ADVERTISEMENT

വാക്കുകളിലല്ല, പ്രവൃത്തിയിലാണ് കാര്യമെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ഭാര്യയും  സസക്സിലെ പ്രഭ്വിയുമായ മേഗന്‍ മാര്‍ക്കിള്‍. ദക്ഷിണാഫ്രിക്ക സന്ദര്‍ശനത്തിനിടെ, വാചകക്കസര്‍ത്തുകള്‍ ക്കപ്പുറം മാറ്റത്തിനുവേണ്ടി ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ തന്നെ മേഗന്‍ തീരുമാനിച്ചു. തീരുമാനം നടപ്പാക്കുകയും ചെയ്തു. സ്ത്രീകള്‍ ഇന്നും അടിച്ചമര്‍ത്തപ്പെടുകയും പീഡനങ്ങള്‍ക്കു വിധേയരാവുകയും ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. നിറത്തിന്റെയും വര്‍ഗത്തിന്റെയും ലിംഗത്തിന്റെയുമെല്ലാം അടിസ്ഥാനത്തില്‍ വിവേചനമുണ്ട്. ഇത് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ പ്രമുഖരെ നേരിട്ടുകണ്ട് ആശയവിനിമയം നടത്തി വ്യക്തമായ പദ്ധതി തയാറാക്കുകയാണ് മേഗന്റെ ലക്ഷ്യം. 

പാര്‍ലമെന്റംഗങ്ങള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെ മേഗന്‍ ചര്‍ച്ചയ്ക്കു വിളിച്ചു. അവരില്‍നിന്ന് രാജ്യത്തിന്റെ യഥാര്‍ഥ സ്ഥിതി ചോദിച്ചറിയുകയും ചെയ്തു. ഒപ്പം വിവിധ മേഖലകളില്‍ സ്ത്രീകളുടെ നേട്ടത്തിനു കാരണക്കാരായവരെ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. 1956-ല്‍ വര്‍ണവിവേചനത്തിനെതിരെ നടന്ന മനുഷ്യാവകാശ പോരാട്ടത്തില്‍ 20,000 സ്ത്രീകളുമായി മാര്‍ച്ച് നടത്തിയ സോഫി വില്യംസ് ഡിബ്രുയന്‍, പാര്‍ലമെന്റിലെ പ്രായം കുറഞ്ഞ വനിത അംഗങ്ങളിലൊരാളായ നോംപെന്‍ഡുലോ മകാഷ്‍വാ, ഗണിതശാസ്ത്രത്തില്‍ രാജ്യത്തുനിന്ന് ആദ്യമായി ഡോക്ടറേറ്റ് നേടിയ വനിതയായ മമോക്തി ഫകേങ് എന്നിവരെയാണ് മേഗന്‍ ആദരിച്ചത്. ഇവരില്‍നിന്ന് രാജ്യത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. 

മാറ്റത്തിനുള്ള ഒരേയൊരു വഴി പ്രത്യാശ നിറഞ്ഞ പോരാട്ടം മാത്രമാണെന്നാണ് മേഗന്‍ ഇവരോട് പറഞ്ഞത്. വിവേചനങ്ങള്‍ക്കെതിരെയുള്ള സമരത്തില്‍ താനും ബ്രിട്ടിഷ് രാജകുടുംബവും ഒപ്പമുണ്ടെന്നുള്ള ഉറപ്പും. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹാരി രാജകുമാരനും കുടുംബവും ദക്ഷിണാഫ്രിക്കയില്‍ രാജകീയ സന്ദര്‍ശനത്തിന് എത്തിയത്. എത്തിയ ദിവസം മുതല്‍ തിരക്കിട്ട പരിപാടികളിലാണ് രാജകുടുംബം. ഡെസ്മണ്ട് ടുടു ഉള്‍പ്പെടെയുള്ള നേതാക്കളെ കാണുമ്പോഴും മേഗന്‍ ശ്രദ്ധ പതിപ്പിച്ചത് സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളിലും അവ അവസാനിപ്പിക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികളിലും. 

ശനിയാഴ്ച 19-ാം വയസ്സില്‍ യിനേന്‍ എന്ന യുവതി ദാരുണമായി കൊല്ലപ്പെട്ട സ്ഥലവും മേഗന്‍ സന്ദര്‍ശിച്ചിരുന്നു. യുവതിയുടെ അമ്മയെ നേരിട്ടുകണ്ട് ആശ്വസിപ്പിക്കുകയും ചെയതു. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായി ഈ സന്ദര്‍ശനത്തെ മേഗന്‍ രേഖപ്പെടുത്തുകയും ചെയ്തു. സന്ദര്‍ശനത്തിലുടനീളം ഒരു അമ്മയെന്ന നിലയിലും സഹോദരിയായും പ്രദേശവാസികളിലൊരാളായും തന്നെ കാണണമെന്ന് മേഗന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. 

എവിടെയെത്തുമ്പോഴും അവിടുത്തുകാരില്‍ ഒരാളായി വേഗം തന്നെ മേഗന്‍ തന്നെ മാറുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞദിവസം  സ്ത്രീകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കാംഫെഡ് എന്ന സംഘടനയുടെ പ്രതിനിധികളുമായി മേഗന്‍ കൂടിക്കാഴ്ച നടത്തി. ഒന്നരലക്ഷത്തോളം സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന സംഘനടനയാണ് കാംഫെഡ്. വിദ്യാഭ്യാസത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കുക എന്നതാണ് സംഘടനയുടെ നയം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com