ബൽജിയം മുഴക്കുന്നു, ‘വിപ്ലവ’ത്തിന്റെ ബെൽ!
Mail This Article
മറ്റു തൊഴിലാളികൾക്കും പ്രഫഷനൽ ജോലിക്കാർക്കും ലഭിക്കുന്ന അതേ നിയമപരിരക്ഷയും അവകാശങ്ങളും ലൈംഗികത്തൊഴിലാളികൾക്കും ഏർപ്പെടുത്തി യൂറോപ്യൻ രാജ്യമായ ബൽജിയം പുതിയ ‘വിപ്ലവ’നിയമം തയാറാക്കിയിരിക്കുന്നു. ലോകത്ത് ഇത്തരമൊരു നിയമം പാസാക്കുന്ന ആദ്യ രാജ്യമാണു ബൽജിയം.
ഇടപാടുകാരെ തിരഞ്ഞെടുക്കുന്നതിലുൾപ്പെടെ സ്വാതന്ത്ര്യവും തൊഴിലുടമകളുമായി കരാർ ഒപ്പുവയ്ക്കുന്നതിലൂടെ തൊഴിൽചൂഷണത്തിൽനിന്നുള്ള മോചനവും ലഭ്യമാക്കുന്ന നിയമമാണിതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. 2022ൽ ലൈംഗികത്തൊഴിൽ ക്രിമിനൽ കുറ്റമല്ലാതാക്കിയ ശേഷമുള്ള ബൽജിയം ഭരണകൂടത്തിന്റെ സുപ്രധാന തീരുമാനമാണിത്.
റജിസ്ട്രേഷൻ വേണം;
ഇൻഷുറൻസ് ഉറപ്പ്
പുതിയ നിയമത്തിന്റെ ഭാഗമായി ആരോഗ്യ ഇൻഷുറൻസ്, ശമ്പളത്തോടുകൂടിയ അവധി, പ്രസവാനുകൂല്യങ്ങൾ, തൊഴിൽരഹിത വേതനം, പെൻഷൻ തുടങ്ങിയവ ലൈംഗികത്തൊഴിലാളികൾക്കും ലഭ്യമാകും. ജോലിസമയം, വേതനം, സുരക്ഷാമാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ചും കൃത്യമായ മാർഗനിർദേശങ്ങൾ നിയമം മുന്നോട്ടുവയ്ക്കുന്നു. സർക്കാർ റജിസ്ട്രേഷനുള്ള തൊഴിലുടമകൾക്കു മാത്രമേ ബൽജിയത്തിൽ ഇനി ലൈംഗികത്തൊഴിലാളികളെ ജോലിക്കെടുക്കാനാകൂ. ലൈംഗികാതിക്രമം, മനുഷ്യക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളിൽ മുൻപ് ഉൾപ്പെട്ടിട്ടുള്ളവരാണെങ്കിൽ ലൈസൻസ് ലഭിക്കുകയുമില്ല. ഉന്നത നിലവാരത്തിലുള്ള ശുചിത്വ, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ തൊഴിലിടങ്ങളിൽ പാലിക്കണം. ബൽജിയത്തിന്റെ അയൽരാജ്യങ്ങളായ ജർമനിയും നെതർലൻഡ്സും ലൈംഗികത്തൊഴിൽ നിയമവിധേയമാക്കിയിട്ടുണ്ടെങ്കിലും ഇത്രയും വിശാലമായ തൊഴിൽ സുരക്ഷാ നിയമം നടപ്പാക്കിയിട്ടില്ല.
അതേ സമയം, ചൂഷണവും മനുഷ്യക്കടത്തും കുട്ടികളോടുള്ള അതിക്രമവും ലൈംഗികത്തൊഴിലിന്റെ ഭാഗമായി ലോകമെങ്ങും തുടരുകയാണെന്നും അതു ചെറുക്കാൻ പുതിയ നിയമം പര്യാപ്തമല്ലെന്നും വിമർശകർ അഭിപ്രായപ്പെടുന്നു.
ലോകം ചർച്ച ചെയ്യും,
ബൽജിയം മാതൃക
യൂറോപ്യൻ യൂണിയന്റെയും (ഇയു) പാശ്ചാത്യ സൈനിക കൂട്ടായ്മയായ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെയും (നാറ്റോ) ആസ്ഥാനം ബൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസ് ആണെന്നത് പുതിയ നിയമനിർമാണം ലോകം മുഴുവനും വളരെ വേഗം ചർച്ച ചെയ്യപ്പെടാൻ ഇടയാക്കും. യൂറോപ്യൻ പാർലമെന്റ് അംഗങ്ങളും വിവിധ ആഗോള പ്രതിനിധികളുമായി അയ്യായിരത്തോളം നയതന്ത്ര പ്രതിനിധികൾ ബ്രസൽസിലുണ്ട്.
വലുപ്പത്തിൽ കേരളത്തേക്കാൾ ചെറുതാണു ബൽജിയം (30,528 ചതുരശ്ര കിലോമീറ്റർ). 1830ലാണ് നെതർലൻഡ്സിൽനിന്നു സ്വതന്ത്രമായത്. 1.17 കോടിയാണു ജനസംഖ്യ. ഡച്ച്, ഫ്രഞ്ച്, ജർമൻ എന്നിവയാണ് ഔദ്യോഗിക ഭാഷകൾ. 49,720 യൂറോയാണ് (ഏകദേശം 42 ലക്ഷം രൂപ) പ്രതിശീർഷ വരുമാനം. രണ്ടു ലോക യുദ്ധങ്ങളിലും ജർമനി കീഴടക്കിയിരുന്നെങ്കിലും രണ്ടാം ലോകയുദ്ധത്തിനുശേഷം വളരെപ്പെട്ടെന്ന് അഭിവൃദ്ധിപ്പെട്ട ബൽജിയം സാമ്പത്തികരംഗത്തും ജനാധിപത്യഭരണത്തിലും മാതൃകാ യൂറോപ്യൻ രാജ്യമായി മാറുകയായിരുന്നു.