കുടിലിലെത്തിയ ഭാഗ്യദേവത; രാഘവന്റെ ഒറ്റമുറി കുടിലിലേക്ക് 70 ലക്ഷം

Mail This Article
ബന്തടുക്ക∙ ഒറ്റമുറിക്കുടിലിൽ ഭാഗ്യദേവത എത്തി. ഇനി രാഘവന് ആരുടെയും ആശ്രയമില്ലാതെ അടച്ചുറപ്പുള്ള വീട് നിർമിക്കാം. കുറ്റിക്കോൽ പഞ്ചായത്തിലെ മാണിമൂല ആലാക്കാട്ടടുക്കം എ.രാഘവനെയാണ് (47) ഭാഗ്യദേവത അനുഗ്രഹിച്ചത്. ഒട്ടേറെ വർഷമായി ഒറ്റമുറി വീട്ടിൽ കഴിയുന്ന രാഘവന്റെ സ്വപ്‌നമായിരുന്നു ഒരു കുഞ്ഞ് വീട്. എന്നാൽ ഇനി ആ സ്വപ്‌നം യാഥാർത്ഥ്യമാകും. ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിലാണു ഭാര്യ ടി.ശ്രീജയും മക്കളായ എ.കെ.അഭിഷേകും ശ്രീലക്ഷ്മിയും കഴിയുന്നത്.
ഞായറാഴ്ച നടന്ന അക്ഷയ ഭാഗ്യക്കുറിയുടെ 70 ലക്ഷമാണ് രാഘവൻ എടുത്ത ടിക്കറ്റിനു ലഭിച്ചത്. ബന്തടുക്ക ജെ.കെ ലോട്ടറി ഏജൻസിയിലെ സബ് ജീവനക്കാരൻ എം.കൃഷ്ണനിൽ നിന്ന് 12 ടിക്കറ്റാണ് എടുത്തത്. അതിൽ എഎൻ 528455 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തെങ്ങുകയറ്റ തൊഴിലാളിയായി ഉപജീവനം നടത്തുന്ന ഇദ്ദേഹം 12 വർഷമായി ഭാഗ്യക്കുറി ടിക്കറ്റ് എടുക്കുന്നുണ്ട്. സമ്മാനാർഹമായ ടിക്കറ്റ് കേരള ഗ്രാമീണ ബാങ്ക് ബന്തടുക്ക ബ്രാഞ്ചിൽ ഏൽപിച്ചു.