ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമാണം ഡിസംബറിൽ ?
Mail This Article
നീലേശ്വരം ∙ നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിനു കേരള അർബൻ ആൻഡ് റൂറൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ 14.53 കോടിയുടെ വായ്പ അനുവദിച്ചതോടെ ശേഷിക്കുന്ന നടപടികൾ പൂർത്തിയാക്കി കെട്ടിട നിർമാണം ഡിസംബർ മാസത്തോടെ തുടങ്ങാൻ ആലോചന.9% പലിശയ്ക്കാണ് നഗരസഭയ്ക്ക് വായ്പ അനുവദിച്ചത്. ഇതിനായി കോർപറേഷൻ നിഷ്കർഷിച്ച നിബന്ധനകൾ കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗം അംഗീകരിച്ചിരുന്നു.
പദ്ധതി വിഹിതമായി 1.61 കോടി രൂപ നഗരസഭ കണ്ടെത്തണം. 2026ൽ പണി പൂർത്തീകരിക്കണം. വായ്പയെടുക്കുന്നതിനു മുന്നോടിയായി കെയുആർഡിഎഫ്സി അംഗീകരിക്കുന്ന ബാങ്കിൽ നഗരസഭ സെക്രട്ടറിയും കോർപറേഷൻ മേധാവിയും അക്കൗണ്ട് തുറന്ന് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ മുഴുവൻ വരുമാനവും ഇതിലേക്കു നിക്ഷേപിക്കണം. ബസ് സ്റ്റാൻഡ് സമുച്ചയത്തിലെ ലേല നടപടികളിൽ നിന്നു കിട്ടുന്ന നിക്ഷേപത്തുകയിൽ 2.62 കോടി രൂപ കോർപറേഷനിലേക്കു തിരിച്ചടക്കണമെന്നും വ്യവസ്ഥയുണ്ട്. അതിനിടെ കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. 4 പേരാണ് രംഗത്തുള്ളത്.
5 കോടിക്കു മുകളിലുള്ള നിർമാണ പ്രവർത്തനമായതിനാൽ കരാർ എടുക്കുന്നവരുടെ സാമ്പത്തിക ശേഷിക്കൊപ്പം സാങ്കേതികമായ കാര്യക്ഷമതയും പരിശോധിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികൾ ഇപ്പോൾ തിരുവനന്തപുരത്തെ തദ്ദേശസ്ഥാപന വകുപ്പ് ചീഫ് എൻജിനീയറുടെ പരിഗണനയിലാണ്. നിലവിലെ ബസ് സ്റ്റാൻഡിന് അഭിമുഖമായാണ് നഗരസഭയുടെ 92 സെന്റ് സ്ഥലത്ത് 36, 500 ചതുരശ്ര അടിയിൽ 3 നിലകളോടു കൂടിയ പുതിയ കെട്ടിടം നിർമിക്കുക.