കൂലി വാങ്ങാതെ വീടുപണി; 500 ദിനങ്ങൾ പൂർത്തിയാക്കി വൈറ്റ് ആർമി
Mail This Article
കാഞ്ഞങ്ങാട് ∙ പണമില്ലാതെ ആരുടെയും വീടുപണി മുടങ്ങരുത്. കാഞ്ഞങ്ങാട് അരയിയിലെ ഒരുപറ്റം യുവാക്കൾ 2012ൽ എടുത്ത പ്രതിജ്ഞയാണിത്. അന്നു മുതൽ അവധി ദിവസങ്ങൾ ഈ യുവാക്കൾക്കു പ്രവൃത്തിദിനങ്ങളായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ വീടുകളിലെത്തി കൂലി വാങ്ങാതെ കല്ലും മണ്ണും ചുമന്നും കോൺക്രീറ്റ് പണി വരെ ചെയ്തും തുടങ്ങിയ ‘അരയിയിലെ വൈറ്റ് ആർമി’ സംഘത്തിന്റെ സേവനം ഇപ്പോൾ പിന്നിട്ടത് 500 ദിനങ്ങൾ.
ഇക്കാലയളവിൽ പൂർത്തിയാക്കിയത് 200 വീടുകളാണ്. ഇതിൽ 45 വീടുകളുടെ മുഴുവൻ പണിയും ഇവർ തന്നെ ഏറ്റെടുത്തു പൂർത്തിയാക്കി. ഇവർ 500 ദിവസം പണിയെടുത്ത കൂലി നോക്കിയാൽ ലക്ഷങ്ങൾ വരും. 30 പേരടങ്ങുന്ന സംഘം പല ഷിഫ്റ്റായാണു സേവനത്തിനിറങ്ങുന്നത്. ദിവസം 10 പേർ എന്ന കണക്കിൽ 750 രൂപ കൂലിയിൽ 500 ദിവസം പണിയെടുത്താൽ 37.50 ലക്ഷം രൂപ വരും.
പരസ്പരം സഹകരിച്ച് നാടിന് തണല്‍
600 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിന്റെ നിർമാണത്തിനു പണിക്കൂലി മാത്രം 1.25 ലക്ഷം രൂപ വരും. പാവപ്പെട്ട കുടുംബത്തിന് ഇതൊരു വലിയ തുകയാണ്. ഈ തുകയാണ് ഓരോ കുടുംബത്തിനും ഇവർ സൗജന്യമായി പണിയെടുത്ത് നൽകുന്നത്. രാവിലെ ആറിന് ഇവർ ജോലി സ്ഥലത്തെത്തും. വൈകിട്ടോടെ മടങ്ങും. 2012 മുതൽ ഒരു ഞായറാഴ്ച പോലും ഇവർ സേവനം ഒഴിവാക്കിയിട്ടില്ല. ഞായറാഴ്ചയ്ക്ക് പുറമേ അവധി ദിവസങ്ങളിലും ഇവർ വീട് നിർമാണത്തിന് പോകുന്നു.
ഒരോരുത്തരും ഭാരവാഹികൾ
2012ൽ സംഘത്തിലെ സുഹൃത്തുക്കൾ പരസ്പരം വീടുപണിയിൽ സഹായിച്ചാണു തുടക്കം. ആ സഹകരണം പിന്നീടു നാടിനു തണലായി മാറുകയായിരുന്നു. വീടിന്റെ അറ്റകുറ്റപ്പണി, വീടിനോട് ചേർന്നു ശുചിമുറി നിർമാണം എന്നിവയെല്ലാം ഇവർ ചെയ്തു നൽകുന്നു.വൈറ്റ് ആർമിക്ക് ഭാരവാഹികൾ ഇല്ല. ഒരു രൂപ പോലും ഇവർ ആരിൽ നിന്നു സഹായമായി വാങ്ങിയിട്ടില്ല. ആകെ സ്വീകരിച്ചത് പണിയെടുക്കുമ്പോൾ ധരിക്കാനുള്ള ടീ ഷർട്ടുകൾ മാത്രം. ഒരു ഞായറാഴ്ച പണിക്കു വരാൻ പറ്റാത്തവർ അടുത്ത പണിക്കു വരും. പാണത്തൂർ മുതൽ ചെറുവത്തൂർ വരെ ഇവർ വീട് പണിക്ക് പോയിട്ടുണ്ട്. പി.പി.സുരാസുവാണ് വീട് പണിക്ക് നേതൃത്വം നൽകുന്നത്. പി.നാരായണനാണ് വീട് നിർമാണത്തിൽ വൈറ്റ് ആർമിയുടെ മേസ്തിരി.