽ...
അകത്തേക്കു കയറാൻ വളരെ പാടുള്ള ഗുഹാദ്വാരമാണ് റൈസിങ് സ്റ്റാർ ഗുഹയ്ക്കുള്ളത്. ഇതിനുള്ളിൽ 25 ഹോമോ നാലെടി വംശജരുടെ മൃതദേഹങ്ങൾ എങ്ങനെയെത്തിയെന്ന ചോദ്യം ശാസ്ത്രജ്ഞരെ പണ്ടേ അലട്ടുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ ബാത്തുങ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹാസംവിധാനത്തെ മനുഷ്യരാശിയുടെ കളിത്തൊട്ടിലെന്നാണു യുനെസ്‌കോ വരെ വിളിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരമായ ജൊഹാനസ്ബർഗിൽ നിന്ന് 50 കിലോമീറ്റർ അകലെയായി റൈസിങ് സ്റ്റാർ ഗുഹ സ്ഥിതി ചെയ്യുന്നു.
ഹോമോ നാലെടി മനുഷ്യർക്ക് 4 അടി 9 ഇഞ്ച് ഉയരവും 40 മുതൽ 56 കിലോ വരെ ഭാരവുമുണ്ടായിരുന്നു.ഒരു ഓറഞ്ചിന്റെ അത്രമാത്രം വലുപ്പമുള്ളതായിരുന്നു ഇവരുടെ തലച്ചോറെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഈ നരവംശം തങ്ങളുടെ അവസാന കാലങ്ങളിൽ പുരോഗമന മനുഷ്യർക്കൊപ്പം ജീവിച്ചിരിക്കാമെന്ന സംശയവും ശാസ്ത്രജ്ഞർക്കുണ്ട്. കായ്കളും വേരുകളും ഭക്ഷിച്ചിരുന്ന ഇവർ, പാചകം ചെയ്യാനുള്ള അറിവ് അക്കാലത്ത് സ്വായത്തമാക്കിയിരുന്നില്ലെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.