കുഴുപ്പിള്ളി ബീച്ചിലും ഫ്ലോട്ടിങ് ബ്രിജ് തുറന്നു; ചെലവ് 1.30 കോടി രൂപ
Mail This Article
വൈപ്പിൻ∙ ബീച്ചുകൾ അടക്കം പ്രാദേശിക വിനോദ സഞ്ചാര വികസന സാധ്യതകൾ മുതലെടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിനൊപ്പം സാഹസിക വിനോദസഞ്ചാര പദ്ധതികൾ പ്രോത്സാഹിപ്പിക്കുമെന്നും 1.30 കോടി ചെലവിൽ നിർമിച്ച ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിജ് കുഴുപ്പിള്ളി ബീച്ചിൽ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിസന്ധിക്കു ശേഷം ആഭ്യന്തര വിനോദസഞ്ചാരികളുടെ കാര്യത്തിൽ വൻവർധനയാണ് ഇക്കൊല്ലം ഉണ്ടായത്. അടുത്തവർഷം ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടൽ. പ്രാദേശിക വിനോദസഞ്ചാര പദ്ധതിക്കുള്ള വർധിച്ച സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിന്റെ തുടക്കം എന്ന നിലയിലാണ് ബീച്ചുകളിലേക്ക് വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ ബീച്ചുകൾ ഉള്ള എല്ലാ ജില്ലകളിലും ഫ്ലോട്ടിങ് ബ്രിജുകൾ ആരംഭിക്കുന്നത്.
വിവിധ ജില്ലകളിൽ ഇത്തരം ബ്രിജുകൾ ഇതിനകം പ്രവർത്തനം ആരംഭിച്ചു. ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ വൈകാതെ തുറക്കും. പ്രാദേശിക തലത്തിൽ വിനോദ സഞ്ചാര പദ്ധതികളുമായി മുന്നോട്ടു വരുന്നവർക്ക് പ്രോത്സാഹനം നൽകും.
കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കൊച്ചി മേയർ എം.അനിൽകുമാർ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ജില്ലാ പഞ്ചായത്ത് അംഗം എം.ബി.ഷൈനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സാജിത്ത്,കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.നിബിൻ, കുഴുപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജയ്സൺ, ഡിടിപിസി സെക്രട്ടറി പി.ജി.ശ്യാം കൃഷ്ണൻ, തീരദേശ പരിപാലന അതോറിറ്റി അംഗം എ.പി.പ്രിനിൽ, സഹോദരൻ അയ്യപ്പൻ സ്മാരകം സെക്രട്ടറി ഒ.കെ.കൃഷ്ണകുമാർ, പഞ്ചായത്ത് അംഗം വിപിന അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
വിനോദസഞ്ചാര വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ഫ്ലോട്ടിങ് ബ്രിജ് യാഥാർഥ്യമാക്കിയത്. 100 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള പാലം ഉന്നത നിലവാരത്തിലുള്ള പോളി എത്തിലിൻ ബ്ലോക്കുകൾ ഉപയോഗിച്ചാണ് നിർമിച്ചത്.
ഒരേസമയം 50 പേർക്ക് വരെ പ്രവേശിക്കാം. ഒരാൾക്ക് 120 രൂപയാണ് പ്രവേശന ഫീസ്. ഇരുവശങ്ങളിലും സുരക്ഷാ വേലിയോടു കൂടിയ പാലത്തിൽ ലൈഫ് ജാക്കറ്റ് ധരിച്ചു മാത്രമാണ് പ്രവേശനം. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം ഇല്ല. പരിശീലനം ലഭിച്ച ലൈഫ് ഗാർഡുമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.