താജ്മഹല്‍ ഇന്ത്യയില്‍ മാത്രമല്ല, അമേരിക്കയിലും ദുബായിലും ബ്രിട്ടനിലുമുണ്ട്

Mail This Article
ഭാരതത്തിന്‍റെ സ്വകാര്യ അഭിമാനങ്ങളില്‍ ഒന്നാണ് താജ്മഹല്‍ എന്ന വെണ്ണക്കല്‍ കൊട്ടാരം. ആഗ്രയില്‍ യമുനയുടെ തീരത്തുള്ള താജ്മഹല്‍ ലോകമാകെ പ്രണയത്തിന്‍റെ അനശ്വര പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. മുഗൾ ചക്രവർത്തിയായ ഷാജഹാൻ, പത്നിയായിരുന്ന മുംതാസ് മഹലിന്‍റെ സ്മരണയ്ക്കായി പണികഴിപ്പിച്ച താജ്മഹല്‍, ലോകമഹാദ്ഭുതങ്ങളിൽ ഒന്നാണ്. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് വാസ്തുരീതികളുടെ സങ്കലനമായ താജ്മഹൽ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഒന്നാണ്.
രാജ്യാന്തര സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളില്‍ ഒന്നായ താജ്മഹല്‍ ഇന്ത്യയില്‍ മാത്രമല്ല ഉള്ളത് എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ. അതേ... ലോകത്ത് പലയിടങ്ങളിലും 'താജ്മഹല്‍' ഉണ്ട്, അവ പണിതത് ഷാജഹാന്‍ ചക്രവര്‍ത്തിയല്ലെന്നു മാത്രം. താജ്മഹലിന്‍റെ അതേ മാതൃകയില്‍ പണിഞ്ഞ പകർപ്പുകൾ ആണിവ. ആഗ്രയിലെ യഥാർത്ഥ താജ്മഹലിനോട് അസാധാരണമായ സാമ്യം പുലർത്തുന്ന ഈ കെട്ടിടങ്ങള്‍ എവിടെയൊക്കെയാണ് എന്നറിയാം.

ചൈനയിലെ താജ്മഹൽ
ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ ഉണ്ടാക്കുന്നതില്‍ ചൈനയെ വെല്ലാന്‍ മറ്റാര്‍ക്കും കഴിയില്ല. കെട്ടിടങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഷെൻഷെനിലെ ഒരു തീം പാർക്കിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിനെ ഇതിനെ വിൻഡോ ടു ദ വേൾഡ് എന്നാണ് ചൈനക്കാര്‍ വിളിക്കുന്നത്. താജ്മഹല്‍ മാത്രമല്ല, പിസയിലെ ചരിഞ്ഞ ഗോപുരം, ഈഫൽ ടവർ എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രശസ്തമായ സ്മാരകങ്ങളുടെ പകർപ്പുകളും ഈ പാർക്കിലുണ്ട്.
ബംഗ്ലാദേശിലെ താജ്മഹൽ
ബംഗ്ലാദേശിലെ താജ്മഹൽ സ്ഥിതി ചെയ്യുന്നത് രാജ്യ തലസ്ഥാനമായ ധാക്കയിലാണ്. ബംഗ്ലാദേശി ചലച്ചിത്ര നിർമാതാവായ അഹ്സനുല്ല മോനിയാണ് ഇത് നിര്‍മിച്ചത്. 1980-ൽ ആദ്യമായി ഇന്ത്യയില്‍ വന്നപ്പോള്‍ താജ്മഹൽ സന്ദർശിച്ചപ്പോഴാണ് ഇത്തരമൊരു ആശയം അദ്ദേഹത്തിന്‍റെ തലയില്‍ കത്തിയത്. പിന്നീട്, 2008 -ൽ താജ്മഹലിന്‍റെ മാതൃക പണിയാനുള്ള പ്രോജക്റ്റ് അദ്ദേഹം പ്രഖ്യാപിച്ചു.

ബംഗ്ലാദേശില്‍ ഉള്ളവരെ സംബന്ധിച്ച്, ഇന്ത്യയിലെത്തി താജ്മഹല്‍ കാണുക എന്നാല്‍ അല്‍പ്പം ചിലവേറിയ കാര്യമാണ്, എല്ലാവര്‍ക്കും അത് സാധിക്കണമെന്നില്ല. അങ്ങനെയുള്ളപ്പോള്‍ ആളുകള്‍ക്ക് സ്വന്തം രാജ്യത്തു തന്നെ താജ്മഹല്‍ കാണാനുള്ള അവസരമായാണ് അദ്ദേഹം ഈ സൃഷ്ടിയെ വിശേഷിപ്പിക്കുന്നത്.
താജ്മഹൽ ഹൗസ്ബോട്ട്, സൗസാലിറ്റോ, കാലിഫോർണിയ
വൈൻയാർഡ് സംരംഭകനായ ബിൽ ഹാർലൻ ആണ് അമേരിക്കയിൽ കാലിഫോര്‍ണിയയിലെ താജ്മഹലിന്‍റെ സൃഷ്ടിക്ക് പിന്നില്‍. 1970-കളുടെ മധ്യത്തിൽ ഇന്ത്യ സന്ദർശിച്ച അദ്ദേഹം താജ്മഹലിന്‍റെ സൗന്ദര്യത്തില്‍ ഭ്രമിച്ചു. തിരിച്ച് കാലിഫോര്‍ണിയ എത്തിയപ്പോള്‍ ആ മനോഹര കെട്ടിടത്തിന്‍റെ മാതൃക നിര്‍മിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ താജ്മഹലിന്‍റെ ആകൃതിയില്‍ ഒരു ഹൗസ്ബോട്ട് നിർമിച്ചു. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ കാശ്മീരിലെ ദാൽ തടാകത്തില്‍ കണ്ട ഹൗസ്ബോട്ടുകളും അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചിരുന്നു. താജ്മഹല്‍ ബോട്ട് ഉണ്ടാക്കിയെങ്കിലും 2016-ൽ അദ്ദേഹം അത് വിറ്റു.
റോയൽ പവലിയൻ, ബ്രൈറ്റൺ, യുകെ
ഇന്ത്യ കീഴടക്കി ഇവിടുത്തെ പൊന്നും പണവും മാത്രമല്ല ഇംഗ്ലീഷുകാര്‍ അപഹരിച്ചത്. ഇവിടുത്തെ മഹത്തായ നിർമിതിയും അവര്‍ സ്വന്തം നാട്ടിലേക്ക് കടത്തിക്കൊണ്ടുപോയി എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ബ്രൈറ്റണിലെ റോയല്‍ പവലിയന്‍. താജ്മഹലിനോട് സാമ്യമുള്ള ബ്രിട്ടീഷ് സ്മാരകമാണ് റോയൽ പവലിയന്‍ കെട്ടിടം. ബ്രൈറ്റൺ പവലിയൻ എന്നും ഇത് അറിയപ്പെടുന്നു, ഇത് വെയിൽസ് രാജകുമാരനായ ജോർജിന്റെ ഉടമസ്ഥതയിലുള്ള കടൽത്തീരത്താണ് ഇത് നിർമിച്ചിരിക്കുന്നത്. 19-ാം നൂറ്റാണ്ടില്‍ ഇന്ത്യയിൽ പ്രബലമായിരുന്ന ഇന്തോ-സാർസെനിക് ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഇതിന്‍റെ ഘടന.

ദുബായിലെ താജ്മഹൽ, താജ് അറേബ്യ
വിനോദസഞ്ചാരത്തിന് ദുബായ് നഗരത്തെ വെല്ലാന്‍ മിഡില്‍ ഈസ്റ്റില്‍ മറ്റൊരു രാജ്യമില്ല. എവിടെ തിരിഞ്ഞു നോക്കിയാലും അദ്ഭുതങ്ങള്‍ മാത്രമുള്ള മായികനഗരത്തിന് മുതല്‍ക്കൂട്ടായി നമ്മുടെ താജ്മഹലുമുണ്ട്.
ആഗ്രയിലെ യഥാർത്ഥ താജ്മഹലിനേക്കാൾ നാലിരട്ടി വലുതാണ്, ദുബായിലെ താജ് അറേബ്യ എന്നു പേരുള്ള ഹോട്ടല്‍. 210000 ചതുരശ്ര അടിയാണ് ഇതിന്‍റെ വിസ്തൃതി. ദുബായിലെ പ്രശസ്തമായ മുഗൾ ഗാർഡൻ ഏരിയയുടെ ഭാഗമായ ഇത് 20 നിലകളുള്ള ഹോട്ടലാണ്, 350 മുറികളും കടകളും ഭക്ഷണശാലകളും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

English Summary: The Taj Mahal is Not Alone. It has Seven Around the World!