ജലനിധിക്ക് ജീവശ്വാസം

Mail This Article
പുത്തൂർ ∙ നാടിന്റെ ജലനിധിയായ പാങ്ങോടുചിറയ്ക്ക് നാട്ടുകാരുടെ ഒത്തൊരുമയിൽ പുതുജീവൻ. 4 ഏക്കറോളം വിസ്തൃതിയുള്ള ചിറയിൽ പാങ്ങോട് ശ്രീകൃഷ്ണ ക്ഷേത്രക്കടവിലെയും കുളിക്കടവുകളിലെയും ആഫ്രിക്കൻ പായൽ നീക്കം ചെയ്യുന്ന ഭഗീരഥപ്രയത്നം പൂർത്തിയായ സന്തോഷത്തിലാണ് ചിറ നവീകരണ യജ്ഞത്തിൽ പങ്കാളികളായ യുവാക്കളും നാട്ടുകാരും. ഒരു ടണ്ണിലേറെ പായലാണ് ഇവർ കോരി മാറ്റിയത്. കുഴിക്കല്ലിടവക ക്ഷേത്രോദ്ധാരണ സമിതിയാണു ചിറ വൃത്തിയാക്കുന്നതിനു കരക്കാരുടെ സഹായം തേടിയത്.
യുവാക്കളുടെ നേതൃത്വത്തിൽ സംഘം ചേർന്ന് ആളെത്തിയതോടെ ഓരോ ദിവസവും ചിറയിലെ ജലം കൂടുതൽ തെളിമയാർന്നതായി മാറുകയായിരുന്നു. എന്നാൽ ചിറയുടെ ഒരു ഭാഗം മാത്രമാണു പായലിൽ നിന്നു മോചിപ്പിക്കാനായത്. മറ്റു ഭാഗങ്ങളിൽ വലിയതോതിൽ പായൽ മൂടിയിട്ടുണ്ട്. പടിഞ്ഞാറു ഭാഗത്തു ചെളി മൂടിക്കിടക്കുന്നതിനാൽ ജലസംഭരണ ശേഷിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതു കൂടി കോരി മാറ്റിയാൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.
ചിറയിലെ പായലും ചെളിയും കോരി മാറ്റി സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കണം എന്ന ആവശ്യത്തിനു കാലങ്ങളുടെ പഴക്കമുണ്ട്. പക്ഷേ ഇതു വരെ അധികൃതരുടെ ഭാഗത്തു നിന്നു നടപടി ഉണ്ടായിട്ടില്ല. തെളിനീർ കൊണ്ടും ജലപ്പരപ്പു കൊണ്ടും ജില്ലയിലെ തന്നെ ശ്രദ്ധേയമായ ജലസ്രോതസ്സുകളിൽ ഒന്നാണ് പാങ്ങോട് ചിറ. വേനൽക്കാലത്ത് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ ആശ്രയിക്കുന്ന ചിറയാണിത്. എത്ര കടുത്ത വേനലിലും തെളിനീർ സ്രോതസ്സായി നിലനിൽക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.