കിടങ്ങൂർ പാലം ഷഷ്ടിപൂർത്തി നിറവിൽ

Mail This Article
കിടങ്ങൂർ ∙ മീനച്ചിലാറിലൂടെ ഒഴുകുന്ന വെള്ളത്തിന് ഒരിക്കലും പ്രായമാവില്ല; ഓരോ നിമിഷത്തിലും ഓരോ കടവിലൂടെയും പാലത്തിനടിയിലൂടെയും പ്രവഹിക്കുന്നത് പുതുമയുള്ള ജലമാവും. അതേ തനിമയോടെ, പുതുമയോടെയാണ് ആ പ്രവാഹത്തിനു മുകളിൽ കിടങ്ങൂർ പാലവും. 60 വയസ്സ് ഒരു പ്രായമല്ലെന്ന് പ്രഖ്യാപിക്കും പോലെയാണ് ഇപ്പോഴും പ്രൗഢിയോടെ യാത്രക്കാർക്കു മുൻപിൽ ഈ പാലം നീണ്ടു നിവർന്നു അക്കരെയിക്കരെ കടത്തുന്നത്.
1961 ഡിസംബർ 19ന് മുഖ്യമന്ത്രി എ.പട്ടം താണുപിള്ള തുറന്നുകൊടുത്ത പാലം എത്രയോ പ്രളയങ്ങൾക്കു സാക്ഷ്യം വഹിച്ചു. മീനച്ചിലാറിനു കുറുകെ കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രക്കടവിന് സമീപം കിടങ്ങൂർ - മണർകാട് പാതയിലെ ഉറപ്പാണ് ഈ പാലം. പി.സി.ഐപ്പ്, കെ.വി. ജോർജ് , കെ.സി.ജോസഫ് എന്നിവരാണ് പാലത്തിന്റെ ശിലാഫലകത്തിലുള്ളത്. 293 അടി നീളവും 22 അടി വീതിയുമുള്ള പാലത്തിന്റെ നിർമാണം 4.67 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു.
∙ കാണാം എൻജിനീയറിങ് വൈദഗ്ധ്യം
ഉദ്ഘാടനത്തിനു പിന്നാലെ ആടുന്ന പാലങ്ങളും കുഴിയുന്ന റോഡുകളും പതിവായ ഇന്ന് കിടങ്ങൂർ പാലത്തിന്റെ നിർമാണ വൈദഗ്ധ്യം കൃത്യമാണ്. നൂലുകെട്ടി വലിച്ച് നിർത്തിയതു പോലെ നിരയൊത്തെ കൈവരികൾക്ക് ഇന്നുമില്ല ചായ്‌വും ചരിവും. കലർപ്പില്ലാത്ത കോൺക്രീറ്റും കലർപ്പില്ലാത്ത അനുപാതം എന്നിവ നൽകുന്ന അടിത്തറ തന്നെയാണ് ഇക്കാലമത്രയും തരിമണൽ പോലും അടർന്നു വീഴാതെ നിലനിൽക്കുന്നതിന്റെ രഹസ്യം.
∙ ഉറപ്പിന്റെ തെളിവാണ് ഈ പോസ്റ്റ്
അറുപത് വർഷം പഴക്കം ചെന്ന കിടങ്ങൂർ പാലത്തിൽ 2 ക്ലാംപിന്റെ ഉറപ്പിൽ കൈവരിയിൽ ഉറപ്പിച്ച വൈദ്യുത തൂൺ പാലത്തിന്റെ ദൃഢതയ്ക്ക് തെളിവാണെങ്കിലും ഈ കാഴ്ച അത്ര സുരക്ഷിതമല്ലെന്നാണ് നാട്ടുകാരുടെ പക്ഷം.