അടുത്തവർഷം സ്റ്റാർഷിപ് റോക്കറ്റ് ചൊവ്വയിൽ! ഒപ്റ്റിമസ് റോബട്ടുകൾ ചുവന്ന ഗ്രഹത്തിൽ നടക്കും

Mail This Article
അടുത്ത വർഷം അവസാനത്തോടെ സ്റ്റാർഷിപ് റോക്കറ്റ് ചൊവ്വയിലെത്തുമെന്നു സ്പേസ്എക്സ് മേധാവി ഇലോൺ മസ്ക്. മസ്കിന്റെ തന്നെ മറ്റൊരു കമ്പനിയായ ടെസ്‌ല വികസിപ്പിച്ച ഒപ്റ്റിമസ് റോബട്ടുകളും സ്റ്റാർഷിപ്പിൽ പോകും. ഹ്യൂമനോയ്ഡ് ഗണത്തിലുള്ള റോബട്ടുകളാണ് ഒപ്റ്റിമസ്. ഇലോൺ മസ്ക് തുടക്കകാലം മുതൽ തന്നെ മറ്റു ഗ്രഹങ്ങളിൽ മനുഷ്യർ പര്യവേക്ഷണവും, പറ്റുമെങ്കിൽ കോളനികളും സ്ഥാപിക്കണമെന്ന അഭിപ്രായക്കാരനാണ്. അദ്ദേഹത്തിന്റെ ദീർഘകാലത്തെ സ്വപ്നത്തിന്റെ തുടക്കമാകും അടുത്ത വർഷം അവസാനത്തോടെ പൂവണിയുന്നത്.എന്നാൽ ഇതു വലിയൊരു കടമ്പയായിരിക്കുമെന്നും ഇതു പൂർത്തീകരിക്കുന്നതിനു മുൻപ് ധാരാളം വെല്ലുവിളികൾ തരണം ചെയ്യേണ്ടതുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വർത്തമാന കാല റോക്കറ്റുകളുടെ മഹാരാജാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നതാണു സ്റ്റാർഷിപ്.ബിഎഫ്ആർ അഥവാ ബിഗ് ഫാൽക്കൺ റോക്കറ്റ് എന്നായിരുന്നു ഇതിന് ആദ്യം നൽകിയ പേര്. പിന്നീട് ഇത് സ്റ്റാർഷിപ് എന്നാക്കി മാറ്റി.ശീതയുദ്ധകാലത്ത് അമേരിക്കൻ ദൗത്യങ്ങളുടെ കുന്തമുനയായിരുന്നു സാറ്റേൺ ഫൈവ് എന്ന റോക്കറ്റ്. 118 ടൺ ഭാരം വഹിക്കാൻ കഴിവുള്ള ഈ റോക്കറ്റ് ചരിത്രദൗത്യങ്ങളായ അപ്പോളോ, സ്കൈലാബ് തുടങ്ങിയവയെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. മൂന്നു സ്റ്റേജുകളായി ലഭിക്കുന്ന ഊർജത്തിൽ ബഹിരാകാശത്തെത്തിച്ച റോക്കറ്റിനു പക്ഷേ വിക്ഷേപണച്ചെലവു വലിയ പ്രശ്നമായിരുന്നു. 1973നു ശേഷം സാറ്റേൺ ഫൈവ് നാസ ഉപയോഗിച്ചിട്ടില്ല.സാറ്റേൺ ഫൈവിന്റെ അതേ ശ്രേണിയിലുള്ളതാണ് ബിഎഫ്ആർ. 150 ടൺ വഹിക്കാനുള്ള ശേഷി ഇതിനെ ഇതുവരെയുള്ള റോക്കറ്റുകളിൽ ഏറ്റവും കരുത്തുറ്റതാക്കുന്നു.

‘ഫുൾ ടാങ്ക്’ ഇന്ധനം നിറച്ചാൽ ചന്ദ്രനിലേക്കു പോകാം
ഭൂമിയും മറ്റു ഗ്രഹങ്ങളും തമ്മിൽ ഗതാഗതബന്ധം സാധ്യമാക്കുന്ന ഇന്റർപ്ലാനറ്ററി ട്രാൻസ്‌പോർട്ട് സിസ്റ്റംസ് (Interplanetory Transport Systems ഐടിഎസ്) എന്ന സ്പേസ് എക്സിന്റെ വലിയ പദ്ധതിയിൽ നിർണായക സ്ഥാനമുള്ള റോക്കറ്റാണു സ്റ്റാർഷിപ്. സ്പേസ് എക്സിന്റെ സ്വപ്നലക്ഷ്യങ്ങളിൽ ഒന്നായ ചൊവ്വാക്കോളനിയുടെ സ്ഥാപനത്തിലും ഈ റോക്കറ്റ് സഹായകമാകും.ബഹിരാകാശത്ത് കറങ്ങിനടക്കുന്ന സ്പേസ് ഡെബ്രി എന്നറിയപ്പെടുന്ന ബഹിരാകാശ മാലിന്യം വൃത്തിയാക്കേണ്ടത് ഭാവിയുടെ ആവശ്യമാണ്. ഇതിനുള്ള സംവിധാനങ്ങൾ വഹിക്കാനും സ്റ്റാർഷിപ് റെഡി.‘ഫുൾ ടാങ്ക്’ ഇന്ധനം നിറച്ചാൽ ചന്ദ്രനിലേക്കു പോകാനും തിരിച്ചെത്താനും സ്റ്റാർഷിപ്പിനു കഴിയും. രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിലേക്കുള്ള ലഗേജും ഭാവിയിൽ സ്റ്റാർഷിപ് വഹിച്ചേക്കും.എല്ലാറ്റിനും ഇണങ്ങിയ സമ്പൂർണ റോക്കറ്റ്. അതാകും സ്റ്റാർഷിപ്.
34 നില കെട്ടിടത്തിന്റെ പൊക്കം
119 മീറ്ററാണ് സ്റ്റാർഷിപ്പിന്റെ ഉയരം (ബൂസ്റ്ററുൾപ്പെടെ), ഏകദേശം ഒരു 34 നില കെട്ടിടത്തിന്റെ പൊക്കം കണക്കുകൂട്ടാം. 85 ടൺ ഭാരമുള്ള റോക്കറ്റിന് ഇന്ധനവാഹക ശേഷി-1100 ടൺ.ഏറ്റവും വിശേഷപ്പെട്ടത് റോക്കറ്റിന്റെ മുകളിലുള്ള പേയ്ലോഡ് ബേയാണ്. ബഹിരാകാശത്തേക്കുള്ള 'പാക്കേജ്' (മനുഷ്യർ, ഉപഗ്രഹങ്ങൾ, യാത്രികരുടെ ലഗേജ് ഒക്കെ) വഹിക്കുന്നത് ഇവിടെയാണ്.
എട്ടുനില കെട്ടിടത്തിന്റെ പൊക്കമുണ്ട് ഈ സ്ഥലത്തിന്. 40 കാബിനുകൾ അടങ്ങുന്ന ബേ പരമാവധി 120 യാത്രികരെ വഹിക്കും. 240 ടൺ മീഥെയ്നും 860 ടൺ ദ്രവീകൃത ഓക്സിജനുമാണ് സ്റ്റാർഷിപ്പിന്റെ വമ്പൻ ഇന്ധനടാങ്കുകളിൽ സൂക്ഷിക്കാനാകുന്നത്.ഭൂരിഭാഗം വിക്ഷേപണ വാഹനങ്ങളും ഒറ്റത്തവണത്തെ ഉപയോഗത്തിനുള്ളതാണെങ്കിൽ സ്റ്റാർഷിപ്പിന്റെ ഓരോ ഭാഗവും, ഭൂമിയിൽ നിന്നുള്ള ആദ്യത്രസ്റ്റ് കൊടുക്കുന്ന ബൂസ്റ്റർ റോക്കറ്റുകളാകട്ടെ, ചൊവ്വയിലേക്കു കടക്കുന്ന സ്പെയ്സ്ക്രാഫ്റ്റാകട്ടെ, പലതവണ ഉപയോഗിക്കാൻ കഴിയും.