പിഎസ്‌സി നിയമനം: തത്തുല്യ/ഉയർന്ന യോഗ്യതാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചു

Mail This Article
പിഎസ്‌സി നിയമനങ്ങളിലെ തത്തുല്യ/ഉയർന്ന യോഗ്യതാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചു സർക്കാർ സർക്കുലർ പുറത്തിറക്കി. ഉദ്യോഗസ്ഥ ഭരണപരിഷ്കാര (റൂൾസ്) വകുപ്പ് ജനുവരി 13നു പുറത്തിറക്കിയ (റൂൾസ്–2/95/2024–ഉഭപവ നമ്പർ) സർക്കുലറിലാണ് വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പിഎസ്‌സി വഴി തിരഞ്ഞെടുപ്പ് നടത്തുന്ന തസ്തികകളിൽ വിശേഷാൽ ചട്ടങ്ങൾ/നിയമന ചട്ടങ്ങൾ/എക്സിക്യൂട്ടീവ് ഉത്തരവു പ്രകാരമുള്ള യോഗ്യതകളാണ് വിജ്ഞാപനങ്ങളിൽ ഉൾപ്പെടുത്താറുള്ളത്. ഈ യോഗ്യതയ്ക്കൊപ്പം കെഎസ് ആൻഡ് എസ്എസ്ആറിലെ റൂൾ 10 (എ) (ii) പ്രകാരം സ്വീകാര്യമായ തത്തുല്യ/ഉയർന്ന യോഗ്യതകളും സ്വീകരിക്കും. എന്നാൽ തത്തുല്യ/ ഉയർന്ന യോഗ്യത സംബന്ധിച്ചു വ്യക്തതയില്ലാത്തതും യോഗ്യത നിശ്ചയിക്കുന്നതിനു വ്യക്തമായ വ്യവസ്ഥകളില്ലാത്തതും പലപ്പോഴും തർക്കങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണു പുതിയ സർക്കുലർ പ്രസിദ്ധീകരിച്ചത്.
സർക്കുലറിലെ പ്രസക്ത ഭാഗങ്ങൾ
∙ഒരു വകുപ്പിന്റെ വിശേഷാൽ ചട്ടത്തിൽ ഉൾപ്പെടുന്ന തസ്തികകളുടെ യോഗ്യതയുടെ കാര്യത്തിൽ ഒരു യോഗ്യത മറ്റൊന്നിനു തുല്യമോ ഉയർന്നതോ എന്നു നിശ്ചയിച്ചുകൊണ്ട് അതാതു ഭരണ വകുപ്പുകൾക്ക് ഉത്തരവ് പുറപ്പെടുവിക്കാം. ഇപ്രകാരം ഉത്തരവ് പുറപ്പെടുവിക്കുംമുൻപു ഭരണ വകുപ്പുകൾ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെയും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെയും പിഎസ്‌സിയുടെയും അഭിപ്രായം തേടണം.
∙പൊതു തസ്തികകളുടെ യോഗ്യതയുടെ കാര്യത്തിൽ ഒന്നു മറ്റൊന്നിനു സമാനമെന്നോ ഉയർന്നതെന്നോ സംബന്ധിച്ച ഉത്തരവുകൾ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണു പുറപ്പെടുവിക്കേണ്ടത്.
∙വിവിധ വകുപ്പുകളോ വകുപ്പുകളുടെ കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളോ ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളോ നടത്തുന്ന കോഴ്സുകൾ യോഗ്യതയായി പരിഗണിക്കണമെങ്കിൽ അതാതു ഭരണ വകുപ്പുകൾ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ അഭിപ്രായം ലഭ്യമാക്കി വ്യക്തമായ ശുപാർശ സഹിതം ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനു നൽകണം. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പിഎസ്‌സിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കണം.