കോടഞ്ചേരി– കക്കാടംപൊയിൽ, നാട്ടുവഴിയുടെ മണമറിഞ്ഞൊരു ഹൈവേ യാത്ര

Mail This Article
∙ മലയോര ഹൈവേയിൽ കോഴിക്കോട് ജില്ലയിൽ നിർമാണം പൂർത്തിയായ കോടഞ്ചേരി– കക്കാടംപൊയിൽ റീച്ച് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. വരൂ, ആദ്യമലയോര ഹൈവേയുടെ കാഴ്ചകൾ കണ്ട് ഒരുയാത്ര പോവാം.
വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും ഒളിഞ്ഞിരിക്കുന്ന വഴിയോരങ്ങൾ. ജാതിക്കാത്തോട്ടങ്ങളും കാപ്പിച്ചെടികളും അതിരിടുന്ന ഹെയർപിൻ വളവുകൾ. അങ്ങകലെ, മലമേലെ പച്ചപ്പുൽമേടുകളുടെ ശാന്തത. മലയോര ഹൈവേയുടെ ഭാഗമായി ജില്ലയിൽ ആദ്യമായി തുറക്കുന്ന 34 കിലോമീറ്റർ റോഡിലൂടെയാണ് ഈ യാത്ര. കാഴ്ചകളിലും സംസ്കാരത്തിലും വ്യത്യസ്തതയാർന്ന നാട്ടുപ്രദേശങ്ങളിലൂടെയുള്ള സഞ്ചാരം. മഞ്ഞ് കുടചൂടുന്ന തുഷാരഗിരിയുടെ താഴ്‌വാരത്തുള്ള കോടഞ്ചേരിയുടെ മണ്ണിൽനിന്നാണ് നമ്മൾ പുറപ്പെടുന്നത്. മലപ്പുറത്തോട് മുട്ടിയുരുമ്മി നിൽക്കുന്ന, നിലമ്പൂരിന് അതിരിടുന്ന കക്കാടംപൊയിലിലേക്കാണ് വണ്ടി ഫസ്റ്റ് ഗിയറിട്ട് ഇരമ്പിക്കയറുന്നത്. പുതുപുത്തൻ വെള്ള കിയ കാരെൻസിന് ഈ മലനിരകളിലേക്ക് വലിഞ്ഞുകയറാൻ കരുത്തുണ്ടോ എന്ന് ഇന്നറിയാം.

∙ സമയം ഉച്ചയ്ക്ക് 1.10
ഉച്ചയൂണു കഴിഞ്ഞുള്ള ആലസ്യത്തിലാണ് കോടഞ്ചേരി അങ്ങാടി. മലയോര ഹൈവേയുടെ നിർമാണം പൂർത്തിയാക്കിയ ഭാഗം ഇവിടെയാണ് തുടങ്ങുന്നത്. 12 മീറ്റർ വീതിയുള്ള റോഡ്. നടുവിലൂടെ റോഡിന് വെള്ളിക്കൊലുസു കെട്ടിയ പോലെ വെള്ളവരകൾ. ഇരുവശത്തും കോൺക്രീറ്റ് നടപ്പാത. കുടിയേറ്റ ജനതയുടെ ചരിത്രം പേറുന്ന പഴമയുടെ മണമുള്ള അങ്ങാടിയാണ്. പക്ഷേ പുതിയ റോഡിൽ നിൽക്കുമ്പോൾ ആ പഴയ കോടഞ്ചേരിയാണെന്ന് ഒരുനിമിഷം മറന്നുപോവും. ഈ യാത്ര കക്കാടംപൊയിലിലേക്കാണ്. വളഞ്ഞുപുളഞ്ഞുപോകുന്ന നാട്ടുവഴിയിലൂടെ ആടിയിളകി പോയിരുന്ന വഴിയാണ്. അവിടെത്തുമ്പോൾ നട്ടെല്ലിന്റെ നട്ടുംബോൾട്ടും ലൂസായിപ്പോവുമായിരുന്നു. ആ വഴി മാഞ്ഞുപോയിരിക്കുന്നു. വീതിയുള്ളൊരു സുന്ദരൻറോഡാണ് മുന്നിൽ നീണ്ടുനിവർന്നുകിടക്കുന്നത്.

∙ ഉച്ചയ്ക്ക് 1.14
റോഡിൽ തിരക്കുകുറവാണ്. ഉച്ചയായതിനാലാവാം. യാത്ര തുടങ്ങി നാലു മിനിറ്റ് തികയുംമുൻപേ വണ്ടി ചാലിപ്പുഴയ്ക്കരികിലെത്തിക്കഴിഞ്ഞു. പുലിക്കയത്തെ പാലത്തിനു മുകളിലേക്കാണ് നമ്മൾ കയറുന്നത്. രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്ങിലൂടെ സ്പോർട്സ് ടൂറിസം മാപ്പിൽ ഇടംപിടിച്ച പേരാണ് പുലിക്കയം. മലയോരമേഖലയിൽ മഴക്കാലത്ത് സാഹസിക വിനോദസഞ്ചാരികൾ തീർഥാടനം ചെയ്തെത്തുന്ന ഇടം. പുലിക്കയം പാലത്തിനുതാഴെ ഉരുണ്ട പാറക്കല്ലുകൾ. അവയ്ക്കിടയിലൂടെ കുത്തിയൊലിച്ചുവരുന്ന പുഴ. വേനലേറ്റ് മെലിഞ്ഞുപോയിട്ടുണ്ട്. ഈ പുഴയിലൂടെയാണ് മൺസൂൺ മഴയത്ത് വിദേശ കയാക്കർമാർ സാഹസിക കയാക്കിങ്ങിനിറങ്ങുന്നത്. റോഡിൽനിന്നു നോക്കിയാൽ ഇടത്തോട്ടൊരു വഴി കാണാം. അങ്ങകലെ കയാക്കിങ്ങ് സെന്ററിന്റെ പുതിയ കെട്ടിടമുണ്ട്. വണ്ടി കയറ്റംകയറി മുന്നോട്ടു കുതിക്കുകയാണ്.

∙ ഉച്ചയ്ക്ക് 1.17
നീട്ടിവിരിച്ചിട്ടൊരു പരവതാനി പോലെ റോഡ് കിടക്കുകയാണ്. വണ്ടിയുടെ വേഗം കൂടുന്നത് അറിയുന്നേയില്ല. പുലിക്കയം പിന്നിട്ട് മൂന്നു മിനിറ്റ് തികയുംമുൻപ് നെല്ലിപ്പൊയിൽ ജംക്‌ഷനിലെത്തിക്കഴിഞ്ഞു. ഇവിടെനിന്ന് ഇടത്തോട്ട് ഒരു റോഡ് തിരിഞ്ഞുപോവുന്നു. പച്ച ബോർഡിൽ വെള്ള അക്ഷരത്തിൽ ദിശാസൂചിക എഴുതിവച്ചിട്ടുണ്ട്… തുഷാരഗിരി. ജീരകപ്പാറ വനമേഖലയ്ക്കുതാഴെ മനോഹരമായ അഞ്ചു വെള്ളച്ചാട്ടങ്ങൾ. അങ്ങു സഹ്യനുമേലെ തലയുയർത്തിനിൽക്കുന്ന തേൻപാറയാണ് ഏറ്റവും ഉയരമുള്ള ഇടം. മലയോരഹൈവേയിൽനിന്ന് എത്തിച്ചേരാവുന്ന ആദ്യവെള്ളച്ചാട്ടമാണ് തുഷാരഗിരി. നെല്ലിപ്പൊയിൽ അങ്ങാടി പിന്നിട്ട് വണ്ടി പിന്നെയും മുന്നോട്ടു കുതിക്കുകയാണ്.

ഒരു മിനിറ്റു പിന്നിട്ടതേയുള്ളൂ. കാരൻസ് കുതിക്കുകയാണ്. റോഡരികിൽ ഇടത്തോട്ടൊരു ദിശാ സൂചകം...അരിപ്പാറ വെള്ളച്ചാട്ടം. പാറക്കെട്ടുകൾ നിറഞ്ഞ പുഴയ്ക്കു കുറുകേയുള്ള അതിമനോഹരമായൊരു തൂക്കുപാലമാണ് മനസ്സിലേക്ക് ഓടിയെത്തിയത്. മുന്നറിയിപ്പ് അവഗണിച്ച് പുഴയിലിറങ്ങുന്ന എത്രയോപേർ പാറക്കെട്ടുകളിൽ വഴുതി വീഴുന്നതും പതിവാണ്. പരിചയമില്ലാത്ത പുഴയെ കണ്ണടച്ചുവിശ്വസിക്കരുതെന്ന് പഴമക്കാർ പറയുന്നതുവെറുതെയല്ല. അങ്ങു മലമേലെ മഴപെയ്താൽ താഴെ കരയിലുള്ളവർ അറിയില്ല. നോക്കിനിൽക്കേ പുഴയിലെ വെള്ളം കയറിവരുമത്രേ.

∙ ഉച്ചയ്ക്ക് 1.20
റോഡിന്റെ ഇരുവശത്തും തെങ്ങിൻ തോപ്പുകളും മാവുമൊക്കെയുണ്ട്. വീണ്ടുമൊരു പുഴയ്ക്കരികിലേക്കാണ് എത്തുന്നത്. ഇരുവഞ്ഞിപ്പുഴയാണ്. മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥയുറങ്ങുന്ന ഇരുവഞ്ഞിപ്പുഴ. ഇതുവരെ കാർ കടന്നുവന്ന റോഡിനു സമാന്തരമായാണ് പുഴ ഒഴുകിവന്നതെന്നു തോന്നുന്നു. റോഡിൽ ഇടത്തേക്കൊരു വളവു വളഞ്ഞാൽ നേരെ പാലത്തിലേക്കാണ് കയറുന്നത്. ‘ഇലന്തുകടവ്’ എന്ന പേര് പച്ചബോർഡിൽ വെള്ളയക്ഷരത്തിൽ കുറിച്ചുവച്ചിരിക്കുന്നു. പുലിക്കയത്തിനൊപ്പം ഇലന്തുകടവും കയാക്കിങ്ങ് വേദിയാണ്. മലബാർ റിവർഫെസ്റ്റിന്റെ സമാപനദിവസം അതിസാഹസികമായി കയാക്കർമാർ പുഴയിലേക്ക് എടുത്തുചാടുന്നത് ഇവിടെയാണ്. പാലം കടന്നയുടനെ വലതുവശത്ത് താഴേക്കിറങ്ങിയാൽ കെടിഡിസിയുടെ റെസ്റ്റോറന്റുമുണ്ട്. റോഡ് നേരെ ചെന്നുകയറുന്നത് പുല്ലൂരാംപാറ അങ്ങാടിയിലേക്കാണ്. കുരിശടിക്കു സമീപത്തുനിന്ന് മലയോരഹൈവേ ഇടത്തോട്ടുതിരിഞ്ഞുപോവുന്നു. നേരെയുള്ള റോഡ് തിരുവമ്പാടിക്കാണ്. അവിടെ പണി നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണമുണ്ടെന്ന് ബോർഡു വച്ചിട്ടുണ്ട്.

∙ ഉച്ചയ്ക്ക് 1.26
വണ്ടി പൊന്നാങ്കയം പിന്നിട്ട് മുന്നോട്ടു കുതിക്കുകയാണ്. നാടൊന്നാകെ ഉച്ചമയക്കത്തിലാണെന്ന് തോന്നുന്നു. മലയോരമേഖലയിലെ അങ്ങാടികൾക്ക് ഉച്ചയുറക്കം പതിവാണ്. ഉച്ചയ്ക്ക് പതിനൊന്നരയോടെ കടകളിൽ കച്ചവടത്തിരക്ക് കുറയും. പതിയെ കടകളുടെ ഷട്ടറിട്ട് വീട്ടിലേക്ക് ഒരു പോക്കാണ്. ഉച്ചഭക്ഷണവും കഴിച്ച് ഉച്ചയുറക്കം കഴിഞ്ഞ് മൂന്നരയോടെയാണ് പലരും തിരികെവന്ന് കട തുറക്കുകയത്രേ. പുന്നയ്ക്കൽ അങ്ങാടിയിൽനിന്ന് വലത്തോട്ടുതിരിഞ്ഞാണ് മലയോര ഹൈവേ പോവുന്നത്. ഇടത്തോട്ടുള്ള ബോർഡിൽ ‘ഉറുമി വെള്ളച്ചാട്ടം 1.2 കിലോമീറ്റർ’ എന്നെഴുതി വച്ചിരിക്കുന്നു. കെഎസ്ഇബിയുടെ സ്വന്തം ചെറുകിട വൈദ്യുതിപദ്ധതിയാണ് ഉറുമി വെള്ളച്ചാട്ടത്തിലുള്ളത്. വളഞ്ഞുപുളഞ്ഞുപോകുന്ന വഴിയാണ് അങ്ങോട്ട്. വൈകിട്ട് നാലരയാവുമ്പോഴേക്ക് തണുപ്പരിച്ചിറങ്ങുന്ന പ്രദേശമാണ് ഉറുമി.

പുല്ലൂരാംപാറയെന്ന മനോഹര ഗ്രാമം അവിടെ ഒളിച്ചിരിക്കുന്നുണ്ട്. ‘ജാതിക്കാത്തോട്ടം എജ്ജാദി നിന്റെ നോട്ടം’ എന്നൊരു മൂളിപ്പാട്ടുംപാടിയാണ് യാത്ര. ഇത് കേരളത്തിൽ ഏറ്റവുമധികം ജാതിക്കാതോട്ടങ്ങളുള്ള നാടാണ്. ഏക്കറുകളോളം പരന്നുകിടക്കുന്ന വിശാലമായ ജാതിക്കാത്തോട്ടങ്ങൾ. ജാതിക്കയുടെ മണമുള്ള കാറ്റ്.

∙ ഉച്ചയ്ക്ക് 1.31
കാർ ഓടിയോടി കൂടരഞ്ഞിയിലേക്ക് എത്തുകയാണ്. എൻജിന്റെ നേർത്തൊരു മുരളിച്ച മാത്രം. കൂടരഞ്ഞി അങ്ങാടിയിലേക്ക് മലയോരഹൈവേ നേരെയങ്ങു കയറിച്ചെല്ലുന്നില്ല. അങ്ങാടിക്കു തൊട്ടുമുൻപ് കറുങ്കുറ്റിയിൽനിന്ന് ഇടത്തോട്ടു തിരിയുകയാണ്. കുറച്ചുമുന്നോട്ടു ചെല്ലുമ്പോൾ റോഡിന്റെ വലതുവശത്തായി പഴമയുടെ പ്രൗഡിയുമായി സെന്റ് സെബാസ്റ്റ്യൻസ് പള്ളി തലയുയർത്തി നിൽക്കുന്നു. തൊട്ടുചേർന്നുള്ള സ്കൂൾ മൈതാനം വൃത്തിയായി ഒരുക്കിയിട്ടിട്ടുണ്ട്. ഇവിടെയാണ് മലയോര ഹൈവേയുടെ ഉദ്ഘാടനച്ചടങ്ങ് നടക്കുന്നത്. കൽപിനിയെത്തിയപ്പോൾ റോഡിനു നടുക്ക് തൊഴിലാളികൾ വെള്ള വരയിടുകയാണ്. റിഫ്ലക്റ്ററുകളിൽ പശയിട്ട് റോഡിൽ അടിച്ചുറപ്പിക്കുന്നുണ്ട്. തൊഴിലാളികളോട് കഥ പറഞ്ഞ് പിന്നെയും മുന്നോട്ട്. ഉച്ചമയക്കിലായ പുഷ്പഗിരി അങ്ങാടിയും പിന്നിട്ട് വണ്ടി കൂമ്പാറയിലേക്ക് എത്തുകയാണ്.

∙ ഉച്ചയ്ക്ക് 1.42
മലയോരത്ത് നാടൻപെണ്ണിനെപ്പോലെ നാണംകുണുങ്ങി നിൽക്കുകയാണ് കൂമ്പാറ അങ്ങാടിയെന്ന് ഒറ്റനോട്ടത്തിൽ തോന്നും. വലിയ ബഹളങ്ങളില്ലാത്ത അങ്ങാടി. ലിന്റോ ജോസഫ് എംഎൽഎയുടെ സ്വന്തം നാട്. കൂമ്പാറ പിന്നിട്ട് മുന്നോട്ടുപോവുമ്പോൾ അടുത്തൊരു വെള്ളച്ചാട്ടമുണ്ടെന്ന സൂചനാബോർഡ്. അകമ്പുഴ വെള്ളച്ചാട്ടത്തിലേക്ക് 2.6 കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ. ഇത്രയും ദൂരം വാഹനമോടുമ്പോൾ ഇരുവശത്തുംം വലിയ വലിയ കരിങ്കൽ മതിലുകളാണ് കണ്ണിൽപ്പെട്ടത്. വീടുകൾക്ക് സുരക്ഷിതമായ കരിങ്കൽക്കെട്ടുകെട്ടി മതിലു പണിതുകൊടുത്തതും പദ്ധതിയുടെ ഭാഗമായിട്ടാണ്. മുന്നോട്ടുള്ള യാത്രയിൽ കയറ്റം കഠിനമായി വരികയാണ്. വാഹനത്തിന്റെ വേഗത കുറയുന്നു.
പീടികപ്പാറ പള്ളിക്കടുത്ത് ആനക്കല്ലുംപാറയിലേക്ക് എത്തിയതോടെ മലയോരപാതയുടെ ആർഭാടം തീർന്നു. ഇവിടെ മുതൽ മുന്നോട്ട് പണിയൊന്നും നടന്നിട്ടില്ല. വീതി കുറഞ്ഞ പഴയ റോഡാണ് മുന്നോട്ടുള്ളത്. അലൈൻമെന്റ് സംബന്ധിച്ച തർക്കത്തിന് ഇനിയും പരിഹാരമായിട്ടില്ല. 34 കിലോമീറ്റർ പണി പൂർത്തിയായെന്ന് അവകാശപ്പെടുമ്പോഴും ഏഴു കിലോമീറ്ററോളം ദൂരം റോഡ് പഴയതുപോലെ കിടക്കുകയാണ്. ചുറ്റിവളയുന്ന മുടിപ്പിൻ വളവുകൾ. അപ്രതീക്ഷിതമായി കുതിച്ചെത്തുന്ന വാഹനങ്ങൾ മുന്നിലേക്ക് ചാടുന്നുണ്ട്.
റോഡരികിൽ ഇടതുവശത്ത് വിളഞ്ഞുകിടക്കുന്ന പപ്പായത്തോട്ടങ്ങൾ. ഇടയ്ക്കിടെ തലയുയർത്തി നോക്കുന്ന ജാതിമരങ്ങൾ. കടുംതവിട്ടുനിറത്തിൽ കായ്ച്ചുകിടക്കുന്ന കാപ്പിച്ചെടികൾ. റോഡരികിൽ റിസോർട്ടുകളുടെ പേരെഴുതിയ ബോർഡുകളുടെ പെരുന്നാളാണ്. പൂൾ ഉള്ള റിസോർട്ടുകൾ... സ്പാ ഉള്ള റിസോർട്ടുകൾ. വില്ലകൾ…
∙ ഉച്ചകഴിഞ്ഞ് 2 മണി.
താഴെ കക്കാട് അങ്ങാടിയിലേക്ക് എത്തുകയാണ്. പഴമയുടെ ദാരിദ്രം നിറഞ്ഞ റോഡ് അവസാനിക്കുന്നു. ഇവിടെനിന്ന് വീണ്ടും മലയോര പാതയുടെ വിശാലത തുടങ്ങുകയായി.
അഞ്ചു മിനിറ്റ് തികയുംമുൻപേ വണ്ടി കക്കാടം പൊയിലിലേക്ക് കുതിച്ചെത്തുകയാണ്. വീതിയേറിയ ഒരു ഹെയർപിൻവളവു കടന്ന് കക്കാടംപൊയിൽ സ്കൂളിനുമുന്നിലേക്ക് കയറിച്ചെന്നു. പണ്ടൊക്കെ ഈ വഴി ഒരൊറ്റ ആനവണ്ടി മാത്രം കുതിച്ചുകയറി വന്ന കാലമുണ്ടായിരുന്നു. മല കയറി ബസ്സ് എപ്പോഴാണോഎത്തുന്നത്, അപ്പോഴാണ് സ്കൂളിലെ ക്ലാസ് തുടങ്ങിയിരുന്നതത്രേ. അധ്യാപകരും കുട്ടികളുമൊക്കെ ഈ ബസ്സിൽകയറിയാണ് മലമുകളിലേക്ക് ചെന്നിരുന്നതെന്ന് പഴമക്കാർ പറയുന്നു.
സ്കൂൾ പിന്നിട്ട് മുന്നോട്ടു ചെല്ലുമ്പോൾ ചെറിയൊരു അങ്ങാടി. വലതുവശത്ത് വിശാലമായ ഒരു മൈതാനം. വേനൽക്കാലവും പരീക്ഷാക്കാലവുമായതിനാൽ തിരക്കൊഴിഞ്ഞുകിടക്കുകയാണ്. റേഷൻകടയോടു ചേർന്ന ഹോട്ടലിൽനിന്ന് ഊണുകഴിച്ച് ഏമ്പക്കം വിട്ടു പുറത്തേക്ക് ഇറങ്ങിവരുന്ന ജീപ്പ് ഡ്രൈവർമാരും ഓട്ടോഡ്രൈവർമാരും. വണ്ടി പിന്നെയും മലയോര പാതയിലൂടെ മുന്നോട്ടുപോവുകയാണ്.
∙ ഉച്ചകഴിഞ്ഞ് 2.15
കക്കാടംപൊയിൽ അങ്ങാടി കഴിഞ്ഞ് നാനൂറു മീറ്റർ പിന്നിട്ടപ്പോൾ റോഡ് തീരുകയാണ്. കോപ്പി പുസ്തകത്തിലെ വരകൾ പോലെ സമാന്തരമായ വെള്ള വരകൾ റോഡിനു കുറുകെ. ഇവിടെയാണ് ജില്ലയുടെ അതിർത്തി. മലയോര പാതയുടെ പണി ഇവിടെവരെയാണ് പൂർത്തിയായിരിക്കുന്നത്. റോഡു തീരുന്നിടത്ത് റോഡ് പണിയുടെ കരാറുകാർ സ്ഥാപിച്ച ബോർഡ് മാഞ്ഞുതുടങ്ങിയിരിക്കുന്നു. 2020 ജൂൺ 26ന് പണി തുടങ്ങുകയും 2022 ജൂൺ 25ന് പണി പൂർത്തിയാക്കുകയും ചെയ്യുമെന്ന് ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നു വർഷം വൈകിപ്പോയെങ്കിലും റോഡ് പണി വൃത്തിയായതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാർ.
റോഡിന്റെ ഇടതുവശത്തായി ഒരു വീട് നിൽക്കുന്നുണ്ട്. ജില്ലയുടെ അതിർത്തിയിലെ അവസാന വീടാണിത്. രണ്ടു ജില്ലകളിലെ മൂന്നു പഞ്ചായത്തുകൾ ചേരുന്ന സ്ഥലത്താണ് വീട് നിൽക്കുന്നത്. വീട്ടുമുറ്റത്ത് മരപ്പണികൾ നടക്കുകയാണ്. വീട്ടുടമ ചെമ്പകശ്ശേരി രാജു മുറ്റത്തുണ്ട്. ജാതികൃഷിയും ചെറിയൊരു കോഴി ഫാമുമൊക്കെയായാണ് കുടിയേറ്റ കർഷകനായ രാജുവിന്റെ ജീവിതം മുന്നോട്ടുപോവുന്നത്. അപ്പാപ്പന്റെ കാലത്ത് ചങ്ങനാശ്ശേരിയിൽനിന്ന് ഇവിടേക്ക് കുടിയേറിവന്നതാണ് രാജുവിന്റെ പൂർവികർ.

‘‘ ആ കാണുന്ന മരത്തിനപ്പുറത്ത് മലപ്പുറം ജില്ലയാണ്. അതിനപ്പുറത്ത് ഊർങ്ങാട്ടിരി പഞ്ചായത്താണ്. ഇവിടെ ഇടതുവശത്തേക്ക് ചാലിയാർ പഞ്ചായത്താണ്. ഞങ്ങൾ താമസിക്കുന്ന ഈ വീട് കൂടരഞ്ഞി പഞ്ചായത്തിലാണ്. മലയോരഹൈവേയുടെ അതിർത്തിയിലെ ആദ്യവീട് ഞങ്ങളുടേതാണ്’’ രാജു പറഞ്ഞു.
‘‘ ഇതുവഴി നിലമ്പൂരേക്ക് ഒരു ബസ്സ് ഓടുന്നുണ്ട്. രണ്ടു സർവീസ് തിരുവമ്പാടി വരെ നടത്തും. ബാക്കി സർവീസുകൾ കക്കാടംപൊയിൽ വരെയാണ്. മലയോര ഹൈവേ തുറക്കുന്നതോടെകൂടുതൽ ബസ്സുകൾ ഓടുമെന്നാണ് പ്രതീക്ഷ.’’ രാജുവിന്റെ വാക്കുകളിൽ ശുഭാപ്തിവിശ്വാസം.