നിത്യ ചൈതന്യ സ്വരൂപിയായി ചാലോട് ഗോവിന്ദാംവയൽ മഹാവിഷ്ണു ക്ഷേത്രം

Mail This Article
ചാലോട്∙ ചിരപുരാതനമായ ക്ഷേത്രമാണ് ചാലോട് ഗോവിന്ദാം വയൽ മഹാവിഷ്ണു ക്ഷേത്രം. ഋഷിവര്യന്മാരാൽ പ്രതിഷ്ഠിക്കപ്പെട്ടതും ബ്രാഹ്മണർ ആചാര്യത്വവും ഊരാളത്വവും വഹിച്ചിട്ടുള്ള ഏകദേശം 3 നൂറ്റാണ്ടു മുൻപ് പൂർണ നാശം സംഭവിച്ചതുമായ ഈ ക്ഷേത്രം പുനരുദ്ധാരണത്തിനു ശേഷം 38 വർഷം പിന്നിട്ടിരിക്കുന്നു. ഭക്തജനങ്ങൾക്ക് ആവശ്യമായ ഒട്ടേറെ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. കല്യാണ മണ്ഡപവും ഊട്ടുപുരയും നിർമാണം പുരോഗമിക്കുന്നു.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ മഹാവിഷ്ണുവാണ്. ഇത്തരത്തിലുള്ള അപൂർവം പ്രതിഷ്ഠകളിൽ ഒന്നായി ഇതു കരുതപ്പെടുന്നു. ഏറെക്കാലം നാശോന്മുഖമായിരുന്ന ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിന്റെ തറ ഒഴികെ എല്ലാം നഷ്ടപ്പെട്ടിരുന്നു. പ്രദേശത്തെ ഏതാനും അയ്യപ്പ ഭക്തരും സ്ഥലവാസികളും സ്ഥലം വൃത്തിയാക്കി പ്രാർഥനയിൽ ഏർപ്പെട്ടതോടെയാണ് ക്ഷേത്ര പുനരുദ്ധാരണം എന്ന ആശയം രൂപപ്പെട്ടത്.
1984ൽ എം.ശ്രീധരൻ പ്രസിഡന്റായി രൂപീകൃതമായ കമ്മിറ്റിയാണ് ക്ഷേത്ര പുനരുദ്ധാരണത്തിനു തുടക്കം കുറിച്ചത്. തന്ത്രി പൂന്തോട്ടത്തിൽ പുടയൂരില്ലത്ത് ബ്രഹ്മശ്രീ പാൺഡുരംഗൻ പുടവരുടെ കാർമികത്വത്തിൽ പ്രതിഷ്ഠ നടത്തുകയുണ്ടായി. മഹാവിഷ്ണു, ഗണപതി, സുബ്രഹ്മണ്യൻ, ദുർഗ, ദക്ഷിണാ മൂർത്തി, അയ്യപ്പൻ എന്നിവയാണ് പ്രതിഷ്ഠകൾ.ഇവിടത്തെ ഉത്സവം ഏറെ പ്രസിദ്ധമാണ്. ഈ വർഷത്തെ ഉത്സവം 21നു കൊടിയേറി. 8 ദിവസത്തെ പരിപാടികളുണ്ട്. 28ന് ആറാട്ട് എഴുന്നള്ളത്തോടെയാണ് ഉത്സവം സമാപിക്കുക. ഉത്സവ ഭാഗമായി 26ന് ചാലോട് നഗരത്തിൽ ഗജവീരന്റെ അകമ്പടിയോടെ നടത്തുന്ന ഭഗവാന്റെ നഗര പ്രദക്ഷിണം ഏറെ പ്രസിദ്ധമാണ്.
ഉത്സവ നാളുകളിൽ ആധ്യാത്മിക പ്രഭാഷണം, തിടമ്പ് നൃത്തം നൃത്തനൃത്യങ്ങൾ, ഭജന എന്നിവ ഉണ്ട്. എക്കോട്ടില്ലത്ത് ഗോവിന്ദരാജ് നമ്പൂതിരി, വിനോദ് നമ്പൂതിരി എന്നിവരാണ് മേൽശാന്തിമാർ. ക്ഷേത്ര ഭരണ സമിതിയും ഉത്സവാഘോഷ സമിതിയും സംയുക്തമായാണ് ഉത്സവം നടത്തുന്നത്. ക്ഷേത്ര സമിതി പ്രസിഡന്റ് കെ.അശോകനും സെക്രട്ടറി പി.വി.സുരേശനുമാണ്. അഡ്വ. മനോജ്കുമാർ (വൈസ് പ്രസി), ഇ.സജീവൻ (ട്രഷറർ), സി.എച്ച്.വത്സലൻ (ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ), കെ.പി.മുരളി (കൺവീനർ) എന്നിവർ പ്രവർത്തിക്കുന്നു.