ഇക്കോ കോംപ്ലക്സ്: ഹാബിറ്റാറ്റിനെ ഒഴിവാക്കി മറ്റൊരു കമ്പനിക്കു കരാർ നൽകി

Mail This Article
ആയൂർ ∙ വനംവകുപ്പിന്റെ ആയൂരിലുള്ള ഇക്കോ കോംപ്ലക്സിന്റെ നിർമാണ പ്രവർത്തനങ്ങളിൽ നിന്നു ഹാബിറ്റാറ്റിനെ ഒഴിവാക്കി മറ്റൊരു കമ്പനിക്കു കരാർ നൽകി. ഇനിയും പകുതിയോളം നിർമാണം പൂർത്തിയാകാനുണ്ട്. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാതെ ഇഴഞ്ഞു നീങ്ങിയതിനാലാണു ഹാബിറ്റാറ്റിനെ ഒഴിവാക്കി മറ്റൊരു കമ്പനിക്കു കരാർ നൽകിയതെന്നും പറയുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണം എങ്ങും എത്താതിരുന്നത് കടുത്ത പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. ആയൂർ ടൗണിന്റെ മുഖഛായ തന്നെ മാറ്റുന്ന പദ്ധതിയാണ് ഇഴഞ്ഞു നീങ്ങുന്നത്.
നിർമാണം മുടങ്ങിയതോടെ ഇവിടെ സാമൂഹിക വിരുദ്ധരുടെ ശല്യം വർധിക്കുകയും പിന്നീട് പ്രദേശം വേലി കെട്ടി സംരക്ഷിക്കുകയും ചെയ്തിരുന്നു. വനംവകുപ്പിന്റെ ഓഫിസുകൾ, ടൂറിസം ഇൻഫർമേഷൻ സെന്റർ, വനവിഭവ വിപണന, പ്രദർശന കേന്ദ്രം, അതിഥികൾക്കു താമസിക്കുന്നതിനുള്ള മുറികൾ, കോൺഫറൻസ് ഹാൾ, ഡോർമിറ്ററി, വാഹന പാർക്കിങ് എന്നീ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. നിർമാണം പൂർത്തിയാക്കുന്നതിനായി ഏകദേശം 97.8 ലക്ഷം രൂപയുടെ കരാർ നൽകിയതായാണു വിവരം.