KSEB വർക്കർ തസ്തികയിൽ 4000+ ഒഴിവ്: ഒഴിവുണ്ട്, വിജ്ഞാപനമില്ല, ഇരുട്ടിൽതപ്പി കെഎസ്ഇബി

Mail This Article
ഇലക്ട്രിസിറ്റി വർക്കർ തസ്തികയിൽ നാലായിരത്തിലധികം ഒഴിവുകളുണ്ടായിട്ടും കെഎസ്ഇബി വിജ്ഞാപനം പ്രസിദ്ധീകരിക്കാത്തതിനെത്തുടർന്ന് ഉദ്യോഗാർഥികൾ ആശങ്കയിൽ. ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തയാറാണെങ്കിലും പിഎസ്‌സി വഴിയുള്ള നിയമനത്തിനു പകരം മറ്റു മാർഗങ്ങളിലൂടെ ഒഴിവു നികത്താനാണ് കെഎസ്ഇബിയുടെ നീക്കം.
ബോർഡിൽനിന്നു വിരമിച്ചവരെയും മുൻപു കരാർ ജീവനക്കാരായിരുന്നവരെയും ഈ തസ്തികയിൽ നേരത്തെ താൽക്കാലികവ്യവസ്ഥയിൽ നിയമിച്ചിരുന്നു. ഇവരുടെ കാലാവധി നീട്ടി നൽകാനും ജോലി ചെയ്യുന്ന ദിവസം കണക്കാക്കി പ്രതിമാസം ഉയർന്ന പരിധി പരിഗണിക്കാതെ ശമ്പളം അനുവദിക്കാനും ബോർഡ് യോഗം തീരുമാനിച്ചിരിക്കുകയാണ്. പിഎസ്‌സി നിയമനം കാത്തിരിക്കുന്നവരെ നിരാശരാക്കുന്ന ഈ നടപടിയിൽ നിന്നു പിന്മാറണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പിഎസ്‌സി നിയമനം വൈകിപ്പിക്കുകയാണ് അധികൃതർ. വർക്കർ തസ്തികയിൽ നിലവിൽ 1909 ഒഴിവുകളാണുള്ളത്. 3085 പേർക്കു ലൈൻമാൻ ഗ്രേഡ്–2 തസ്തികയിലേക്കു സ്ഥാനക്കയറ്റം നൽകുന്നതോടെ ആകെ ഒഴിവുകൾ 4994 ആയി വർധിക്കും.
മുൻ വിജ്ഞാപനം വന്നിട്ട് 14 വർഷം
ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലേക്കുള്ള മുൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ട് 14 വർഷമാകുന്നു. 2011 മാർച്ച് 31നാണ് ഈ തസ്തികയിൽ അവസാനമായി പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. നാലാം ക്ലാസ് വിജയമായിരുന്നു അടിസ്ഥാന യോഗ്യത. പത്താം ക്ലാസ് വിജയിച്ചവർ അപേക്ഷിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ടായിരുന്നു. ജില്ലാതലത്തിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ 2013 സെപ്റ്റംബർ 30നു റാങ്ക് ലിസ്റ്റ് നിലവിൽ വരികയും 14 ജില്ലയിലുമായി 4020 പേർക്കു നിയമന ശുപാർശ ലഭിക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ ശുപാർശ നടന്നത് തൃശൂർ ജില്ലയിലായിരുന്നു–514. കുറവ് വയനാട് ജില്ലയിൽ–91.
വർക്കർ ഇനി ജൂനിയർ ടെക്നിഷ്യൻ
ഇലക്ട്രിസിറ്റി വർക്കർ തസ്തികയുടെ പേരും യോഗ്യതയും കെഎസ്ഇബി പുതുക്കി. ജൂനിയർ ടെക്നിഷ്യൻ എന്നതാണ് പുതിയ പേര്. മുൻപ് നാലാം ക്ലാസ് വിജയമായിരുന്നു യോഗ്യതയെങ്കിൽ ഇപ്പോൾ പത്താം ക്ലാസ് വിജയവും ഇലക്ട്രിക്കൽ/വയർമാൻ കോഴ്സിൽ ഐടിഐ സർട്ടിഫിക്കറ്റും വേണം. ഇതോടൊപ്പം പോസ്റ്റിൽ കയറാനുള്ള മികവും ഇരുചക്ര വാഹന ലൈസൻസും നിർബന്ധമാണ്. പിഎസ്‌സിയുടെ അംഗീകാരത്തിനായി കെഎസ്ഇബി സമർപ്പിച്ച സ്പെഷൽ റൂളിലെ നിർദേശങ്ങളിലാണ് പുതിയ യോഗ്യത ഉൾപ്പെടുത്തിയിരിക്കുന്നത്. പിഎസ്‌സിയും അംഗീകരിക്കുന്നതോടെ യോഗ്യതാ മാറ്റം നടപ്പാകും.