ഡിആർഎം സഞ്ചരിച്ച ട്രെയിനിന് കല്ലേറ്: യുപി സ്വദേശി അറസ്റ്റിൽ

Mail This Article
കണ്ണൂർ ∙ പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ (ഡിആർഎം) സഞ്ചരിച്ച പ്രത്യേക ട്രെയിനിനു കല്ലെറിഞ്ഞ സംഭവത്തിൽ അതിഥിത്തൊഴിലാളി അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി ധർമേന്ദ്ര ശിഹാനിയെയാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്. കല്ലേറിൽ ജനൽച്ചില്ല് തകർന്നിരുന്നു. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ പാപ്പിനിശ്ശേരിക്കു സമീപമാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്.
പാലക്കാട് ഡിആർഎം അരുൺകുമാർ ചതുർവേദി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരാണ് പ്രത്യേക ട്രെയിനിൽ ഉണ്ടായിരുന്നത്. അമൃത്‌ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മംഗളൂരു, പയ്യന്നൂർ തുടങ്ങിയ സ്റ്റേഷനുകൾ സന്ദർശിച്ചു മടങ്ങുമ്പോഴായിരുന്നു കല്ലേറ്. ആർപിഎഫും പൊലീസും നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിലായത്. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് ആർപിഎഫ് പറഞ്ഞു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.