ഏരൂർ ചിറ റെഡി; ഇനി നീന്തൽ പരിശീലനമാകാം...

Mail This Article
ഏരൂർ ∙ നീന്തൽ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം എന്ന് ഇടയ്ക്കിടെ അധികൃതർ പറയാറുണ്ടെങ്കിലും ഇതിനു യോജ്യമായ ജലാശയങ്ങൾ കിട്ടാനില്ലെന്നതാണു പ്രധാന പോരായ്മയായി പറയുന്നത്. എന്നാൽ, അതിന് ഉതകുന്ന മനോഹരമായ ചിറ ഏരൂരിൽ ഉണ്ട്. ആധുനിക രീതിയിൽ പുനർനിർമിച്ച ഈ ജലാശയം നീന്തൽ പരിശീലന കേന്ദ്രമാക്കിയാൽ പ്രദേശത്തെ പുതിയ തലമുറയ്ക്കു മുതൽക്കൂട്ടാകും. മധ്യവേനൽ അവധിക്കാലത്തും ഈ ജലാശയം വറ്റാറില്ല എന്നതാണു പ്രത്യേകത. പണ്ടു നെൽക്കൃഷി ഉണ്ടായിരുന്ന കാലത്ത് വടക്കേവയൽ ഏലായുടെ തലക്കുളമായിരുന്നു ഇത്. കൃഷി നിലച്ചതോടെ ചിറ സംരക്ഷണമില്ലാതെ നശിച്ചു. പിന്നീട് തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയും വിവിധ ഫണ്ടുകൾ ഉപയോഗിച്ചും നവീകരിച്ച് എടുത്തതാണ്. പടവുകൾ, കൈവരി, ജലനിരപ്പ് നിയന്ത്രിക്കാൻ ഷട്ടർ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിനാണു സംരക്ഷണ ചുമതല. വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടായാൽ ഇതു മികച്ച നീന്തൽ പരിശീലന കേന്ദ്രമാക്കാൻ കഴിയും.