മലയാളി വയോധികയ്ക്ക് സാന്ത്വനവുമായി ക്യുഎംസിഎച്ച്

Mail This Article
ചെന്നൈ ∙ അനാഥത്വവും രോഗവും മൂലം വലയുന്ന മലയാളി വയോധികയ്ക്കു സാന്ത്വന സ്പർശമേകി ഖാഇദെ മില്ലത്ത് സെന്റർ ഫോർ ഹ്യുമാനിറ്റി (ക്യുഎംസിഎച്ച്). പ്രമേഹം മൂർച്ഛിച്ചതു മൂലം ഒരു കാൽ മുറിച്ചു മാറ്റിയതിനെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന അയപ്പാക്കം നിവാസി ലീലയെ കുറിച്ചുള്ള മനോരമ വാർത്തയുടെ അടിസ്ഥാനത്തിലാണ് എഐകെഎംസിസി തമിഴ്നാട് ഘടകത്തിന്റെ പാലിയേറ്റീവ് സ്ഥാപനമായ ക്യുഎംസിഎച്ചിന്റെ ഭാരവാഹികൾ ലീലയെ സന്ദർശിച്ചത്.
നോർക്ക സ്പെഷൽ ഓഫിസർ അനു പി.ചാക്കോയും ഇക്കാര്യം ഇവരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എഐകെഎംസിസി പ്രതിനിധികളായ മുഹമ്മദലി ഹാജി, സൈഫുദ്ദീൻ നടുത്തൊടി, ഗഫൂർ പാടി എന്നിവരും ക്യുഎംസിഎച്ചിന്റെ ഡോക്ടർ, നഴ്സ് എന്നിവരടങ്ങുന്ന പാലിയേറ്റീവ് സംഘവുമാണ് ലീലയെ വീട്ടിലെത്തി കണ്ടത്. ഭക്ഷണക്കിറ്റ്, യൂറിനറി ട്യൂബ് അടക്കമുള്ള വൈദ്യ സഹായം എന്നിവ നൽകുമെന്നും മാസത്തിൽ രണ്ടു തവണയെങ്കിലും പാലിയേറ്റീവ് സംഘം സന്ദർശിക്കുമെന്നും ഉറപ്പു നൽകി.