ചിറ്റുമല ചിറ: ജലനിരപ്പ് ഉയർന്നു; ഷട്ടറുകൾ തകരാറിൽ, ആശങ്ക

Mail This Article
കിഴക്കേ കല്ലട∙ ശക്തമായ മഴയെത്തുടർന്നു കുണ്ടറ ചിറ്റുമല ചിറയിലെ ജലനിരപ്പ് ഉയർന്നതോടെ സമീപവാസികൾ ആശങ്കയിൽ. ഷട്ടറുകൾ പ്രവർത്തനരഹിതമായതോടെ ജല നിരപ്പ് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്. മഴയിൽ പവിത്രേശ്വരം, പുത്തൂർ ഭാഗങ്ങളിൽ നിന്നും വെള്ളം ഒഴുകി എത്തിയതോടെയാണ് ചിറയിൽ ജലനിരപ്പ് ഉയർന്നത്. ചിറ കവിഞ്ഞ് ചീപ്പിനു മുകളിലൂടെ ഒഴുകിയത്തോടെ മൈനർ ഇറിഗേഷൻ ജീവനക്കാർ ഷട്ടർ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഇന്നലെ രാവിലെ 8.30ഓടെ ജീവനക്കാരും നാട്ടുകാരും ചേർന്ന് നടപ്പാലത്തിന്റെ വശത്ത് സ്ഥാപിച്ചിരുന്ന പലകകളിൽ രണ്ടെണ്ണം ഇളക്കിമാറ്റി വെള്ളം തുറന്ന് വിടുകയായിരുന്നു.
നിയന്ത്രണം ഇല്ലാതെ വെള്ളം താഴേക്ക് ഒഴുകുന്നത് അമ്പി, മൂഴിയിൽ തോടുകളുടെ കരകളിൽ താമസിക്കുന്നവർക്കും ഭീഷണിയാണ്. അടിയന്തര സന്ദർഭം ഉണ്ടായാൽ ഇളക്കി മാറ്റിയ പലകകൾ പെട്ടെന്നു പുനഃസ്ഥാപിക്കാൻ കഴിയില്ല. ഇതും ആശങ്ക പരത്തുന്നു. ചിറയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നത് ചിറവരമ്പിനു ഭീഷണിയാണ്. ബണ്ട് തകർന്നാൽ ജനവാസ മേഖലയിൽ വെള്ളം കയറുകയും ഏക്കർ കണക്കിന് നെൽക്കൃഷി നശിക്കുകയും ചെയ്യും. കാലപ്പഴക്കത്താൽ ബണ്ടിന് ബലക്കുറവ് വരാൻ സാധ്യത ഏറെയാണ്.
കാലോചിതമായി അറ്റകുറ്റപ്പണികൾ ചെയ്യാത്തതിനാലാണ് ഷട്ടറുകൾ പ്രവർത്തനരഹിതമായത്. കുണ്ടറ മൈനർ ഇറിഗേഷൻ ഓഫിസിന്റെ പരിധിയിലാണ് ചിറ്റുമല ചിറ. വേനലിൽ ചിറയിലെ വെള്ളം കുറഞ്ഞിട്ടും ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ വകുപ്പ് നടപടി സ്വീകരിച്ചില്ല. കഴിഞ്ഞ ഒരു വർഷമായി കുണ്ടറയിൽ മൈനർ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ഇല്ലായിരുന്നു. രണ്ട് മാസം മുൻപ് മാത്രമാണ് പുതിയ എഇയെ നിയമിച്ചത്. അതുവരെ കൊല്ലം എഇയ്ക്ക് ആയിരുന്നു അധിക ചുമതല. ചിറയിൽ ജലനിരപ്പ് താഴ്ന്നാൽ മാത്രമേ ഷട്ടറുകൾ നന്നാക്കാൻ കഴിയൂ. ജലനിരപ്പ് താഴുന്ന മുറയ്ക്ക് ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നു മൈനർ ഇറിഗേഷൻ കുണ്ടറ എഇ അറിയിച്ചു. വകുപ്പ് ഫണ്ടിന് കാലതാമസം നേരിടുന്നതിനാൽ എംഎൽഎ, കലക്ടർ ഫണ്ടുകൾക്കു വേണ്ടി അപേക്ഷ നൽകുമെന്നും അധികൃതർ പറഞ്ഞു.