ഇളകിയ ടൈലുകൾ: വാർത്ത സഹിതം വ്യാപാരികളുടെ മുന്നറിയിപ്പ് ബോർഡ്

Mail This Article
വടകര∙ പഴയ സ്റ്റാൻഡിലെ മെയിൻ റോഡിൽ ആളുകളെ വീഴ്ത്തുന്ന നടപ്പാതയിലെ ഇളകിയ ടൈലുകൾ മാറ്റാൻ ഇനിയും നടപടി ആയില്ല. ഇതു സംബന്ധിച്ച് മലയാള മനോരമയിൽ വന്ന വാർത്തയുടെ പകർപ്പ് എടുത്ത് മുന്നറിയിപ്പായി തൂക്കിയിരിക്കുകയാണ് പരിസരത്തെ വ്യാപാരികൾ. ‘ മക്കളേ നോക്കി നടക്കുക. ഇല്ലെങ്കിൽ കയ്യും കാലും പൊട്ടും. അധികാരികൾ കണ്ണ് തുറക്കുന്നത് വരെ ഇതിലേ ശ്രദ്ധിച്ചു നടക്കുക’ എന്നും എഴുതി വച്ചിട്ടുണ്ട്.കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിൽ അംഗം പി.പി.രാജൻ ടൈലുകൾ അപകടം വരുത്തുന്ന കാര്യം ഉന്നയിച്ചിരുന്നു.
പങ്കെടുത്ത പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഉടൻ നന്നാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മറുപടിയും നൽകി. ദിവസങ്ങൾ പിന്നിട്ടിട്ടും നടപടി ഉണ്ടാകാത്തതിലെ പ്രതിഷേധം കൂടിയാണ് വാർത്താ സഹിതം ഉള്ള മുന്നറിയിപ്പ് ബോർഡ്. ഇളകിയ ടൈലിൽ ചവിട്ടിയും അടർന്നു പോയ ഭാഗത്ത് കാല് തട്ടിയും ഒട്ടേറെ പേരാണ് ഇവിടെ വീഴുന്നത്.