കഴിഞ്ഞ രാത്രിയിലും അപകടം; സൂക്ഷിക്കണം; പഴയചിറയിൽ റോഡിൽ അപകടക്കുഴി

Mail This Article
പുത്തൂർ ∙ മെയിൻ റോഡിൽ പഴയചിറ ജംക്‌ഷനിൽ റോഡിലെ ഗട്ടർ വാഹന യാത്രികർക്ക് കെണിയാകുന്നു. കഴിഞ്ഞ രാത്രി കുഴിയിൽ പെട്ട് സ്കൂട്ടർ മറിഞ്ഞ് യാത്രികനു പരുക്കേറ്റു. അതേ രാത്രിയിൽ തന്നെ കുഴിയിൽ പെട്ട് നിയന്ത്രണം വിട്ട കാർ റോഡരികിലേക്ക് പാഞ്ഞു കയറിയെങ്കിലും ഭാഗ്യം കൊണ്ട് അപകടം ഉണ്ടായില്ല. പകൽ സമയത്തും ഇവിടെ ഇരുചക്ര വാഹന യാത്രികർ അപകടത്തിൽ പെടുന്നതായി സമീപവാസികൾ പറഞ്ഞു. പാങ്ങോട്–ശിവഗിരി റോഡിന്റെ ഭാഗമായതിനാൽ ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയ റോഡാണിത്. മിക്ക വാഹനങ്ങളും വേഗത്തിലാണ് കടന്നു പോകുന്നത്. അടുത്ത് എത്തുമ്പോഴാണ് പലരും റോഡിനു കുറുകെയുള്ള ഗട്ടർ കാണുന്നത്. വേഗത്തിൽ എത്തി ഗട്ടറിൽ ചാടിയാലും പെട്ടെന്നു ബ്രേക്കിട്ടാലും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് അപകടത്തിനു കാരണം.
ഞാങ്കടവ് ശുദ്ധജല പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനു വേണ്ടി മാസങ്ങൾക്ക് മുൻപാണ് മെയിൻ റോഡ് മുറിച്ച് കുഴിയെടുത്തത്. പൈപ്പ് സ്ഥാപിച്ച് കുഴി മൂടിയെങ്കിലും റോഡ് റീടാറിങ് നടത്തി പൂർവസ്ഥിതിയിൽ ആക്കിയില്ല. ഗതാഗതത്തിരക്ക് ഏറിയ റോഡിൽ വാഹനങ്ങൾ തുടർച്ചയായി പോകുന്നതിനാൽ മണ്ണ് ഇളകിമാറി കുഴി രൂപപ്പെടുകയായിരുന്നു. മഴയെത്തിയതോടെ ഇരുവശത്തുമുള്ള കുഴികളുടെ ആഴം കൂടുകയും ചെയ്തു. വെള്ളം കെട്ടി നിൽക്കുന്നതിനാൽ ആഴമറിയാതെ കുഴിയിൽ ചാടുന്നതും ഇരുചക്ര വാഹന യാത്രികർക്ക് കെണിയാകുന്നു. അപകടം തുടർക്കഥ ആയതോടെ ഇരുവശത്തെയും കുഴികളിൽ ട്രാഫിക് കോണുകൾ വച്ച് മുന്നറിയിപ്പു നൽകിയിരിക്കുകയാണ് പൊലീസ്.