ഫെയ്സ്ബുക്കിലെ പരാതി പരിഗണിച്ച് വനിതാ കമ്മിഷൻ; യുവതിക്കു സംരക്ഷണം നൽകാനും ഉത്തരവിട്ടു

Mail This Article
കാക്കനാട്∙ ഫെയ്സ്ബുക്കിലൂടെ ഗാർഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്കു സഹായവുമായി സംസ്ഥാന വനിതാ കമ്മിഷൻ. പരാതി ഫെയ്സ്ബുക്കിൽ ചർച്ചയായതോടെയാണു കമ്മിഷനംഗങ്ങൾ യുവതിയെ നേരിൽക്കണ്ടു വിശദാംശങ്ങൾ ആരാഞ്ഞത്. ഇന്നലെ നടന്ന അദാലത്തിൽ കേസു പരിഗണിച്ച കമ്മിഷൻ പൊലീസിനോടു റിപ്പോർട്ട് ആവശ്യപ്പെട്ടു.
യുവതിക്കു സംരക്ഷണം നൽകാനും ഉത്തരവിട്ടു. ചോറ്റാനിക്കരയിൽ സ്ഥിരമായി സ്ത്രീകളെ ശല്യം ചെയ്യുന്ന വ്യക്തിക്കെതിരെ അന്വേഷണം നടത്താനും കമ്മിഷൻ പൊലീസിനു നിർദേശം നൽകി. പ്രദേശത്തെ 13 സ്ത്രീകളാണു വനിതാ കമ്മിഷനു പരാതി നൽകിയത്. പല പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ ഇതേ പ്രശ്നത്തിൽ കേസുണ്ട്. ഇവിടങ്ങളിൽ നിന്നെല്ലാം റിപ്പോർട്ട് ലഭ്യമാക്കി നടപടിയെടുക്കാനാണു കമ്മിഷന്റെ തീരുമാനം.
സ്വത്തു കൈക്കലാക്കിയ ശേഷം പ്രായമായ അമ്മയെ ഒറ്റയ്ക്കാക്കിയ മകനെതിരെയുള്ള പരാതി ആർഡിഒ അന്വേഷിക്കും. ലഹരി വിൽപന സംഘം നാട്ടിൽ ചിലരെ അപകീർത്തിപ്പെടുത്തുന്ന ലഘുലേഖകൾ വിതരണം ചെയ്യുന്നുവെന്ന പരാതിയും അന്വേഷിക്കും. 55 കേസുകളാണ് ഇന്നലെ പരിഗണിച്ചത്. വനിത കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ, അംഗങ്ങളായ എം.എസ്.താര, ഇ.എം.രാധ, ഷിജി ശിവജി, ഡോ.ഷാഹിദ കമാൽ, ഡയറക്ടർ വി.യു.കുര്യാക്കോസ് തുടങ്ങിയവരാണ് പരാതികൾ കേട്ടത്.