ഉയരപ്പാത നിർമാണം: കരാർ കമ്പനി പരിശോധന നടത്തി; സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കും

Mail This Article
അരൂർ ∙ തുറവൂർ–അരൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ കമ്പനി അധികൃതർ തയാറായി. ഇന്നലെ അരൂർ മുതൽ തുറവൂർ വരെയുള്ള 12.75 കിലോമീറ്ററിൽ കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനിയുടെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. സുരക്ഷാസംവിധാനം പാലിക്കാതെ ജോലി ചെയ്യാൻ ശ്രമിക്കുന്ന തൊഴിലാളികൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
എന്നാൽ ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടത്തിനു കാരണം ക്രെയിൻ ഓപ്പറേറ്ററുടെ വീഴ്ചയാണെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. കൂടുതൽ അന്വേഷണത്തിനുള്ള നീക്കത്തിലാണ് കുത്തിയതോട് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രെയിൻ ഒാപ്പറേറ്റർ യുപി സ്വദേശി അമിത് കുമാറിനെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മരിച്ച ബിഹാർ സ്വദേശി സെയ്ദ് ആലാമിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി പോസ്റ്റ്മോർട്ടത്തിനു ശേഷം എറണാകുളം അമൃത ആശുപത്രിയിൽ മോർച്ചറിയിലേക്ക് നീക്കി. ഇന്നു മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോകും.