ADVERTISEMENT
ചെന്നകേശവക്ഷേത്രം
ചെന്നകേശവക്ഷേത്രം

നിരീശ്വരവാദിയെയും ആരാധകനാക്കും  ഹോയ്സാല ക്ഷേത്രങ്ങൾ. വീണക്കമ്പിപോലും കല്ലിൽ തീർക്കുന്ന കരവിരുതറിയാം.  അമ്പരപ്പിക്കുന്ന കൽക്ഷേത്രങ്ങൾ കണ്ടുവരാം.

ഒറ്റക്കൽത്തൂണ്
ഒറ്റക്കല്‍ത്തൂൺ

നൂറുവർഷമെടുത്തു നിർമിച്ചതാണു ബേലൂരിലെ ക്ഷേത്രങ്ങൾ. അതുകൊണ്ടുതന്നെ ലോകത്തിലെ അദ്ഭുതസൃഷ്ടിയായി ഈ കൽസ്മാരകങ്ങൾ നിലകൊള്ളുന്നു. ഒരു ചെറിയ ഉദാഹരണം പറയാം. ക്ഷേത്രസമുച്ചയത്തിൽ ഒട്ടേറെ സാലഭഞ്ജികമാരുടെ ശിൽപമുണ്ട്. അതിലൊന്ന് സുന്ദരി വീണമീട്ടുന്ന തരത്തിലുള്ളതാണ്. ആ ‘വീണക്കമ്പികൾ’പോലും കല്ലുകൊണ്ടാണു നിർമിച്ചിരിക്കുന്നത്. അത്ര സൂക്ഷ്മതയോടെ ഓരോ ഇഞ്ചിലും ശിൽപങ്ങളുൾക്കൊള്ളിച്ച നിർമിതി തീർച്ചയായും കണ്ടിരിക്കേണ്ടതാണ്.

കർണാടകയിലെ ബേലൂരിലും ഹാലേബിഡുവിലുമാണ് കൽ ക്ഷേത്രങ്ങൾ. ഹൊയ്സാല രാജവംശത്തിന്റെ ശേഷിപ്പുകളാണിവ. മാനന്തവാടി കഴിഞ്ഞ് നാഗർഹോളെ നാഷനൽ പാർക്കിലൂടെയുള്ള കാനനസഫാരിയാണ് ആദ്യത്തെ ആകർഷണം. ഇരുചക്രവാഹനങ്ങൾക്കു പ്രവേശനമില്ല ഈ കാട്ടിൽ. ഏതാണ്ടു മുപ്പത്തഞ്ചുകിലോമീറ്റർ കൊടുംകാട്ടിലൂടെ സഞ്ചരിക്കണമെങ്കിൽ ഈ വഴി വരാം. കടുവകൾ, ആനകൾ എന്നിവ ഭാഗ്യമുണ്ടെങ്കിൽ മുന്നിൽ വരും. മാനുകളെപ്പറ്റി പറയുകയേ വേണ്ട. എന്താ മാനില്ലേ എന്നാകും ഉള്ളിൽ ചോദിച്ചിട്ടുണ്ടാകുക. മാനുകളെ കണ്ടുമടുക്കും. നെല്ലറയെന്നറിയപ്പെടുന്ന കെആർ പട്ടണം കഴിഞ്ഞാൽ ഹാസൻ പട്ടണം. അവിടെനിന്ന് ഉച്ചഭക്ഷണമാകാം.  ബേലൂരിലെത്തുമ്പോൾ സന്ധ്യ. ക്ഷേത്രത്തിനടുത്ത് സർക്കാരിന്റെ അതിഥിമന്ദിരമായ ഹോട്ടൽ മയൂരയിൽ  രാത്രിവാസം. രാജപ്പൻ എന്നൊരു ആലപ്പുഴക്കാരനാണ് അവിടെ സഹായിക്കാനുണ്ടായിരുന്നത്.

ഹാലേബിഡുവിലെ നന്ദി പ്രതിമ
ഹാലേബിഡുവിലെ നന്ദി പ്രതിമ

ഹൊയ്സാല രാജാക്കൻമാർ കർണാടകയിൽ തൊണ്ണൂറ്റിരണ്ട് ക്ഷേത്രങ്ങൾ പണിതിട്ടുണ്ടത്രേ. അതിൽ ബേലൂരിലെയും ഹാലെബിഡുവിലെയും ക്ഷേത്രങ്ങളാണു പ്രസിദ്ധമായത്. ഹൊയ്സാല രാജ്യത്തിന്റെ ആദ്യ തലസ്ഥാനമായ വേലാപുരിയാണ് ബേലൂർ ആയത്. അവിടെയുള്ള ചെന്നകേശവ ക്ഷേത്രത്തെപ്പറ്റിയാണു നാമാദ്യം പറഞ്ഞത്. ചോളസാമ്രാജ്യത്തിനുമേൽ നേടിയ വിജയാഘോഷത്തിന്റെ ഭാഗമായാണ് രാജാവായ വിഷ്ണുവർധൻ (1108-1152 എഡി)  ക്ഷേത്രസമുച്ചയം നിർമിക്കുന്നത്.

നാഗർഹോളെ-കാട്ടിലൂടെയുള്ള-വഴി
നാഗർഹോളെ കാട്ടിലൂടെയുള്ള വഴി

പാറയുടെ മുകളിൽ ഒരു പൂവിരിഞ്ഞതു കാണുന്നതുപോലെയൊരു സന്തോഷമാണ് രാവിലെ ചെന്നകേശവക്ഷേത്രത്തിലെത്തിയപ്പോൾ തോന്നിയത്. സുന്ദരനായ കേശവൻ എന്നർഥമാണ് പേരിനുള്ളത്. വിഷ്ണുവാണ് പ്രതിഷ്ഠ. വലിയ ഗോപുരം കഴിഞ്ഞാൽ കല്ലുപാകിയ തറ. കല്ലുകൊണ്ടുതന്നെ ചുറ്റുമതിൽ. മുന്നിൽ ഒരു കൽത്താമരപോലെ ക്ഷേത്രം. കയറിച്ചെല്ലുമ്പോൾ രതീദേവിയും മൻമഥനും വേർപിരിഞ്ഞുനിൽക്കുന്ന ശിൽപം കാണാം. ആഗ്രഹങ്ങളെ പുറത്തുവച്ചിട്ടു വന്നാൽ മതിയെന്നാണത്രേ അതിനർഥം.

ഹോയ്സാലക്കാരുടെ-ചിഹ്നം
ഹോയ്സാലക്കാരുടെ ചിന്ഹം

ഉള്ളിൽ കടന്നാലോ? ഗർഭഗൃഹവും നവരംഗമണ്ഡപവുമാണ് പ്രധാന കാഴ്ചകൾ. കല്ലിൽ കവിതയെഴുതുക എന്നു പറഞ്ഞാൽ ഈ ശിൽപ്പികളെ ചെറുതാക്കുന്നതുപോലെയിരിക്കും. കല്ലിലെ മഹാകാവ്യം എന്നു പറയാം. നാൽപ്പത്തിരണ്ടു സുന്ദരികളുടെ ശിൽപ്പങ്ങളാണ് മേൽക്കൂരയ്ക്കു തൊട്ടുകീഴിൽ. കണ്ണാടി നോക്കുന്നവർ, വേട്ടയാടുന്നവർ തുടങ്ങി വീണമീട്ടുന്നവർ വരെ അതിലുണ്ട്. കാപ്പിരികളുടെപോലെ മുടിയുള്ളവരും ഏറെ.

ഹാലെബിഡുവിലെ-ക്ഷേത്രം
ഹലേബി‍ഡുവിലെ ക്ഷേത്രം

ശ്രീകോവിലിനുള്ളിൽ അഞ്ചുതൂണുകൾ. രാജപത്നിയായ ശന്തളാദേവിയുടെ രൂപം ഒന്നിൽ കൊത്തിവച്ചിട്ടുണ്ട്. ലക്ഷണമൊത്ത സുന്ദരികളെയാണ് ഈ തൂണുകളിൽ കാണുക. കണ്ണുകൾ മീൻപോലെ, വദനം ചന്ദ്രബിംബം, അരക്കെട്ട് സിംഹത്തെപ്പോലെ, താമരയിതൾ കാൽപാദം, പാദത്തിലെ  നീളം കൂടിയ രണ്ടാംവിരൽ ഇങ്ങനെയാണത്രേ ആ ലക്ഷണങ്ങൾ. ആ ശിൽപ്പങ്ങൾ കണ്ടാൽ ഈ ലക്ഷണങ്ങളൊക്കെ ഒക്കുമെന്നു തോന്നും.

മേൽക്കൂരയെ ഭുവനേശ്വരി എന്നാണത്രേ വിളിക്കുന്നത്. ത്രിമൂർത്തികൾ ഒത്തുചേരുന്നിടം.  ഹൊയ്സാല ക്ഷേത്രങ്ങളിൽ ഭിത്തികളും തൂണും മാത്രമല്ല മേൽക്കൂരയും കണ്ണിനു വിരുന്നാണ്. ആയിരത്തിലധികം സ്ത്രീരൂപങ്ങൾ വ്യത്യസ്ത ആഭരണങ്ങളും വസ്ത്രങ്ങളും ധരിച്ച് ഈ ഭിത്തികളിലുണ്ട്. അതുകൊണ്ടുതന്നെ ലോകത്തിന്റെ ആമാടപ്പെട്ടി എന്നാണ് ഒരു സായിപ്പ് ക്ഷേത്രത്തെ വിശേഷിപ്പിച്ചത്. ഏഴുജീവികളുടെ ഉടലുള്ള സങ്കൽപമൃഗമായ മകര,   രാജചിഹ്നമായ കടുവയോടേറ്റുമുട്ടുന്ന ബാലൻ  എന്നിവ പുറത്തിറങ്ങിയാൽ കാണാം. അടിത്തറയിൽ 640 ആനകളുണ്ട്.  നക്ഷത്ര ആകൃതിയിലാണ് അടിത്തറ. ക്ഷേത്രാങ്കണത്തിലെ ഒറ്റക്കൽത്തൂണാണ് അടുത്ത വിസ്മയം. താഴെ മൂന്നുഭാഗങ്ങൾ മാത്രമേ മുട്ടിയിട്ടുള്ളൂ. ഒരു തൂവാല അതിനടിയിലൂടെ വലിച്ചെടുക്കാം. 

ചെന്നകേശവ ക്ഷേത്രം കണ്ടുകഴിഞ്ഞാൽ ഹാലെബിഡുവിലേക്കു പോകാം. പതിനഞ്ചുകിലോമീറ്റർ ദൂരം. തകർക്കപ്പെട്ട നഗരം എന്നാണു പേരിനർഥം. ഇവിടെ ശിവനാണു പ്രതിഷ്ഠ. വലുപ്പത്തിൽ ഇന്ത്യയിലെ ആറാമത്തേതായ നന്ദിപ്രതിമ. ഹൊയ്സാലേശ്വര- ശന്തളേശ്വര ക്ഷേത്രങ്ങൾ എന്നിവയാണിവിടെ കാണാനുള്ളത്. ക്ഷേത്രങ്ങൾ കണ്ടിറങ്ങുമ്പോൾ എല്ലാവരും ആ കരവിരുതിനെ നമിച്ചിരുന്നു. ആരെയും ആ കൽക്ഷേത്രങ്ങളിലെ ശിൽപഭംഗി  ആരാധകരാക്കും. അതിൽ നിരീശ്വരവാദിയെന്നോ വിശ്വാസിയെന്നോ വ്യത്യാസമില്ല. തിരികെ യാത്രിൽ ഒരു ചോദ്യം മനസ്സിലുണ്ടായിരുന്നു. എന്തുകൊണ്ടാണു ശിൽപങ്ങൾക്കു കൃഷ്ണമണികൾ നൽകാതിരുന്നത്…. കണ്ണുകൂടി നൽകിയിരുന്നെങ്കിൽ അവയ്ക്കു ജീവനുണ്ടാകുമായിരുന്നു എന്നാരോ പറഞ്ഞു.

റൂട്ട്-

എറണാകുളം- തൃശ്ശൂർ-താമരശ്ശേരി- മാനന്തവാടി  260 Km

മാനന്തവാടി- കുട്ട(കർണാടക അതിർത്തി)  28 Km

കുട്ട- ഹുൻസുർ  55 km 

ഹുൻസുർ-ഹോളെനർസിപുര 60 km

ഹോളെ നർസിപുര- ബേലൂർ 82 km

ബേലൂർ-ഹാലേബിഡു 15 km

താമസസൗകര്യത്തിന്- ബേലൂർ ഹോട്ടൽ മയൂര 08177222209

നോട്ട്സ്- പകൽ മാത്രമേ നാഗർഹോളെയിലൂടെ പോകാൻ പറ്റൂ. രാത്രി തിരിച്ചു മാനന്തവാടിയിലെത്താൻ തിത്തിമത്തി ഫോറസ്റ്റിലൂടെ രാത്രിയാത്രാ നിരോധനം ഇല്ലാത്ത വഴിയുണ്ട്. ആനകളുണ്ടാകും, വേഗം കുറച്ചുപോകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com