‘മസനഗുഡി വഴി ഊട്ടിക്ക്...’, അസ്ലമിന്റെ വിഡിയോ വൈറലാണ്
Mail This Article
‘മസനഗുഡി വഴി ഊട്ടിക്ക് അതിനു ശേഷം മറ്റെന്തും...’എന്നാണ് സമൂഹമാധ്യമങ്ങളിലെ ട്രെൻഡിങ്...എന്തായാലും കുറഞ്ഞ ചെലവില്‍, കൃത്യമായി പ്ലാന്‍ ചെയ്ത് യാത്രകള്‍ ചെയ്യാന്‍ മലയാളികളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ് അസ്‌ലം ഓ എം എന്ന കണ്ണൂര്‍ക്കാരന്റെ വാക്കുകളാണ് ഇൻസ്റ്റഗ്രാമിലെ ട്രെൻഡിങ് വിഡിയോകൾക്ക് ശബ്ദമാകുന്നത്.
അതിങ്ങനെ: ‘‘37 ഹെയർപിൻ ഉള്ള മസിനഗുഡി ചുരം കേറാൻ പോകുകയാണ്. അടിപൊളി ക്ലൈമറ്റാണ്. അടിപൊളി കാഴ്ചകൾ കണ്ട് നേരെ ഊട്ടിയിലേക്ക്. മസിനഗുഡി വഴി നേരെ ഊട്ടിയിലേക്കൊരു യാത്ര അതൊരു വല്ലാത്ത എക്സപീരിയൻസാണ്. ഊട്ടി അഥവാ ഉദകമണ്ഡലം തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണവും നഗരസഭയുമാണ് നീലഗിരി ജില്ലയുടെ ആസ്ഥാനവും ഇതു തന്നെയാണ്. റോഡ് ട്രിപ്പ് ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിർബന്ധമായും പോയിരിക്കേണ്ട റൂട്ടാണ് മസിനഗുഡി വഴി ഊട്ടി. മസിനഗുഡിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ സഞ്ചരിച്ചാൽ 36 ഹെയർപിൻ പിന്നിട്ട് കല്ലട്ടി ചുരം വഴി നമുക്ക് ‘ക്യൂൻ ഓഫ് ഹിൽസ്റ്റേഷൻ’ എന്നറിയപ്പെടുന്ന ഊട്ടിയിൽ എത്തിച്ചേരാൻ പറ്റും. കേരളത്തിൽ നിന്നു വരുന്നവരാണെങ്കിൽ ബന്ദിപ്പൂർ മുതുമല വഴി മസിനഗുഡി വഴി ഊട്ടി അത് വല്ലാത്തൊരു എക്സ്പീരിയൻസാണ്. ഏറെ അപകടം നിറഞ്ഞ യാത്ര ആയതുകൊണ്ടു തന്നെ ഊട്ടിയിലേക്കു വൺ സൈഡ് ട്രാഫിക്കാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്...’’
ഏകദേശം ഒന്നര വർഷം മുൻപ് അസ്‌ലം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ അദ്ദേഹത്തിനു തന്നെ ആളുകൾ ഇപ്പോൾ അയച്ചു കൊടുക്കുകയാണ്.
ഊട്ടിയിലെത്തിയാൽ പോകേണ്ട സ്ഥലങ്ങൾ...
തമിഴ്നാട്ടിലെ പ്രശസ്ത ഹില്‍സ്റ്റേഷനുകളായ ഊട്ടിയും കുനൂരുമെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതും സുപരിചിതവുമായ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. എളുപ്പത്തിലും അധികം ചെലവില്ലാതെയും പോയി വരാം എന്നതിനാല്‍ എല്ലാക്കാലത്തും ഇവിടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണ്.
ഊട്ടിയും കുനൂരുമെല്ലാം പോകുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ അടിപൊളി ഒരു സ്ഥലമാണ് കെട്ടി വാലി വ്യൂപോയിന്‍റ്. ഊട്ടിയിൽ നിന്ന് 4 കിലോമീറ്ററും കൂനൂരിൽ നിന്ന് 12.5 കിലോമീറ്ററും ദൂരെ, നീലഗിരി ജില്ലയിൽ ഊട്ടി - കൂനൂർ റോഡിലാണ് കെട്ടി വാലി വ്യൂ പോയിന്‍റ് സ്ഥിതിചെയ്യുന്നത്. ഊട്ടിയിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ കാണാനുള്ള സ്ഥലങ്ങളിൽ ഒന്നാണിത്. പേര് സൂചിപ്പിക്കുന്നതു പോലെ, നീലഗിരിയിലെ ഏറ്റവും വലിയ താഴ്‌വരയായ കെട്ടി താഴ്‌വരയുടെയും പരിസരപ്രദേശങ്ങളുടെയും മോഹനകാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
ഇന്ത്യയിലെ ജനവാസമുള്ള രണ്ടാമത്തെ ഏറ്റവും വലിയ താഴ്‌വരയാണ് കെട്ടി വാലി. ചുറ്റുമുള്ള നീലമലനിരകളുടെയും അവയില്‍ നിന്നും പുകപോലെ പടരുന്ന മഞ്ഞിന്‍റെയും പച്ചപ്പിന്‍റെ കടല്‍ പോലെ പരന്നുകിടക്കുന്ന താഴ്‌വരയുടെയും മായികദൃശ്യം യൂറോപ്പിനെ കവച്ചുവയ്ക്കാന്‍ പോന്നത്ര സുന്ദരമാണ്.
ജൈവവൈവിധ്യവും ധാരാളം വെള്ളച്ചാട്ടങ്ങളുമെല്ലാം ഈ പ്രദേശത്തുണ്ട്. ടോഡസ്, ബഡഗാസ് തുടങ്ങിയ നിരവധി ഗോത്രങ്ങളുടെ ആസ്ഥാനമായ കെട്ടി വാലിയില്‍ ഇവരുടെ പച്ചക്കറി, പഴത്തോട്ടങ്ങളും ധാരാളം കാണാം. ഫാമിലി പിക്നിക്കിനും ഫോട്ടോഷൂട്ടിനുമെല്ലാം ഏറെ അനുയോജ്യമാണ് ഇവിടം. താഴ്‌വരയില്‍ മറ്റെല്ലാം ഹില്‍സ്റ്റേഷനുകളെയും പോലെതന്നെ സൂര്യോദയവും അസ്തമയവും സുന്ദരമായ അനുഭവമാണ്. ഈ സമയത്ത് എമറാൾഡ് ടീ പ്ലാന്റേഷന്‍റെ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ നടക്കാം. ധാരാളം സഞ്ചാരികള്‍ എത്തുന്ന മറ്റൊരിടമാണ് തിരക്കേറിയ സിറ്റി മാർക്കറ്റ്. ഇവിടെ നിന്നും ഗിഫ്റ്റുകള്‍ വാങ്ങാം. കൂടാതെ ധാരാളം ഫൈൻ-ഡൈനിങ് റസ്റ്ററന്റുകൾ, കഫേകൾ, ഷോപ്പുകൾ എന്നിവയും ഇവിടെയുണ്ട്. അടുത്തുള്ള മറ്റു കാഴ്ചകള്‍ കെട്ടി താഴ്‌വരയിൽ നിന്ന് 9.7 കിലോമീറ്റർ അകലെയാണ് രാജ്യത്തെ ഏറ്റവും വലിയ റോസ് ഗാർഡൻ സ്ഥിതിചെയ്യുന്നത്. 20,000-ലധികം വർണാഭമായ സസ്യങ്ങളും 2800-ലധികം ഇനം റോസാപ്പൂക്കളും ഇവിടെയുണ്ട്.
കൂനൂരിലെ മറ്റൊരു പ്രശസ്തമായ സ്ഥലമാണ് സിംസ് പാർക്ക്. കെട്ടി വാലിയിൽ നിന്ന് 11 കിലോമീറ്റർ മാത്രം അകലെയാണ് പാർക്ക്. ഇവിടെ ഫോട്ടോഷൂട്ടിനും ബോട്ടിങ്ങിനുമെല്ലാം സൗകര്യമുണ്ട്. ഇവ കൂടാതെ, കെട്ടി താഴ്‌വരയിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള ഊട്ടി തടാകം, 11 കിലോമീറ്റര്‍ ദൂരത്തിലുള്ള തണ്ടര്‍വേള്‍ഡ് തീംപാര്‍ക്ക്, ട്രെക്കിങ്, ക്യാംപിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്ക് പറ്റിയ ദൊഡ്ഡബെട്ട കൊടുമുടി എന്നിവയും സെന്റ് സ്റ്റീഫൻസ് ചർച്ച്, ഊട്ടി ഗോൾഫ് കോഴ്‌സ്, പൈക്കര തടാകം, സ്റ്റോൺ ഹൗസ്, നീലഗിരി മൗണ്ടൻ റെയിൽവേ, മാരിയമ്മൻ ടെമ്പിൾ എന്നിവയുമെല്ലാം സന്ദര്‍ശിക്കാം. എങ്ങനെ എത്തിച്ചേരാം? കൂനൂരിൽ നിന്ന് ഏകദേശം 15 മിനിറ്റും ഊട്ടിയിൽ നിന്ന് 20 കിലോമീറ്ററും അകലെയാണ് കെട്ടി വാലി, ടാക്സിയിലോ ഷെയർ ക്യാബിലോ എളുപ്പത്തിൽ എത്തിച്ചേരാം. കോയമ്പത്തൂർ രാജ്യന്തര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. ഇവിടെ നിന്നും ടാക്സി സര്‍വീസ് ലഭ്യമാണ്.