പായലും പൊന്തയും മൂടി മാലിന്യക്കുളമായി മാറിയ പാണ്ടറ ചിറയ്ക്കു ശാപമോക്ഷം

Mail This Article
പുത്തൂർ ∙ പായലും പൊന്തയും മൂടി മാലിന്യക്കുളമായി മാറിയ പാണ്ടറ ചിറയ്ക്കു ശാപമോക്ഷം. ജില്ലാ പഞ്ചായത്തിന്റെ സുജലം പദ്ധതിയിലൂടെ നവീകരിച്ച ചിറ ഇന്നു വൈകിട്ട് 5.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ നാടിന് സമർപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ അധ്യക്ഷത വഹിക്കും. നികുതി ഉൾപ്പെടെ 31.4 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ചിറ നവീകരണത്തിന് അനുവദിച്ചത്. കൽക്കെട്ട് ഇടിഞ്ഞു ചെളിയും മാലിന്യങ്ങളും നിറഞ്ഞു തീർത്തും ഉപയോഗശൂന്യമായ നിലയിലായിരുന്നു ചിറ. ഇതെത്തുടർന്നാണു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമലാൽ മുൻകയ്യെടുത്തു സുജലം പദ്ധതിയിൽ ചിറ ഉൾപ്പെടുത്തിയത്. ഈ വർഷം ഏപ്രിൽ 7ന് ആയിരുന്നു നവീകരണ ഉദ്ഘാടനം.
തുടർന്ന് ചിറ വറ്റിച്ച് അനുവദനീയമായ ആഴത്തിൽ ചെളി നീക്കം ചെയ്തു സംരക്ഷണ ഭിത്തികൾ പുനർ നിർമിക്കുകയും വശങ്ങളിൽ ഗ്രില്ല് സ്ഥാപിക്കുകയും ചെയ്തു. പുറത്തു നിന്നു മലിനജലം ചിറയിലേക്ക് ഒഴുകി എത്താത്ത വിധം ചുറ്റും കൽക്കെട്ടു നിർമിച്ചു. ഇന്റർലോക്ക് പാകി നടപ്പാതയും ഒരുക്കിയിട്ടുണ്ട്. വൈദ്യുത ബൾബുകളും ഇരിപ്പിടങ്ങളും സ്ഥാപിക്കുന്നത് ഉൾപ്പെടെ ചിറയുടെ സൗന്ദര്യവൽക്കരണത്തിനു മറ്റൊരു പദ്ധതി പരിഗണനയിലാണെന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറിയിച്ചു. സോയിൽ കൺസർവേഷൻ ഓഫിസിനായിരുന്നു നവീകരണത്തിന്റെ ചുമതല.