തടാകത്തിലേക്കെറിഞ്ഞ സ്വർണക്കൂമ്പാരം! ഇന്നും പിടി തരാതെ മോണ്ടെസുമയുടെ നിധി

Mail This Article
ഭൂമിയിൽ മറഞ്ഞുകിടക്കുന്ന നിധികളെക്കുറിച്ചുള്ള കഥകൾ കൗതുകം നിറഞ്ഞതാണ്. ഒട്ടേറെ സാഹസികരെ നിധി അന്വേഷിച്ചുപോകാനും ഇത്തരം കഥകൾ പ്രേരിപ്പിച്ചിട്ടുണ്ട്. ഇത്തരം കഥകളിൽ വളരെ പ്രശസ്തമാണു മോണ്ടെസുമയുടെ നിധിയെക്കുറിച്ചുള്ള കഥ. വർഷം 1520. മെക്സിക്കോയിൽ ആസ്ടെക് ചക്രവർത്തിയായ മോണ്ടെസുമയെ സ്പാനിഷ് പട്ടാളമേധാവി ഹെർനാണ്ടോ കോർട്ടസും സംഘവും വധിച്ചു. മൂന്നു നഗരരാജ്യങ്ങൾ ചേർന്നതായിരുന്നു ആസ്ടെക് സാമ്രാജ്യം.
തലസ്ഥാന നഗരമായ ടെനോക്ടിറ്റ്ലാനിൽ കോർട്ടസിനെതിരെ ആസ്ടെക് യോദ്ധാക്കൾ പൊരിഞ്ഞ യുദ്ധം നടത്തി. പിടിച്ചു നിൽക്കാനാകാതെ കോർട്ടസും സംഘവും മോണ്ടെസുമയുടെ വമ്പിച്ച സമ്പത്ത് കൈക്കലാക്കി കടന്നു. ആസ്ടെക് യോദ്ധാക്കൾ അവരെ പിന്തുടർന്ന് ആക്രമിച്ചു. സമ്പത്ത് ഉപേക്ഷിച്ച് കോർട്ടസും സംഘവും രക്ഷപ്പെട്ടു. ഒരു വർഷത്തിനു ശേഷം കൂടുതൽ കരുത്തനായി കോർട്ടസ് മടങ്ങിവന്നു. കോർട്ടസ് അപഹരിക്കാതിരിക്കാനായി ടെനോക്ടിറ്റ്ലാനിലെ നഗരവാസികൾ, മോണ്ടെസുമയുടെ സമ്പത്ത് ടെസൂക്കോ തടാകത്തിലേക്ക് എറിഞ്ഞു. ഇന്നും തടാകത്തിന്റെ അടിത്തട്ടിലെവിടെയോ ആ വമ്പൻ നിധി മറഞ്ഞുകിടക്കുന്നുണ്ടെന്നാണു വിശ്വാസം. ടെനോചിടിറ്റ്ലാൻ ഇന്നറിയപ്പെടുന്നത് മെക്സിക്കോ സിറ്റി എന്നാണ്, ആധുനിക മെക്സിക്കോയുടെ തലസ്ഥാനം.
എന്നാൽ ഈ തടാകത്തിൽ നിന്നും നിധി ആസ്ടെക്കുകൾ പിന്നീട് പുറത്തെടുത്തെന്നും അത് അവർ വടക്കോട്ടു വഹിച്ചുകൊണ്ടുപോയെന്നും മറ്റൊരു കഥയുമുണ്ട്. ഇന്നത്തെ യുഎസിലേക്കാണ് ഇതു കൊണ്ടുപോയതെന്നും വിശ്വസിക്കുന്നവരുണ്ട്. ധാരാളം പര്യവേക്ഷകർ ഈ നിധിക്കായി തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. എന്നാൽ ഇങ്ങനെയൊരു നിധിയില്ലെന്നും ഇതു കെട്ടുകഥയാണെന്നും വാദിക്കുന്ന ചരിത്രകാരൻമാരുമുണ്ട്.