നെഞ്ചിനുള്ളിൽ തീയാണ്

Mail This Article
കോട്ടയം∙ വേനൽക്കാലമായാൽ ജില്ലയുടെ നെഞ്ചിൽ തീയാണ്. കഴിഞ്ഞ 3 വർഷത്തിനിടെ ചെറുതും വലുതുമായ 2,142 തീപിടിത്തങ്ങളാണ് ജില്ലയിലുണ്ടായത്. കഴിഞ്ഞ ദിവസം പത്തനംതിട്ട നഗരത്തിലുണ്ടായ തീപിടിത്തം ജില്ലയ്ക്കും മുന്നറിയിപ്പ് നൽകുന്നുണ്ട്. ജില്ലയിൽ വേനൽ കടുക്കുന്നതോടെ തീ പടർന്നുപിടിക്കാറുണ്ട്. നാടിനൊപ്പം കാടും കത്തും. വീട്, പറമ്പ്, വയൽ, മാലിന്യക്കൂമ്പാരം എന്നിവയ്ക്കാണ് കൂടുതലായും തീപിടിക്കുന്നത്. ഉണക്കു കൂടിയതും അശ്രദ്ധമായി തീ കൈകാര്യം ചെയ്യുന്നതുമാണ് പ്രധാന കാരണങ്ങൾ. പടിഞ്ഞാറൻ മേഖലയിൽ പറമ്പുകളിലാണ് തീപിടിത്തമെങ്കിൽ കിഴക്കൻ മലയോര മേഖലയിൽ കാട്ടുതീയാണു പേടിസ്വപ്നം.
കലക്ടറേറ്റിൽ കാലാവധി കഴിഞ്ഞു
ജില്ലയിലെ പകുതിയോളം കെട്ടിടങ്ങളിൽ അഗ്നി നിയന്ത്രണ ഉപകരണങ്ങളില്ല. ഉള്ളതിൽ 10 ശതമാനത്തോളം ഉപകരണങ്ങൾ പ്രവർത്തനക്ഷമവുമല്ല. പുതിയ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ അഗ്നിരക്ഷാ ഉപകരണങ്ങൾ കൃത്യമായി സ്ഥാപിക്കണമെന്നുള്ള നിയമമുണ്ട്. അതിനാൽ മിക്ക കെട്ടിടങ്ങളിലും അഗ്നിരക്ഷാ ഉപകരണമുണ്ടെങ്കിലും പകുതിയും കാലാവധി കഴിഞ്ഞവയോ ഉപയോഗശൂന്യമോ ആണ്. കലക്ടറേറ്റിൽ പോലും കാലാവധി കഴിഞ്ഞ അഗ്നി നിയന്ത്രണ ഉപകരണങ്ങളാണ് ഉള്ളത്. 3 മാസം മുൻപ് ഇവയിൽ പലതിന്റെയും കാലാവധി അവസാനിച്ചതാണ്.
മുൻകരുതൽ
അടിയന്തര ഘട്ടങ്ങളിൽ എവിടെയും ചെല്ലാവുന്ന തരത്തിൽ ചെറുതും വലുതുമായ വാഹനങ്ങൾ അഗ്നിശമന സേനയുടെ ഓഫിസുകളിൽ തയാറാണ്. ജില്ലയിലെ 8 അഗ്നിശമന സേനാ യൂണിറ്റുകളിലായി മുന്നൂറിലേറെ ജീവനക്കാരുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും സാമഗ്രികളും ഇവരുടെ പക്കലുണ്ട്.
കാട്ടുതീയുടെ ചരിത്രം പഠന വിധേയമാക്കി ഫയർ മാനേജ്മെന്റ് പ്ലാൻ ശക്തമാക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ്. തീപിടിത്തം അറിയാനുള്ള സംവിധാനം ഉപഗ്രഹ ജിപിഎസ് വഴി കാര്യക്ഷമമാക്കി. വനം അതിർത്തി ഗ്രാമങ്ങളിലെ നാട്ടുകാരെ ഉൾപ്പെടുത്തി ബോധവൽക്കരണ പരിപാടികൾ നൽകും.
വേണം, കൂടുതൽ ഫയർ സ്റ്റേഷനുകൾ
ജില്ലയിൽ ഏറ്റവും അധികം പേർ ഒരുമിച്ച് കഴിയുന്നതും എത്തുന്നതുമായ സ്ഥലമാണ് മെഡിക്കൽ കോളജ് ആശുപത്രി. വർഷത്തിൽ ശരാശരി 5 തീപിടിത്തം ഉണ്ടാകാറുണ്ടെങ്കിലും മെഡിക്കൽ കോളജിൽ അഗ്നിശമന സേനാ യൂണിറ്റില്ല. 10 കിലോ മീറ്റർ അകലെ കോട്ടയത്തു നിന്നാണ് യൂണിറ്റ് എത്തുന്നത്. മെഡിക്കൽ കോളജ് ആശുപത്രിക്ക് കൂടി പ്രയോജനം ലഭിക്കുന്ന വിധം ഏറ്റുമാനൂരിൽ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്.
കറുകച്ചാൽ, നെടുംകുന്നം മേഖല കേന്ദ്രമാക്കി അഗ്നിരക്ഷാസേനാ നിലയം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും നടപടിയായിട്ടില്ല. എറ്റവും കൂടുതൽ വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നതും പതിവായി തീപിടിത്തം ഉണ്ടാകുന്ന പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടതും വനാതിർത്തി കൂടുതൽ ഉള്ളതുമായ എരുമേലി എന്നിവിടങ്ങളിലും യൂണിറ്റുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളിയിലെ സ്റ്റേഷന് സ്വന്തമായി കെട്ടിടം കണ്ടെത്തേണ്ടതുണ്ട്. ഉദ്യോഗസ്ഥർക്ക് താമസിക്കാനും സൗകര്യം ഇവിടെയില്ല.
മാതൃകയായി എംജി സർവകലാശാല
തീപിടിത്തം ഉണ്ടായാലും എംജി സർവകലാശാലയിലെ ഫയലുകൾ സുരക്ഷിതമാണ്. വർഷങ്ങളായി ഡിഡിഎഫ്എസ് (ഡിജിറ്റൽ ഡോക്യുമെന്റ് ഫയലിങ് സിസ്റ്റം) മുഖേന 98 ശതമാനം ഫയലുകളും സെർവറുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലും പരീക്ഷ ഭവനിലും അഗ്നിരക്ഷാ സംവിധാനങ്ങളുണ്ട്. തീയണയ്ക്കാൻ വെള്ളമെത്തിക്കാൻ പ്രത്യേക പൈപ്പ് കണക്‌ഷനുമുണ്ട്.
തീപിടിത്തം ഉണ്ടായാൽ ജീവനക്കാർക്കു രക്ഷപ്പെടുന്നതിനു കെട്ടിടത്തിന്റെ ഇരു വശങ്ങളിലും 3 വാതിലുകളുമുണ്ട്. തീപിടിത്തം നേരിടുന്നതിന് 24 മണിക്കൂറും സർവകലാശാല സെക്യൂരിറ്റി വിഭാഗവും സജ്ജരാണ്. സെക്യൂരിറ്റി ജീവനക്കാർക്കും അഗ്നിശമന പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. സർവകലാശാല കൂടാതെ റവന്യു വകുപ്പ് ഉൾപ്പെടെയുള്ളവയും ഡിജിറ്റൽ ഡോക്യുമെന്റായാണ് ഫയലുകൾ സൂക്ഷിച്ചിരിക്കുന്നത്.