ലോക്ഡൗൺ തലേന്ന് ‘ഉത്രാടപ്പാച്ചിൽ’; കാറ്റിൽ പറന്ന് നിയന്ത്രണങ്ങൾ

Mail This Article
വടകര ∙ സമ്പൂർണ ലോക്ഡൗൺ തുടങ്ങുന്നതിനു തലേന്ന് നഗരത്തിൽ വൻ തിരക്ക്. കോവിഡ് മാനണ്ഡം പേരിൽ മാത്രമൊതുങ്ങിയ നിലയിലായിരുന്നു ആളുകൾ നിരത്തിലിറങ്ങിയത്. കാറുകളും ഓട്ടോറിക്ഷകളും ബൈക്കുകളുമായിരുന്നു കൂടുതൽ. ആളുകൾ പരമാവധി സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ഇറങ്ങിയതോടെ കടകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. മത്സ്യ മാർക്കറ്റിലും പച്ചക്കറി കടകളിലും തിരക്ക് കൂടുതലായിരുന്നു.
ഓട്ടോറിക്ഷകളിൽ കൂടുതൽ ആളുകളെ കയറ്റുന്നതിനു പൊലീസ് നിയന്ത്രണം കർശനമാക്കി. പക്ഷേ, ബസുകളിൽ കുത്തിനിറച്ച് ആളുകൾ യാത്ര ചെയ്തു. അതേസമയം, ചില റൂട്ടുകളിൽ ഓടിയ ബസിൽ സീറ്റിൽ പോലും ആളില്ലായിരുന്നു. പല ബസുകളും ആളില്ലാത്തതിനാൽ രാവിലെ തന്നെ ഓട്ടം നിർത്തി.
ടൗൺ ഹാൾ – മാർക്കറ്റ് റോഡ്, എടോടി – പുതിയ ബസ് സ്റ്റാൻഡ് റോഡ് എന്നിവിടങ്ങളിൽ റോഡരികിൽ വാഹന പാർക്കിങ് കൂടുതലായിരുന്നു. ഹോട്ടലുകളിൽ പാഴ്സൽ മാത്രമായതു കൊണ്ട് ഭൂരിഭാഗവും അടഞ്ഞു കിടന്നു.തുറന്ന കടകളിൽ കച്ചവടം കുറവായിരുന്നു.